മലയാളികളുടെ ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ചീനിക്കിഴങ്, ചക്കരക്കിഴങ്, മധുരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളുണ്ടിതിന്. മധുരക്കിഴങ്ങ് പുഴുങ്ങിയതും കട്ടന്‍ചായയും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. ഒരു മിത ശീതോഷ്ണമേഖലാ വിളയായ മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിന് ഏറെ ഗുണങ്ങളുണ്ട്. ശ്രീനന്ദിനി, ശ്രീവര്‍ദ്ധിനി, ശ്രീരത്ന, കാഞ്ഞങ്ങാട്, ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീകനക എന്നിവ ഉല്‍പാദനശേഷി കൂടിയ പുതിയ മധുരക്കിഴങ്ങിന്റെ ഇനങ്ങളാണ്. നല്ല മധുരമുള്ള ഒരു കനിയാണിത്. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണമാണ്. വീടുകളില്‍ നല്ല രീതിയില്‍ ഇത് കൃഷി ചെയ്താല്‍ മികച്ച വിളവ് കിട്ടും.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. ജൂണ്‍-ജൂലായ്,സെപ്റ്റംബര്‍-ഒക്ടോബര്‍ മഴയെ ആശ്രയിച്ചും ഒക്ടോബര്‍-നവംബര്‍, ജനുവരി-ഫെബ്രുവരി വെള്ളം നനച്ചും മധുരക്കിഴങ്ങ് കൃഷിചെയ്യാം. എന്നാല്‍ ഫലഭൂയിഷ്ഠതയുള്ള കളിമണ്ണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്. വള്ളികളും കിഴങ്ങുമാണ് നടീല്‍ വസ്തു. ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്. ചെല്ലിയാണ് മധുരക്കിഴങ്ങില്‍ ധാരാളമായി വരുന്ന കീടം. വളര്‍ച്ചെയെത്തിയ ചെല്ലികള്‍ കിഴങ്ങുകളിലും തണ്ടുകളിലും തുരന്ന് അവയില്‍ പ്രവേശിക്കുകയും മുട്ടയിടുകയും ചെയ്യുന്നു. അവ വളര്‍ന്ന് കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ തിന്നുകയും ചെയ്യും, ഇത്തരത്തിലുള്ള ഭാഗങ്ങള്‍ കയ്പുള്ളതും ഭക്ഷണത്തിന് യോഗ്യമല്ലാത്തതുമായി മാറുന്നു. കീടബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ തലപ്പുകളും കിഴങ്ങുകളും കൃഷിക്കായി തെരഞ്ഞെടുക്കുക.
സാധാരണയായി കൃഷി ചെയ്തു നാലു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നവയാണ് മധുരക്കിഴങ്ങ്. എന്നാല്‍ കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരും. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിന് പാകമായതിന്റെ സൂചനയാണ്. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിന് പാകമായോ എന്നറിയാന്‍ സാധിക്കും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നനയ്ക്കുകയാണെങ്കില്‍ കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായിക്കും. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടണ്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായകരമാകും.
ബന്ധപ്പെട്ട വാർത്തകൾ
കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം
ഉഴുന്ന് കൃഷി ചെയ്യുന്ന രീതികൾ : വിത്ത് മുളപ്പിക്കൽ , തൈ നടൽ, വിളവെടുപ്പ്, സംഭരണം