കിഴങ്ങുവർഗത്തിൽ പെട്ട ഭക്ഷണങ്ങൾക്ക് മലയാളിക്കിടയിൽ വലിയ ഡിമാൻഡാണ്. കപ്പയും ചേനയും ചേമ്പും കാച്ചിലും ചെറുവള്ളിക്കിഴങ്ങുമെല്ലാം ഏത് സമയത്ത് വേണമെങ്കിലും കഴിയ്ക്കാൻ നമ്മൾ ഇഷ്ടപ്പെടുന്നു. ഇക്കൂട്ടത്തിൽ എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറ്റവും പ്രിയമേറിയ കിഴങ്ങുവിളയാണ് മധുരക്കിഴങ്ങ്. പേര് സൂചിപ്പിക്കുന്ന പോലെ മധുരം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ, ഈ കിഴങ്ങിന്റെ മധുരം അധികമായി കഴിയ്ക്കാൻ ഇഷ്ടപ്പെടാത്തവരും ചുരുക്കമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വഴുതന നന്നായി വളരാൻ ചക്കക്കുരു കൊണ്ടുള്ള ഈ വിദ്യ അറിയില്ലെങ്കിൽ പറഞ്ഞുതരാം…
മധുരക്കിഴങ്ങിനെ ചില പ്രദേശങ്ങളിൽ ചക്കരക്കിഴങ്ങെന്നും വിളിയ്ക്കുന്നു. നമ്മുടെ അടുക്കളയിലും പറമ്പിലും സ്ഥിര സാന്നിധ്യമായിരുന്നു ഒരുനാൾ വരെ മധുരക്കിഴങ്ങ്. ഫൈബര്‍, അന്നജം പോലുള്ള ഒരുപാട് പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിർമിക്കാൻ വരെ മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. പച്ചയ്ക്ക് പോലും ഈ കിഴങ്ങ് കഴിയ്ക്കാൻ അനുയോജ്യമാണ്.
നമ്മുടെ വീട്ടുവളപ്പിലും കൃഷി ചെയ്ത് വീട്ടാവശ്യത്തിനും കച്ചവടത്തിനുമായെല്ലാം മധുരക്കിഴങ്ങ് കൃഷി ചെയ്യാവുന്നതാണ്. രോഗപ്രതിരോധ ശേഷിയുള്ള മധുരക്കിഴങ്ങിനെ എങ്ങനെ ജൈവരീതിയിൽ കൃഷി ചെയ്യാമെന്നും അതിനുള്ള എളുപ്പവഴികളുമാണ് താഴെ വിവരിക്കുന്നത്.
മധുരക്കിഴങ്ങിന്റെ കൃഷിരീതികൾ (Farming Methods Of Sweet Potato)
മഴയെ ആശ്രയിച്ചാണ് കൃഷിയെങ്കിൽ ജൂണ്‍- ജൂലായ്, സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങൾ തെരഞ്ഞെടുക്കുക. അല്ലാത്ത സമയത്ത്, അതായത് ഒക്ടോബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ഇവയെ നനച്ചും കൃഷി ചെയ്യാവുന്നതാണ്. മധുരക്കിഴങ്ങ് കൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഉചിതം.
കേരളത്തിന് അനുയോജ്യമായ ഇനങ്ങൾ ശ്രീനന്ദിനി, ശ്രീവര്‍ദ്ധനി, ശ്രീരത്‌ന, ശ്രീവരുണ്‍, ശ്രീകനക, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍ എന്നിവയാണ്. കാരണം ഇവ നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നല്ല വിളവ് തരുന്നു. ഇതുകൂടാതെ, ഫലഭൂയിഷ്ഠതയുള്ള കളിമണ്ണിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാം. എന്നാൽ കളിമണ്ണ് കൂടുതലുള്ള മണ്ണും നേര്‍ത്ത പൊടിമണ്ണും തെരഞ്ഞെടുക്കരുത്.
നടീൽ രീതി (Method of Planting)
മധുരക്കിഴങ്ങിന്റെ വള്ളികളും കിഴങ്ങുമാണ് സാധാരണ നടാൻ ഉപോയിഗിക്കുന്നത്. കിഴങ്ങുകളാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായി, അതായത് ഇടതിങ്ങിയ വിധമാണ് കൃഷി ചെയ്യേണ്ടത്. വള്ളികൾക്ക് ഒരു തവാരണ മതിയെന്നതും ശ്രദ്ധിക്കുക.
15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ നിലം ഉഴുത് കുഴികളെടുക്കുക. തുടർന്ന് 30 സെന്റീമീറ്റര്‍ ഉയരവും, 60 സെന്റിമീറ്റര്‍ അകലവുമുള്ള വാരങ്ങളെടുക്കുക. ഇതിൽ മധുരക്കിഴങ്ങിന്റെ കിഴങ്ങോ വള്ളിയോ നടാവുന്നതാണ്.
കീടങ്ങളിൽ നിന്ന് പ്രതിരോധിക്കാം (Resist Pests)
മധുരക്കിഴങ്ങിനെ ആക്രമിക്കുന്ന പ്രധാന ശത്രുക്കൾ തുരപ്പൻ, ചെല്ലി എന്നിവയാണ്. ഇവയെ പ്രതിരോധിക്കാൻ ഫെറമോൺ കെണി, രൂക്ഷ ഗന്ധമുള്ള ഫിഷ് അമിനോ ആസിഡ് എന്നിവ പ്രയോഗിക്കാം. കമ്യൂണിസ്റ് പച്ച ഉപയോഗിച്ച് പുതയിടുന്നതും നല്ല മാർഗമാണ്. കൂടാതെ, തുരപ്പനെ എലിക്കെണി ഉപയോഗിച്ച് തുരത്താം. മധുരക്കിഴങ്ങ് വിളവിന് പാകമായോ എന്ന് അവയുടെ ഇളകൾ നോക്കി മനസിലാക്കാം. ഇലകള്‍ മഞ്ഞളിക്കുന്നത് പാകമായെന്ന് സൂചന നൽകുന്നു. കിഴങ്ങ് മുറിച്ച് നോക്കിയും ഇത് മനസിലാക്കാവുന്നതാണ്. പാകമാകാത്ത കിഴങ്ങുകളിൽ പച്ച നിറം കാണുന്നു.
ഇതിന് പുറമെ, വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വിള നനയ്ക്കുന്നത് വിളവെടുപ്പിനെ സുഗമമാക്കുന്നു. നടീലിന് ഏകദേശം മൂന്നോ നാലോ മാസത്തിനുള്ളിലാണ് മധുരക്കിഴങ്ങിന്റെ സാധാരണ വിളവെടുപ്പ് സമയം.