ജൂലൈ ഒന്ന് സംസ്ഥാന കൃഷിവകുപ്പ് വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും കൃഷിഭവനുകള്‍ മുഖേന കാര്‍ഷികവിളകള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിന് അന്നേദിവസം സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുകയാണ് കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യം. തെങ്ങ്, വാഴ, റബ്ബര്‍, കുരുമുളക് തുടങ്ങി പ്രധാനപ്പെട്ട 27 വിളകള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കടലാക്രമണം, ഇടിമിന്നല്‍, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങിയ പ്രകൃതിക്ഷോഭം കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കാണ് പദ്ധതിയുടെ സംരക്ഷണം ലഭിക്കുക.
ജൂലൈ ഒന്ന് കഴിഞ്ഞാലും ഏതുദിവസം വേണമെങ്കിലും കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തുന്നതിനും കാര്‍ഷിക വിളകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കുന്നതെന്ന് അധികാരികള്‍ വ്യക്തമാക്കി.