ആറില പ്രായത്തിലാണ് നാഗദന്തി തൈകൾ പറിച്ചു നടേണ്ടത്. 50 സെ.മീ. നീളം, വീതി താഴ്ചയിൽ കുഴിയെടുത്ത് മേൽമണ്ണും ഒപ്പം 5 കിലോ ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേർത്ത് കുഴി മൂടി തൽസ്ഥാനത്ത് ഒരു കൂനയായി ഉയർത്തുക. ഈ കൂനയ്ക്ക് ചുരുങ്ങിയത് 20 സെ.മീ. ഉയരമുണ്ടാകണം. കൂനയുടെ നടുവിൽ ഒരു ചെറുകുഴിയുണ്ടാക്കി പറിച്ചുനടേണ്ട തൈ കൂടയോടെ ഇറക്കി വയ്ക്കുക. ബ്ലേഡു കൊണ്ട് കവർ കീറിമാറ്റി ഒരു പാളി നേരിയ മണ്ണിട്ട് തൈ ഉറപ്പിക്കുക.
ആവശ്യത്തിന് നന, ഒന്നോ രണ്ടോ ദിവസത്തെ തണൽ ഇവ വേണം. ഇളം തലപ്പ് മുറിച്ചു കുത്തിയും വളർത്താം. തൈകൾ പറിച്ചുനടാനുള്ള കുഴിയെടുത്ത് കുനയുണ്ടാക്കുന്ന രീതി അവലംബിക്കുക. കൂന നിരത്തി മൂന്നോ നാലോ ഇളംതലപ്പുകൾ മുറിച്ച് കുത്തുക. അതിവേഗം മുളയ്ക്കാനും വളർന്ന് പന്തലിക്കാനും ശേഷിയുള്ള ഒരു ഔഷധിയാണിത്. തെങ്ങിൻതോപ്പിൽ ഇടവിളയായും കൃഷി ചെയ്യാം. ചുരുങ്ങിയത് 2 മീറ്റർ അകലം ക്രമീകരിക്കുന്നത് ആവശ്യാനുസരണമുള്ള വളർച്ചയ്ക്ക് സഹായിക്കും.
നാഗദന്തിയുടെ വിഷാംശം ഉള്ളിൽ ചെന്നാൽ
നാഗദന്തിയുടെ വിഷാംശം ഉള്ളിൽ ചെന്നാൽ ആദ്യമായി ത്രികോല്പക്കൊന്ന കൊടുത്ത് വയറിളക്കണം. പിന്നീട് മധുരസ്നിഗ്ധ പദാർഥങ്ങളായ പാൽ, നെയ്യ് തുടങ്ങിയവയിലേതെങ്കിലും കഴിക്കുക. ശരീരത്തിൽ താന്നിമരത്തിന്റെ പട്ട അരച്ചു പുരട്ടുക.
ശുദ്ധി ചെയ്യേണ്ട വിധം
ചികിത്സ
നാഗദന്തിയുടെ വേര് കട്ടിയുള്ളതും തവിട്ടുനിറത്തോടു കൂടിയതുമാണ്. ഈ വേരും വിഷാംശമുള്ള കായ്, തടി മുതലായ ഭാഗങ്ങളും എടുത്ത് തിപ്പലിപ്പൊടിയും തേനും ചേർത്ത് പുറമേ പുരട്ടി അത് ദർഭപ്പുല്ലിനകത്താക്കി ചുറ്റിക്കെട്ടി അതിനു പുറമേ മണ്ണു കുഴച്ച് പൊതിയുക. ഇത് അഗ്നിയിൽ പാകപ്പെടുത്തിയ ശേഷം നിഴലിൽ ഉണക്കി യെടുത്താൽ നാഗദന്തി ശുദ്ധിയാകുന്നതാണ്.
ഔഷധഗുണങ്ങൾ
ഔഷധത്തിനായി ഉപയോഗിക്കുന്നത് ഇലയും കായും വേരുമാണ്. ഇല കൊണ്ട് ഉണ്ടാക്കിയ കഷായം ആസ്മാരോഗം ശമിപ്പിക്കും. വിത്തിൽ നിന്നെടുക്കുന്ന എണ്ണ 3 മുതൽ 5 തുള്ളി വരെ ഉപയോഗിച്ചാൽ തടഞ്ഞു നിൽക്കുന്ന മൂത്രം പോക്കും; വയറിളക്കവുമുണ്ടാക്കും. അശ്മരി (മൂത്രക്കല്ല്) രോഗത്തിൽ ഇത് പ്രയോഗിക്കാവുന്നതാണ്. സർപ്പവിഷത്തിൽ നാഗദന്തിയുടെ കുരു അരച്ച് അഞ്ജനം ചെയ്യാം. ശരീരത്തിൽ ബാഹ്യമായി ലേപനം ചെയ്താൽ ഉത്തേജകവും ത്വക്കിൽ നിറവ്യത്യാസമുണ്ടാക്കുന്നതുമാണ്.
ഔഷധോപയോഗത്തിൽ നീർവാളത്തിനു പകരമായി ഉപയോഗിക്കുവാൻ നിർദേശിക്കുന്നുണ്ട്. ഇതിന്റെ വേരും വിരേചനത്തിനുപയോഗിക്കും. നാഗദന്തി കഴിക്കുമ്പോൾ ഓക്കാനവും നെഞ്ചുരുക്കവും മറ്റും ഉണ്ടാകുന്നതാണ്. ഇതിന് പ്രതിവിധിയായി സുഗന്ധദ്രവ്യങ്ങൾ ചേർത്ത് കഷായം വച്ച് കഴിക്കണം. ഉള്ളിൽ കഴിക്കാവുന്ന അളവ് വേരിന്റെ ചൂർണം 1 മുതൽ 3 ഗ്രാമും വിത്ത് 125 മുതൽ 250 മില്ലിഗ്രാമും ഇലയുടെ കഷായം 40 മുതൽ 80 മില്ലി ലിറ്ററുമാണ്.