വലിയ മുതൽമുടക്കോ , കൃഷിച്ചിലവോ ഇല്ലാത്ത വളർത്താവുന്ന ഒന്നാണ് ചെറുനാരകം , വ്യാവസായിക അടിസ്ഥാനത്തിലും കൃഷി ചെയ്യാം.ഏതു കാലാവസ്ഥയിലും നാരകം നല്ല രീതിയിൽ കായ്ക്കുന്നു .
എന്നാൽ മഴക്കാടുകളും , വെള്ളക്കെട്ടുള്ള പ്രദേശങ്ങളും നാരകകൃഷിക്ക് അത്ര നന്നല്ല . നല്ല ഇളക്കമുള്ള കരമണ്ണാണ് നാരകത്തിന് വളരാൻ ഏറ്റവും ഉത്തമം . അടമഴ തുടങ്ങുന്നതിനു മുൻപ് കൃഷി ഇറക്കുന്നതാവും നല്ലത് ,മെയ് ,ജൂൺ മാസങ്ങൾ തൈകൾ നാടുകയാണെങ്കിൽ പ്ലാറ്റഫോമിൽ വെള്ളം കെട്ടികിടക്കാത്ത തരത്തിൽ വേണം കുഴികൾ നിർമ്മിക്കുവാൻ .
നല്ല ഇളക്കമുള്ള കരമണ്ണിൽ രണ്ടരയടി വീതിയിലും , രണ്ടരയടി താഴ്ചയിലും കുഴികൾ നിർമ്മിച്ച് , അവയിൽ കാൽ ഭാഗം വരെ ഉണക്ക ചാണകമോ , കമ്പോസ്റ്റു വളമോ നിറക്കുക, തുടർന്ന് കുഴിയുടെ മുക്കാൽ ഭാഗത്തിന് മുകളിൽ വശങ്ങൾ ഇടിച്ചിട്ടു മൂടുക , അതിൽ കുഴിയുണ്ടാക്കി 300 ഗ്രാം എല്ലുപൊടിയും 300 ഗ്രാം വേപ്പിൻ പിണ്ണാക്കും ഇട്ടു നാരകതൈകൾ നടുക . കെടുവളം ഉള്ള മണ്ണിലാണെങ്കിൽ തൈകൾ നടുന്നതിനു രണ്ടാഴ്ച മുൻപ് കുമ്മായം വിതറി ഇടുന്നതും നല്ലതാണ് .
ചെടികൾ മണ്ണിൽ വേരുപിടിച്ചു നാമ്പെടുത്തു കഴിയുമ്പോൾ വളരെ കുറച്ചു യൂറിയയും, പൊട്ടാഷും കലക്കിയൊഴിക്കുകയോ ചുവട്ടിൽ ഇട്ടു കൊടുക്കുകയോ ചെയ്യുക.പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കുറഞ്ഞ അളവിൽ രാസവളങ്ങൾ നൽകിയാൽ മതി.
അല്ലെങ്കിൽ ഉറപ്പുള്ള ജൈവ വളങ്ങൾ ഉപയോഗിക്കുക . തൈകൾ നടുമ്പോൾ 25 അടിയെങ്കിലും അകലം പാലിക്കണം. എല്ലാ മൂന്നു മാസം കൂടുമ്പോഴും നാലു ചെടികളുടെ നടുക്ക് കുഴികൾ ഉണ്ടാക്കി ഉണക്ക ചാണകവും കമ്പോസ്റ്റു വളവും ഇടുന്നതു നല്ലതാണ് .അമിത കീടനാശിനി പ്രയോഗങ്ങൾ നാരകത്തിനാവശ്യമില്ല.
എങ്കിലും പുഴുക്കളുടെ ശല്യം കൂടുതലാവുമ്പോൾ വളരെ അളവ് കുറച്ചു നേരിയ തോതിൽ കീടനാശിനികൾ കർഷകരുടെ ഉപദേശം അനുസരിച്ചു നൽകുന്നതും നല്ലതാണ് . വേനൽക്കാലത്തു കൃത്യമായ ജലസേചനം നാരകങ്ങൾക്കു നൽകുക .