കൃഷി അറിഞ്ഞുചെയ്താൽ നേട്ടമാണ്. ചെലവ് കൂടിയ വളമോ കീടനാശിനിയോ ഒന്നുമല്ല അതിന് അനിവാര്യമായുള്ളത്. വിളയറിഞ്ഞ്, വിപണിയറിഞ്ഞ് വേണം കൃഷി ചെയ്യേണ്ടത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കൂടാതെ, നമ്മുടെ വീട്ടാവശ്യത്തിന് വിളയിക്കുന്ന ഇനങ്ങളിലായാലും കൃത്യമായ സമയത്ത് ജലസേചനവും വളവും പ്രയോഗിച്ചാൽ, ആരോഗ്യമുള്ള വിളവ് ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കോഴികളുടെ വിരശല്യം മാറ്റി മുട്ട ഉൽപാദനം കൂട്ടാം; നാടൻ പ്രതിവിധികൾ
വിഷരഹിത ഭക്ഷണത്തിനായി വീട്ടിൽ അത്യാവശ്യം പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നവരാണ് നമ്മൾ. ചാണകമോ, ആട്ടിൻകാഷ്ഠമോ, മണ്ണിര കമ്പോസ്റ്റോ ഉപയോഗിച്ച് ജൈവരീതിയാണ് കൂടുതലാളുകളും പിന്തുടരുന്നതും. ഇത്തരത്തിൽ ഒരുപാട് പേർ ജൈവവളമായി ഉപയോഗിക്കുന്ന ഒന്നാണ് ചകിരി കമ്പോസ്റ്റ്.
വിപണിയിലും നല്ല ഡിമാൻഡുള്ള വളമാണിത്. അതിന് തെളിവാണ് പുറത്ത് നിന്ന് വാങ്ങുമ്പോഴുള്ള ചകിരി കമ്പോസ്റ്റിന്റെ വില. പൂന്തോട്ട കൃഷിയ്ക്കായാലും പച്ചക്കറിത്തോട്ടത്തിലേക്കായാലും ചകിരിച്ചോറ് നല്ല ജൈവവളമാണെന്നത് കൂടി ഇത് വ്യക്തമാക്കുന്നു.
ചകിരിച്ചോറിന്റെ ഗുണങ്ങൾ (Benefits of Cocopeat)
ചെടികൾ പുഷ്ടിയോടെ വളരുന്നതിന് മാത്രമല്ല, മണ്ണിലെ വായുസഞ്ചാരം ത്വരിതപ്പെടുത്തുന്നതിനും ഇവ വളരെ പ്രയോജനകരമാണ്. കൂടാതെ, ചെടികൾക്ക് ഈ ജൈവപ്രയോഗം നല്ല ഊർജ്ജം നൽകുന്നു. മണ്ണിന്റെ ഈർപ്പം സൂക്ഷിക്കുന്നതിനും ചകിരിച്ചോറ് കൊണ്ടുള്ള കമ്പോസ്റ്റ് ഗുണകരമാണ്.
ഇതുപോലെ പലവിധ മൂല്യങ്ങളുള്ള ചകിരി കമ്പോസ്റ്റ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇതിനായി എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
ചകിരി കമ്പോസ്റ്റ് വീട്ടിലുണ്ടാക്കാം (Prepare Cocopeat Compost At Home)
ചകിരി കമ്പോസ്റ്റ് ഉണ്ടാക്കുവാൻ പ്രധാനമായി വേണ്ടത് ചകിരി തന്നെയാണ്. വീട്ടാവശ്യത്തിനായി ഉപയോഗിച്ച തേങ്ങയുടെ തൊണ്ടിൽ നിന്നും ചകിരി എടുക്കാവുന്നതാണ്. ഇതിനായി തൊണ്ട് കുറച്ചുദിവസം വെള്ളത്തിൽ മുക്കി വക്കുക. തൊണ്ടിൻറെ കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ, ഇതിൽ നിന്നും വളരെ എളുപ്പത്തിൽ തന്നെ ചകിരിച്ചോറ് എടുക്കുന്നതിനും ഇവ പ്രയോജനപ്പെടും. വെള്ളത്തിൽ മുക്കി വച്ച തൊണ്ടിൽ നിന്നും ചകിരിച്ചോറ് ഇളക്കിയെടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ചകിരിയെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കാവുന്നതാണ്.
ശേഷം കമ്പോസ്റ്റ് തയ്യാറാക്കുന്നതിനായി ഒരു കാർട്ടൂൺ ഷീറ്റ് തറയിൽ വിരിച്ച് അതിലേക്ക് കുറച്ച് ചകിരിച്ചോർ ഇടുക. ചകിരിയുടെ മീതെ ചീമക്കൊന്നയുടെ ഇല നിരത്തണം. ഇതിന് മുകളിൽ പച്ച ചാണകം ഇടുക. ഇതിന് ശേഷം വേപ്പിൻ പിണ്ണാക്ക് ഒരു പിടി വിതറുക. ഇതേ അളവിൽ കടലപ്പിണ്ണാക്കും ചേർക്കുക. എല്ലുപൊടി ലഭ്യമാണെങ്കിൽ അതും കമ്പോസ്റ്റിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇത് 15 ദിവസത്തോളം മാറ്റി വയ്ക്കുക. ഏകദേശം 15- 20 ദിവസമാകുമ്പോഴേക്കും ചകിരി കമ്പോസ്റ്റ് റെഡി.
മണ്ണിലെ വായു സഞ്ചാരത്തിനും വേരോട്ടത്തിനും ജലാംശം നിലനിര്‍ത്തുന്നതിനും മാത്രമല്ല, വേനല്‍ക്കാലത്ത് വിളകളെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ചകിരിച്ചോറ് ഉത്തമമാണ്. ഇവ അടുക്കളത്തോട്ടത്തിലും ഗ്രോബാഗിലെ കൃഷിയ്ക്കുമെല്ലാം കമ്പോസ്റ്റാക്കി ഉപയോഗിക്കാം.