വീട്ടുവിളപ്പിൽ അനായാസം വിളയിക്കാൻ കഴിയുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട്. കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വരുമാനം തരുന്നത് പാഷൻ ഫ്രൂട്ട് കൃഷിയുടെ പ്രത്യേകതയാണ്. വൈറ്റമിൻ സി, പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ, ഫോസ്ഫറസ് മുതലായവ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് മൂലം ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും പാഷൻ ഫ്രൂട്ട് ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: Farm Tips: വാഴയെ ബാധിക്കുന്ന കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം?
പഴുത്ത പാഷൻ ഫ്രൂട്ടിൽ നിന്നും വിത്ത് വേർപെടുത്തിയെടുക്കുക. ശേഷം ഇത് എട്ടുമണിക്കൂർ സ്യൂഡോമോണാസിൽ മുക്കി വയ്ക്കുക. വിത്തിന്റെ അതേ അളവിൽ വേണം സ്യൂഡോമോണാസ് എടുക്കാൻ. വിത്തിന് മുകളിൽ നിൽക്കുന്ന വിധം വെള്ളം ഒഴിച്ച് എട്ടുമണിക്കൂർ വയ്ക്കുക. ശേഷം മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ നിറച്ച ചട്ടിയിലോ കവറിലോ വിത്ത് പാകുക. ഒരു മാസത്തിന് ശേഷം തൈ മാറ്റി നടാം. ചുവട് ഒന്നിന് അഞ്ച് കിലോ ജൈവവളം നൽകി തൈ പറിച്ചു നടുന്നതാണ് ഉത്തമം. കൂടാതെ കൃത്യമായ ഇടവേളകളിൽ മണ്ണ് അളക്കാനും ശ്രദ്ധിക്കണം. ഇത് ചെടികളുടെ വേരോട്ടം വർധിപ്പിക്കുന്നു.
ചിലർ മരങ്ങളിലും മറ്റു ചിലർ കയറുകൾ കെട്ടി പന്തലുകളായും വള്ളികൾ പടർത്താറുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് പുറത്തിറക്കിയ കാവേരി ഇനം പാഷൻ ഫ്രൂട്ടിന് രോഗപ്രതിരോധശേഷി കൂടുതലാണ്. N34 എന്ന ഇനവും മികച്ച വിളവ് നൽകും. പാഷൻ ഫ്രൂട്ടിൽ നിന്നും നിരവധി മൂല്യ വർധിത ഉൽപ്പന്നങ്ങൾ അനായാസം നിർമിക്കാൻ സാധിക്കും. ഫാഷൻ ഫ്രൂട്ടിന്റെ കയറ്റുമതിക്ക് ധാരാളം സാധ്യതകൾ ഉണ്ട്. വലിയ തോതിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നവർ മതിയായ വിപണന മാർഗങ്ങൾ കൂടി കണ്ടെത്തിയാൽ ലാഭം ഇരട്ടിയാക്കാൻ സാധിക്കും. പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളെ പരിചയപ്പെടാം.
1. ഫാഷൻ ഫ്രൂട്ട് ജാം
ആവശ്യമായ ചേരുവകൾ - പഴുത്ത ഫാഷൻ ഫ്രൂട്ട് -10 എണ്ണം, പഞ്ചസാര
തയ്യാറാക്കുന്ന വിധം - പാഷൻ ഫ്രൂട്ട് മിക്സിയിൽ അടിച്ചെടുത്ത ശേഷം നന്നായി പൾപ്പ് അരിച്ചെടുക്കുക. ശേഷം പൾപ്പ് ചൂടായ പാനിലേക്ക് ഒഴിക്കുക. പൾപ്പ് കുറുകി വരുന്നത് വരെ തുടർച്ചയായി ഇളക്കണം. പൾപ്പ് ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് തുടർച്ചയായി ഇളക്കുക. ജാം പാകമായോ എന്നറിയാൻ ഒരു ചില്ലു ഗ്ലാസിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഒരു തുള്ളി ജാം ഒഴിച്ചു നോക്കാം. ജാം പാകമായെങ്കിൽ അത് വെള്ളത്തിൽ പടരില്ല. നന്നായി തുടച്ചു വൃത്തിയാക്കിയ ചില്ലുപാത്രത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ ജാം സൂക്ഷിക്കാം.
2. പാഷൻ ഫ്രൂട്ട് സ്ക്വാഷ്
ചേരുവകൾ - പാഷൻ ഫ്രൂട്ട് 15 എണ്ണം, പഞ്ചസാര - 750 ഗ്രാം, വെള്ളം 750 ml, രണ്ട് നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം - ആദ്യം വെള്ളവും പഞ്ചസാരയും ചേർത്ത് പാനിയാക്കുക. പാനി ചൂടായി വരുമ്പോൾ അതിലേക്ക് നാരങ്ങാനീര് ഒഴിക്കുക. ശേഷം ഫാഷൻ ഫ്രൂട്ടിന്റെ പൾപ്പ് കൂടി മിക്സ് ചെയ്യുക. തണുത്ത ശേഷം മിക്സ് കുപ്പികളിൽ അടച്ചു സൂക്ഷിക്കാം. ആവശ്യാനുസരണം എടുത്ത് മതിയായ വെള്ളം ചേർത്ത് സ്ക്വാഷ് ഉപയോഗിക്കാം.
3. പാഷൻ ഫ്രൂട്ട് അച്ചാർ
ചേരുവകൾ - പാഷൻ ഫ്രൂട്ട് (മൂക്കാത്തതും പുറംഭാഗം പച്ച നിറത്തിലുള്ളതും ആയിരിക്കണം)- 3 എണ്ണം, ഉപ്പ് - 3 ടീസ്പൂൺ, ഉലുവ- ഒന്നര ടീസ്പൂൺ, ജീരകം- ഒന്നര ടീസ്പൂൺ, കടുക് -ഒന്നര ടീസ്പൂൺ, നല്ലെണ്ണ - 5 ടേബിൾ സ്പൂൺ, ഇഞ്ചി - 3 ടീസ്പൂൺ ചെറുതായി അരിഞ്ഞത്, പച്ചമുളക് -6 എണ്ണം, മുളകുപൊടി - മൂന്ന് ടേബിൾ സ്പൂൺ, വിനാഗിരി - ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം - ഫാഷൻഫ്രൂട്ട് തോടോടുകൂടി ചെറുതായി അരിഞ്ഞ് എടുക്കുക. ശേഷം ഉപ്പ് ചേർത്ത് ഒരു ദിവസം മൂടി വയ്ക്കാം. 5 ടേബിൾ സ്പൂൺ നല്ലെണ്ണയിലേക്ക് കടുക് ഇടുക. ശേഷം ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കാം. ഇവ നല്ല രീതിയിൽ മൂപ്പിച്ച് എടുക്കണം. അതിലേക്ക് മുളകുപൊടി, കുറച്ച് വെള്ളം, വിനാഗിരി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക. അതിലേക്ക് ഉപ്പിട്ട് നുറുക്കിവെച്ച ഫാഷൻ ഫ്രൂട്ട് ചേർക്കുക. മൂന്നു മിനിറ്റ് വേവിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റാം.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ