മുന്തിരി ഒരു ജനപ്രിയ ഫലമാണ്. വാണിജ്യപരമായി വിപുലമായി കൃഷി ചെയ്യുന്ന ഫലവർഗത്തിൽപെട്ട വിളയാണെന്നും പറയാം. പച്ച മുന്തിരിയും പർപ്പിൾ മുന്തിരിയും ചുമന്ന മുന്തിരിയും തുടങ്ങി നിറത്തിലും രുചിയിലും വ്യത്യസ്ത ഇനങ്ങളും മുന്തിരി കുടുംബത്തിലുണ്ട്. വെറുതെ കഴിക്കാൻ മാത്രമല്ല, ഡ്രൈ ഫ്രൂട്ട്സായും വൈനിലും ജാമിലുമെല്ലാം മുന്തിരി പ്രധാനമായി ഉപയോഗിക്കുന്നുണ്ട്.
ഇതിൽ തന്നെ വാണിജ്യാടിസ്ഥാനത്തിൽ മുന്തി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും വൈൻ നിർമിക്കാനാണ്.
ആരോഗ്യത്തിനും വളരെ മികച്ചതാണ് മുന്തിരി. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദത്തെ നിയന്ത്രിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇവ മികച്ചതാണ്. മുന്തിരി നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനപ്രക്രിയകൾക്കും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇവ പ്രതിവിധിയാണ്.
മുഖക്കുരു പോലുള്ള ചർമപ്രശ്നങ്ങൾക്കും മുന്തിരി കഴിയ്ക്കുന്നതിലൂടെ ശമനമുണ്ടാകുന്നു. ഇതിന് പുറമെ, രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും മുന്തിരി ഉത്തമമാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇവ വിഷമാണ്! കഴിയ്ക്കുമ്പോൾ സൂക്ഷിക്കുക
ഇത്തരത്തിൽ ആരോഗ്യഗുണങ്ങളേറിയ മുന്തിരി എന്നാൽ നമ്മുടെ കൈകളിലേക്ക് എത്തുന്നത് വിഷവും കീടനാശിനികളും കലർന്നിട്ടാണ്. അതിന് കാരണം ഇവ നമ്മുടെ നാട്ടിൽ ജനപ്രിയകൃഷി അല്ലെന്നതിനാലാണ്.
മുന്തിരി നമ്മുടെ വീട്ടിലും… (Grow Grapes In Your Home)
മുന്തിരിയുടെ കാലാവസ്ഥയും മണ്ണും കേരളത്തിന് ഇണങ്ങുന്നതല്ലെന്ന ധാരണയും മുന്തിരിയെ അത്രകണ്ട് കൃഷി ചെയ്യുന്നതിൽ നിന്നും നമ്മളെ പിന്തിരിപ്പിക്കുന്നു.
എന്നാൽ, മുന്തിരി കൃഷി ചെയ്യേണ്ട രീതി നന്നായി മനസിലാക്കി അവയെ പരിചരിച്ച് വളർത്താൻ തയ്യാറാണെങ്കിൽ നിങ്ങളുടെ വീട്ടിലും മുന്തിരി വളർത്താവുന്നതാണ്.
ഇതിനായി ശ്രദ്ധിക്കേണ്ടതെന്തെല്ലാം എന്നാണ് ചുവടെ വിവരിക്കുന്നത്.
മുന്തിരി കൃഷി ചെയ്യുമ്പോൾ... (Things To Do While Farming Grapes)
മുന്തിരിയുടെ ചുവട്ടിൽ തണുപ്പ് നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇങ്ങനെ എപ്പോഴും തണുപ്പ് നിലനിർത്തണമെങ്കിൽ ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, മണൽ, ചകിരിച്ചോറ് എന്നിവ മണ്ണിൽ ചേർത്ത് കൊടുക്കുക.
ഇത് രണ്ടാഴ്ച തുടരുക. ശേഷം ഒരു മീറ്റർ വലിപ്പത്തിൽ കുഴിയെടുക്കണം. അഞ്ച് മീറ്റർ അകലത്തിൽ ചെടികൾ നടുക.
മുന്തിരിയ്ക്ക് ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് നല്ലത്. കൂടാതെ, ദിവസേന ഇവ നനച്ച് കൊടുക്കണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് നടാനായും തെരഞ്ഞെടുക്കേണ്ടത്.
മുന്തിരി പന്തലായി വളർത്തുന്നതിന് ഒറ്റ വള്ളി മാത്രം എടുക്കുക. ബാക്കിയുള്ളവ മുറിച്ച് കളയണം. പന്തലിൽ വളരുന്ന മുന്തിരിയുടെ വള്ളി ഒരു മീറ്റർ വളരുമ്പോൾ തലപ്പ് നുള്ളികളയണം. ഇങ്ങനെ ചെയ്താൽ പന്തലിൽ മുഴുവൻ വള്ളി വ്യാപിക്കുന്നതിന് സഹായിക്കും.
മുന്തിരിയിലെ വളപ്രയോഗവും കീടനാശിനി പ്രയോഗവും (Pesticides And Fertilizers For Grapes)
മുന്തിരിയിൽ കീടാക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഓരോ മാസവും കടലപിണ്ണാക്ക് പുളിപ്പിച്ചതും മീൻ വെള്ളവും ഇറച്ചി കഴുകിയ വെള്ളവും ഒഴിച്ച് കൊടുക്കുക.
കൂടാതെ, വേപ്പെണ്ണ മിശ്രിതവും പ്രയോഗിക്കാം. ഇത് ഇലകുരുടിപ്പ്, വെള്ളീച്ച പോലുള്ള കീടങ്ങളെ പ്രതിരോധിക്കും.
വർഷം തോറും പ്രൂണിങ് ചെയ്യുന്നതും പൊട്ടാഷ് വളമായി ഇട്ടുകൊടുക്കുന്നതും മുന്തിരിയുടെ കായ്ഫലം വർധിപ്പിക്കും.