സാധാരണയായി നമ്മുടെ വീടുകളിലൊക്കെ കാണുന്ന ഒരു മരമാണ് മാതളം. ധാരാളം ഔഷധ ഗുണവും, ആരോഗ്യഗുണവുമുള്ള ഒരു പഴമാണിത്. മാതളത്തിൻറെ പഴം മാത്രമല്ല, ഇല, പൂവ്, തൊലി, എന്നിവയും ഔഷധ യോഗ്യമാണ്. അതിസാരത്തിനും വയറുകടിയ്ക്കും നല്ലൊരു മരുന്നാണ് മാതളം. പ്രോട്ടീൻ, നാരുകൾ, കാൽസ്യം, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, എന്നിവ മാതളത്തിൽ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: രുചിയ്ക്കും ആരോഗ്യഗുണങ്ങൾക്കും മാത്രമല്ല ചര്‍മ്മം തിളങ്ങാനും മാതളം അത്യുത്തമം
മാതളം കൃഷി ചെയ്യുമ്പോൾ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് പൂക്കൾ കൊഴിഞ്ഞുപോകുന്നത്. ഇങ്ങനെ പൂക്കൾ കൊഴിഞ്ഞു പോകുന്നത് കാരണം കായ്‌കൾ പിടിക്കാൻ കാലതാമസം ഉണ്ടാകുന്നു. ഉണ്ടാകുന്ന പൂക്കളും കായ്കളും കൊഴിഞ്ഞുപോകുന്നത് സാധാരണ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരമാണ് ഇവിടെ പങ്കു വെയ്ക്കുന്നത്. മാതളതൈ നടുന്നതിനായി രണ്ടടി വീതിയും നീളവുമുള്ള കുഴികളാണ് എടുക്കേണ്ടത്. ഈ കുഴിയിലെ മണ്ണിലേക്ക് ചാരവും കുമ്മായവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്തിളക്കി മൂന്നുദിവസം വെച്ചിരിക്കുക. ബഡ് ചെയ്ത തൈകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ഒന്നര വർഷം കൊണ്ട് കായ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: മാതളത്തോട് - നെഞ്ചു സംബന്ധമായ അസുഖങ്ങൾക്ക്
വിത്ത് മുളപ്പിച്ച തൈകൾ മൂന്നുവർഷത്തോളം എടുക്കും കായ്ക്കാൻ. ചാണകപ്പൊടിയും ആട്ടിൻ കാഷ്ഠവും ഇടയ്ക്ക് വളമായി ചേർത്തുകൊടുക്കാം. ഒന്നര വർഷത്തിനുശേഷം കായ്ക്കുമ്പോൾ അതില് ജീവാമൃതം ചേർത്തുകൊടുക്കാം. മാർച്ച് മാസത്തിൽ പൂവിടുന്ന മാതളം മെയ് അവസാനത്തോടുകൂടി നമുക്ക് വിളവെടുക്കാൻ സാധിക്കും. വിളവ് എടുത്തശേഷം മാതളം പ്രൂണിങ് നടത്തണം. തണ്ട്തുരപ്പൻ പുഴുവിൻറെ ആക്രമണമാണ് മാതളത്തിൽ പ്രധാനമായും ഉണ്ടാകാറുണ്ട്.
മാതളത്തെ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞു നിർത്താം ഇങ്ങനെ ചെയ്യുമ്പോൾ കീടങ്ങളുടെ ആക്രമണത്തിൽ നിന്നും ഒരു പരിധി വരെ കായ്കളെ സംരക്ഷിക്കാം. പഴത്തൊലിയും തേയിലച്ചണ്ടിയും മുട്ടത്തോടും അരച്ച് ഇരട്ടി വെള്ളം ചേർത്ത് മാതളത്തിന് ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്താൽ പൂക്കൾ കൊഴിയുന്നത് ഒരു പരിധി വരെ തടയാം. മൂപ്പെത്തിയ കായ്കൾ മാത്രം വിളവെടുക്കുക എന്നാൽ മാത്രമേ കായ്കളുടെ ഉള്ളിൽ നല്ല നിറം ഉണ്ടാവുകയുള്ളൂ. നല്ല രീതിയിലുള്ള വെയിൽ മാതളത്തിന് അത്യാവശ്യമാണ്