നമ്മുടെ നാട്ടിന്‍പുറങ്ങളിലും കാടുകളിലുമെല്ലാം പിങ്ക് നിറത്തില്‍ പൂക്കളുണ്ടാകുന്ന ഈ ചെടി വളരാറുണ്ട്. മുടി വളരാന്‍ സഹായിക്കുന്ന ആയുര്‍വേദ എണ്ണയായ നീലഭൃംഗാദിയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണിത്
വീടുകളിലും നീലയമരിചേർത്ത എണ്ണ കാച്ചാം
ഈ പ്രത്യേക എണ്ണ തയ്യാറാക്കാന്‍ ഇതില്‍ മറ്റു ചില കൂട്ടുകളും ചേര്‍ക്കുന്നു. കറിവേപ്പില, ചെമ്പരത്തി മൊട്ട് , മയിലാഞ്ചിയില, ഉലുവ, കറ്റാര്‍ വാഴ, ചെറിയ ഉള്ളി, നെല്ലിക്ക എന്നിവയും ഈ പ്രത്യേക എണ്ണക്കൂട്ടില്‍ ചേര്‍ക്കുന്നു. 300 ഗ്രാം വെളിച്ചെണ്ണയ്ക്ക് ഒരു പിടി ഇലകള്‍ എന്നതാണ് കണക്ക്. നീലയമരിയുടെ ഇലയുണ്ടെങ്കില്‍ ഇതും ഒരു പിടി ഇടാം.
ചെമ്പരത്തിപ്പൂവും മൊട്ടും അടക്കം രണ്ടെണ്ണം എടുക്കാം. ചെറിയുളളി , നെല്ലിക്ക 4 എണ്ണം അരിഞ്ഞതും. കറുക ലഭിയ്ക്കുന്നുവെങ്കില്‍ ഇതും ചേര്‍ക്കാം. ഉലുവ വേണമെങ്കില്‍ തലേ ദിവസം വെളളത്തില്‍ ഇട്ടു കുതിര്‍ത്തി വെള്ളം നല്ലതുപോലെ കളഞ്ഞെടുക്കാം. വെള്ളമുണ്ടെങ്കിൽ എണ്ണ കേടാകും. കറ്റാര്‍ വാഴ ഒരു തണ്ടെടുത്ത് ഇതിനുള്ളിലെ ജെല്‍ മാത്രം എടുക്കുക.
എണ്ണ കാച്ചുന്ന വിധം
ആദ്യം ഒരു ചീനച്ചട്ടി അടുപ്പില്‍ വയ്ക്കണം. ഇരുമ്പു ചട്ടിയെങ്കില്‍ കൂടുതല്‍ നല്ലത്. ഇല്ലെങ്കില്‍ ചുവടു നല്ല കട്ടിയുള്ള ചട്ടി മതിയാകും. ഇതില്‍ വെളിച്ചെണ്ണയൊഴിയ്ക്കുക. ഇതിനു മുന്‍പായി ഇലകള്‍, കറ്റാര്‍ വാഴ ജെല്‍, ഉലുവ, നെല്ലി എന്നിവ അരച്ചെടുക്കണം. വെളിച്ചെണ്ണയില്‍ ഈ അരച്ച കൂട്ടു ചേര്‍ത്ത് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. പിന്നീട് അല്‍പം കഴിയുമ്പോള്‍ ചെമ്പരത്തി പിച്ചിയിടുക, ഒപ്പം ഉള്ളി കഷ്ണങ്ങളും. ഇതിട്ടു നല്ലതു പോലെ തിളപ്പിയ്ക്കണം. എണ്ണ തിളച്ച് അടിയിലെ കൂട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ അല്ലെങ്കില്‍ ഇത് കയ്യിലെടുത്താല്‍ മണല്‍ പോലെ തരികളായി മാറുമ്പോള്‍ ഇതാണ് പാകം. എണ്ണ പാകമാകുമ്പോള്‍ ഇതില്‍ കുമിളകള്‍ വരുന്നതു നില്‍ക്കും. തീ കെടുത്തി ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ നീലയമരി പൊടിയിട്ടു നല്ലതു പോലെ ഇളക്കണം. തീ ഓഫാക്കി വേണം, ഇതു ചെയ്യാന്‍. അല്ലെങ്കില്‍ പൊടി പെട്ടെന്നു കരിഞ്ഞു പോകും. നീലയമരിയുടെ ഇലയോ പൂവോ ഫ്രഷായി കിട്ടിയാല്‍ ഇത് മറ്റ് ഇലകള്‍ക്കൊപ്പം അരച്ചെടുക്കാം.
ഈ എണ്ണ ചൂടാറുമ്പോള്‍ അരിച്ചെടുത്ത് ഉപയോഗിയ്ക്കാം. ഇത് ദിവസവും തലയില്‍ പുരട്ടി മസാജ് ചെയ്ത് അര മണിക്കൂര്‍ ശേഷം നാടന്‍ ഷാംപൂ ഉപയോഗിച്ചു കഴുകാം. മുടി വളരാന്‍ മാത്രമല്ല, മുടി കൊഴിച്ചില്‍ മാറാനും മുടി നര ഒഴിവാക്കാനും ഇതേറെ നല്ലതാണ്. മുടിയ്ക്കു കരുത്തും ബലവും നല്‍കുന്നു. താരന്‍ പോലുള്ള മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണിത്. ഇത് സ്ഥിരം തേയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നു. മുടിയ്ക്ക് ഏറ്റവും ചേര്‍ന്ന ചേരുവകളാണ് ഇതിലുള്ളത്. യാതൊരു ദോഷങ്ങളും വരുത്താത്ത ഈ എണ്ണ തലയ്ക്ക് നല്ല തണുപ്പു നല്‍കുന്ന ഒന്നു കൂടിയാണ്. മുടിത്തുമ്പുകള്‍ക്ക് ഏറെ ആരോഗ്യം നല്‍കുന്ന ഒന്നുമാണ്.ഈ എണ്ണ മാത്രം ഉപയോഗിച്ച് മുടി വളർത്തി അവ ഇപ്പോഴും കറുത്ത് തഴച്ചു വളരുകയും ചെയ്യുന്ന നിരവധി പേരുണ്ട് നാട്ടിൻ പുറങ്ങളിൽ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഞ്ഞൾ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നതിൻറെ കാരണമറിയാമോ?