കുറച്ചു വാഴച്ചെടികളെങ്കിലും ഇല്ലാത്ത വീട്ടുപറമ്പുണ്ടാവില്ല എന്ന് തന്നെ പറയാം. വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
- വാഴകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.
- പ്രളയം, കൊടുങ്കാറ്റ്, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് മുൻകരുതൽ എടുത്തുകൊണ്ടു മാത്രമേ ഇനി കൃഷി ചെയ്യാനാവൂ. അതിനാൽ അതിവേഗം വെള്ളക്കെട്ടുണ്ടാകുന്ന പറമ്പുകൾ ഒഴിവാക്കുക, കൂനകളെടുത്തു വാഴ നടുക എന്നിവയൊക്കെ ചെയ്യാം.
- കീടാക്രമണമാണ് മറ്റൊരു വെല്ലുവിളി. വാഴക്കൃഷി നേരിടുന്ന രോഗങ്ങളായ പിണ്ടിചീയൽ, കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം. സ്ക്ലിറോഷ്യം റോൾഫസി എന്ന കുമിൾമൂലമുണ്ടാകുന്ന പിണ്ടിചീയൽ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കിൽ കുഴിപ്പുള്ളിരോഗം ബാധിച്ചാല്‍ മൂപ്പെത്തിയ കായ്കളിൽ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകൾ വിറ്റഴിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഫ്യൂസേറിയം വാട്ടമാണ് വാഴയിൽ കണ്ടുവരുന്ന മറ്റൊരു രോഗം.
ബന്ധപ്പെട്ട വാർത്തകൾ: വാഴയ്ക്ക് ഇണങ്ങി കൃഷി ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശാസ്ത്രീയ രീതികൾ അവലംബിച്ച് ചെയ്താൽ വാഴക്കൃഷി ആദായകരമാക്കാം പ്രത്യേകിച്ച് നേന്ത്രൻ വാഴ. വിത്തുമുതൽ വിളവുവരെയുള്ള പരിചരണമുറകളുണ്ട്. സാധാരണയായി മിക്ക കർഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കന്നുകൾ തന്നെയാണ്. മൂന്നോ നാലോ മാസം പ്രായമുള്ളതും 700-1000 ഗ്രാമുള്ളതും 35-45 സെന്റി മീറ്റർ ചുറ്റളവുള്ളതുമായ കന്നുകളാണ് നടീലിന് നല്ലത്. കന്നുകൾ തെരഞ്ഞെടുക്കുംമുമ്പ് രോഗപ്രതിരോധശേഷി, മാതൃവാഴയിലെ കുലയുടെ തൂക്കം, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തണം. തെരഞ്ഞെടുത്ത കന്നുകൾ 15-20 സെന്റി മീറ്റർ നിലനിർത്തി ബാക്കിഭാഗം മുറിച്ചുമാറ്റണം. കേടുവന്ന മാണ ഭാഗങ്ങളും പാർശ്വ മുകുളങ്ങളും നീക്കംചെയ്ത് ചാണക ലായനിയിൽ മുക്കി 3-4 ദിവസം വെയിലത്തുണക്കി തണലിൽ സൂക്ഷിക്കാം.
- 15 ദിവസംവരെ ഇങ്ങനെ വയ്‌ക്കാമെങ്കിലും പരമാവധി നേരത്തേ നടുന്നതാണ് നല്ലത്. കുഴിയെടുത്ത് 500 ഗ്രാം കുമ്മായവും 10 കിലോ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് മേൽമണ്ണിട്ട് മുക്കാൽ ഭാഗത്തിലേറെവരെ മൂടണം. കുഴിയുടെ നടുവിലായി മാണത്തിന്റെ പകുതി ഉൾക്കൊള്ളാൻ കഴിയുംവിധം കുഴിയെടുത്ത് വാഴക്കന്ന് നടാം. പച്ചിലവളങ്ങൾ ചേർത്തുകൊടുക്കാം. വാഴ വളരുന്നതോടെ കുഴി പൂർണമായും മൂടണം. വളപ്രയോഗം കൃത്യമായ ഇടവേളകളിലാകണം. വേനൽക്കാലത്ത് ജലസേചനവും.
- കുല വരുന്നതിനു മുമ്പ് താങ്ങുകാൽ കൊടുത്തോ കയർ കെട്ടിയോ കാറ്റിൽനിന്നും സംരക്ഷണം നൽകണം. കുല വന്നശേഷം വാഴയുടെ ഇടഭാഗം ഇളക്കരുത്. കുല വന്നശേഷമുള്ള രണ്ടോ മൂന്നോ കന്നുകൾ വിത്തായി എടുക്കാം.