പഴയന്നൂരിനെ ചക്ക സമ്പുഷ്ടമാക്കാന്‍ അമൃതം പദ്ധതി. പഴയന്നൂരിനെ സമ്പന്നവും സമ്പുഷ്ടവുമാക്കുന്ന ഒരു പ്രധാന ഘടകമായി മാറുകയാണ് ചക്ക. ചക്കയുടെ മൂല്ല്യവര്‍ദ്ധിത ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഴയന്നൂര്‍ വനിതാ സ്വയംസഹായ സംഘമാണ് അമൃതം പദ്ധതിക്ക് തുടക്കമിട്ടത്. ചക്കയുടെ മൂല്യവര്‍ദ്ധിത ഗുണങ്ങളെ മനസ്സിലാക്കി അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ സബ്സിഡി ഉള്‍പ്പെടെ ആറ് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനത്തോടെയാണ് അമൃതം ആക്റ്റിവിറ്റി ഗ്രൂപ്പ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഗുണനിലവാരമേറിയ ആയിരം തേന്‍വരിക്കാ പ്ലാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യ്തിരുന്നു. പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് പോയതോടെ കൂടുതല്‍ പ്രവര്‍ത്തന പരിപാടികള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി തുടര്‍ന്ന് ഉല്‍പ്പാദനത്തിനും, ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനുമായി ബ്ലോക്ക് അങ്കണത്തില്‍ ചക്ക സംഭരണ യൂണിറ്റും ചക്ക സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. ചക്ക ഉണക്കല്‍, പൊടിക്കല്‍, വറക്കല്‍ എന്നിവയ്ക്കൊപ്പം ചക്കയുടെ വിവിധ ഉല്‍പ്പന്നങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്. കൂടാതെ വിവാഹസദ്യകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചും നല്‍കുന്നുണ്ട്.