എഴുപത്തഞ്ച് സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ശരാശരി നീളം. ഒരു പയറിൽ 21 ഓളം വിത്തുകൾ. ഇതാണ് വയനാട്ടിലെ കാർകൂന്തൽ പയർ.
ഈ പയർ കൃഷി ചെയ്തു വിജയമാതൃക തീർത്തിരിക്കുകയാണ് കോടഞ്ചേരിചൂരമുണ്ട പാറമല സ്വദേശികളായ രാമത്തിൽ സണ്ണിജോസഫും, കണ്ടത്തിൽ ഷിന്റോ തോമസും
വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയ് കുന്നപ്പിള്ളി, മുൻ പഞ്ചായത്ത് മെമ്പർ അവർ വക്കച്ചൻ പള്ളത്ത്, കോടഞ്ചേരി കൃഷിഓഫീസർ ഷബീർ അഹമ്മദ് കെ. എ,സീനിയർ കൃഷി അസിസ്റ്ററ്റ് റെനീഷ്. എം.എന്നിവർ പങ്കെടുത്തു
പൂർണമായും ജൈവകൃഷി
ഒരേക്കറില്‍ നേന്ത്രവാഴക്ക് ഇടവിളയായി ആരംഭിച്ച കൃഷി വ്യാപിപിക്കാൻ ഉള്ള പരിപാടി യാണ് ഇവർക്ക് .അമ്പാട്ട് പടിയിൽ ഒരക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കളകള്‍ നീക്കം ചെയ്തു. കുമ്മായം ചേര്‍ത്ത് മണ്ണൊരുക്കി രണ്ടാഴ്ചക്ക് വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ഉണങ്ങിപ്പിടിഞ്ഞ കോഴിക്കാഷ്ടം എന്നിവ അടിവളമായി ചേര്‍ത്ത് തടമെടുത്തു.
ഒരു തടത്തില്‍ വെള്ളത്തിൽ കുതിർത്ത 4 വിത്തിട്ടു.കരുത്തുള്ള മൂന്നെണ്ണം മാത്രം നിലനിർത്തി.
ജൈവവള സ്ലറി
ഒരു ബക്കറ്റില്‍ ഒരു കിലോഗ്രാം പച്ചചാണകം , ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വച്ചത് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഈ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ചു ആഴ്ചയിലൊരിക്കല്‍ ഒരു ലിറ്റര്‍ വീതം പയർ തടത്തില്‍ ഒഴിച്ച് കൊടുത്തതിനാൽ നല്ല കരുത്തും പച്ചപ്പും കിട്ടി.വള്ളി പടർന്ന് നെഞ്ചുയരംവന്നാൽ എല്ലാത്തിന്റെയും തല നുള്ളിക്കളഞ്ഞതിനാൽ പുതിയ നിരവധി തലപ്പുകൾ പുതുതായി പൊട്ടിവരിയാനും വളവ് വർധിക്കാനും കാരണമായി.
വയനാട്ടിലെ പാരമ്പര്യ കര്‍ഷകനില്‍ നിന്നും വാങ്ങിയ കാര്‍കൂന്തല്‍ ഇനം പയര്‍വിത്താണ് ഉപയോഗിച്ചത്.ആറില പ്രായമാകുമ്പോഴേക്കും പന്തലൊരുക്കി. രണ്ട് വശത്തും കമ്പ്‌നാട്ടി അതിനു താഴെയും മുകളിലും കയര്‍വലിച്ചുകെട്ടി പയര്‍വള്ളി പടര്‍ന്നുകയറാന്‍ സൗകര്യമൊരുക്കി നാല്‍പത് ദിവസത്തിനു ശേഷം പൂവിടുന്ന പയര്‍ചെടി അറുപതാം ദിവസം മുതല്‍ വിളവെടുത്ത് തുടങ്ങും. മൂന്ന് ദിവസം കൂടുന്തോറും വിളവെടുക്കും. മൂന്നു വിളവെടുപ്പ് കഴിഞ്ഞാല്‍ വിത്തിനുള്ള പയര്‍ പറിക്കാതെ തോട്ടത്തില്‍ സൂക്ഷിക്കും. മൂത്തു പഴുത്ത പയര്‍ മഞ്ഞും ഇളംവെയിലും കൊള്ളിച്ച് ഉണക്കി സൂക്ഷിക്കും. ഇതാണ് പിന്നീടുള്ള ക്യഷിക്ക് ഉപയോഗിക്കുന്നത്.
നാടന്‍ പയര്‍ ഇനങ്ങളില്‍ വലിപ്പത്തില്‍ മുന്നിലാണ് കാർകൂന്തൽ പയറിന്റെ സ്ഥാനം. കൂടുതല്‍ കാലം (രണ്ടര മാസം) വിളവെടുക്കാമെന്നതും രോഗകീടങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാണെന്നതും കാര്‍കൂന്തല്‍ ഇനത്തിന്റെ പ്രത്യേകതയാണ്. സ്വാദേറിയതും പച്ചകലര്‍ന്ന വെള്ള നിറത്തോടു കൂടിയ കലര്‍പ്പില്ലാത്ത ഈ ഇനം ‘കേളു പയര്‍’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
പയറിനെ മുഴുവനും നശിപ്പിക്കുന്ന പ്രധാന കീടമാണ് മുഞ്ഞ. സസ്യത്തിന്റെ ഇലയിലും തൂമ്പിലുനം ഇലയ്ക്കടിയിലും പറ്റിക്കിടന്ന് നീരൂറ്റികുടിക്കുന കറുത്ത കീടമാണിത്. ഇതിനെതിരെ വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിച്ചും, ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും മാറി മാറി ഉപയോഗിച്ചു. കൂടാതെ കീടങ്ങൾക്ക് രോഗം എതിരെ പുകയില കഷായം, വേപ്പിൻകുരു സത്ത്, വെളുത്തുള്ളി കാന്താരി മിശ്രിതം എന്നിവ മാറിമാറി ചർച്ച കൊണ്ട് ഉണ്ട് കീടരോഗബാധ തീരെ ഉണ്ടായിരുന്നില്ല. അതും ഇവർക്ക് ഒരു അനുഗ്രഹമായി.
കോടഞ്ചേരി കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദിന്റെ നേതൃത്വത്തിൽ കൃഷി അസിസ്റ്റൻറ് മാരായ എം.റെനീഷ്, രാജേഷ് കെ സജിത്ത് വർഗീസ് എന്നിവരുടെ സഹായം ഇവർക്കൊപ്പമുണ്ട്.
തയ്യാറാക്കിയത് കെ എ ഷബീർ അഹമ്മദ്
കൃഷിഓഫീസർ കോടഞ്ചേരി കൃഷി ഭവൻ