ചാണകം എങ്ങനെയായാലും ഗുണമുള്ളതാണ്. എന്നാൽ ഉണക്കച്ചാണകത്തേക്കാള്‍ ഗുണം പച്ചച്ചാണകത്തിനാണ്. ചാണകം എത്രയും പുതിയതാണോ അത്രയും ഗുണം കൂടും
പച്ചച്ചാണകത്തില്‍ ബാക്ടീരിയകളെ കൊല്ലുന്ന ബാക്ടീരിയോ ഫേജ് ഉണ്ട്. ഇതു ആറുമണിക്കൂര്‍ വരെമാത്രമേ നിലനില്‍ക്കുകയുള്ളൂ. ഇതിനാല്‍ ചാണകം എത്രയും ഉണങ്ങിപ്പോകുന്നതിന് മുന്‍പ് ഉപയോഗിക്കുകയാണ് നല്ലത്.
നാടന്‍ പശുവും ചാണകവും
ചാണകം എപ്പോഴും നാടൻ പശുവിന്റേതാകുന്നത് നല്ലത്. കാരണം നാടന്‍ പശുവിന്റെ ചാണകത്തിനാണ് ഗുണം കൂടുതല്‍. എന്നാൽ വിദേശ ജനുസുകള്‍ വന്നതോടെ നാടന്‍ പശുക്കൾ കുറഞ്ഞു. അതുകൊണ്ട് നാടൻ പശുവിന്റെ ചാണകവും കിട്ടാതായി.
എന്നാല്‍ ജൈവ കൃഷി വ്യാപകമായതോടെ പലരും നാടന്‍ ഇനങ്ങളെ കണ്ടെത്തി സംരക്ഷിച്ചു വളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. നാടന്‍ പശുവിന്റെ ഒരു ഗ്രാം ചാണകത്തില്‍ 300 കോടി മുതല്‍ 500 കോടിവരെ സൂക്ഷ്മാണുക്കള്‍ ഉണ്ടാകും. എന്നാല്‍ വിദേശ ജനുസുകളുടെ ചാണകത്തില്‍ 70 ലക്ഷം വരെമാത്രമേ സൂക്ഷ്മാണുക്കള്‍ ഉണ്ടാകുകയുള്ളൂ.
ചാണകം തളിക്കുന്ന വിധം
ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുകയായിരുന്നു പണ്ട് കര്‍ഷകര്‍ ചെയ്തിരുന്നത്. ഇതു നല്ല രീതിയില്‍ ഗുണം ചെയ്യും. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഈ രീതി പ്രയോഗിക്കാം.
ഗ്രോബാഗിലും ചാക്കിലും വളരുന്ന ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഫലങ്ങള്‍ കൂടുതല്‍ ലഭിക്കാനും ചാണകം തളിക്കുന്നത് സഹായിക്കും. ചാണകത്തിലെ ലാക്ടിക് ആസിഡും ലാക്ടോ ബാസില്ലസ് ബാക്ടീരിയയും ചെടികള്‍ക്ക് കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി പകരും. മണ്ണിലെ സൂക്ഷ്മാണുക്കള്‍ പെരുകാനും ഇതു സഹായിക്കും. ഇതുമൂലം മണ്ണിരകള്‍ വേഗം കര്‍മ്മനിരതരാകും. എന്നാൽ പച്ച ചാണകം കുമ്മായവും കൂട്ടി മൂടിയിട്ടതിന് ശേഷം ഒരാഴ്ച കഴിഞ്ഞു ചെടികളുടെ മൂട്ടിൽ വിതറാവുന്നതുമാണ് .