തെക്കുകിഴക്കൻ ഏഷ്യയിൽ സ്വർഗീയഫലം എന്നറിയപ്പെടുന്ന വിശിഷ്ടഫലമാണ് ഗാക് ഫ്രൂട്ട്, അവിടെ ഗാക് ഫ്രൂട്ടിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. പോഷകപരമായി മറ്റേതൊരു ഫലത്തെക്കാളും മെച്ചമാണ് ഗാക് ഫ്രൂട്ട്. കൗതുകത്തിനപ്പുറം പുതുമകൊണ്ടും പോഷക ഗുണങ്ങൾ കൊണ്ടും ഒന്നാമനാണ് ഈ സ്വർഗിയ ഫലം.
കൃഷിരീതി:
ഗാക് ചെടിയിൽ ഫലങ്ങളുണ്ടാകുന്നതിന് പരാഗണം ഫലപ്രദമാകേണ്ടതുണ്ട്. ആൺചെടികളും പെൺചെടികളുമുള്ളതിനാൽ പരാഗണം നടക്കാൻ രണ്ടും വളർത്തേണ്ടതുണ്ട്. എന്നാൽ പൂവിട്ടശേഷം മാത്രമേ ആൺ– പെൺ ചെടികളുണ്ടാവാനുള്ള സാധ്യത വർധിക്കുന്നതിന് 3 ചെടികളെങ്കിലും നടേണ്ടതുണ്ട്. സ്വാഭാവിക പരാഗണം നടക്കുമെങ്കിലും കൃത്രിമ പരാഗണത്തിലൂടെ കായ്പിടിത്തം വർധിപ്പിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ആദായകരമാകൂ. ഗാക് വിത്തുകൾക്ക് അങ്കുരണശേഷി കുറവാണ്. 12 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത ശേഷമേ അവ നടാവൂ. കൂടകളിലോ ഗ്രോബാഗിലോ നട്ടശേഷം 1.5–2 മാസമെങ്കിലും കാത്തിരുന്നാലേ അവ മുളയ്ക്കൂ. ഒരുമിച്ചു നടുന്ന വിത്തുകൾ മുളയ്ക്കുന്നത് ഒരുമിച്ചാവണമെന്നില്ല. മുളച്ച് രണ്ടാഴ്ച കഴിയുമ്പോൾ അവ നിലത്തേക്കു പറിച്ചുനടാൻ മടിക്കരുത്. സമൃദ്ധമായ ഇലച്ചാർത്തോടെ തഴച്ചുവളരുന്ന ചെടിയായതിനാൽ ഗ്രോബാഗുകളിലും മറ്റും വളർത്തിയാൽ പോഷകദാരിദ്ര്യമുണ്ടായേക്കാം.
ആൺ- പെൺ ചെടികളുണ്ടെന്നുറപ്പാക്കാനും സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്ന നിലത്തു നടാനും പന്തലിൽ പടർത്താനും ശ്രദ്ധിക്കേണ്ടത് ഗാക് കൃഷിയുടെ വിജയത്തിന് അത്യാവശ്യമാണ്. പന്തലിൽ പടർത്താതെ മരങ്ങളിൽ പടർത്തിയാൽ ഉൽപാദനം കുറയുമെന്നു മാത്രമല്ല, തഴച്ചുവളർന്ന് പുരയിടത്തിലെ വിളകളെയും വൃക്ഷങ്ങളെയും ഞെരുക്കും. പന്തലിൽ വളരുമ്പോൾ കൂമ്പ് നുള്ളി വളർച്ച നിയന്ത്രിക്കാനാകും. വർഷത്തിൽ രണ്ടു തവണയായി ജൈവവളം മാത്രമാണ് ഗാക് ഫ്രൂട്ടിനു നൽകുന്നത്. ഗാക്കിന്റെ ഇലകളും പച്ചക്കായ്കളും വീട്ടിൽ കറി വയ്ക്കാൻ ഉപയോഗിക്കുന്നവരുണ്ട്. ഗാക് പഴങ്ങളിൽ നിന്ന് ജ്യൂസ് എടുത്തു കഴിക്കുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: Sun drop Fruit: സൺഡ്രോപ് പഴം രുചിയിലും സുഗന്ധത്തിലും ഒന്നാമൻ!