പ്രമുഖ അഭിഭാഷകനായ വെളിയം രാജീവിന്റെ 4 ഏക്കർ പ്ലാവ് കൃഷി 5 വർഷം പിന്നിടുകയാണ്, കൊല്ലം ജില്ലാ കോടതിയിലെ അഭിഭാഷകനാണെകിലും രാജീവിന്റെ പ്രധാന ഇഷ്ടങ്ങളിൽ ഒന്നാണ് ഈ പ്ലാവിൻത്തോട്ട പരിപാലനം. സമയം ലഭിച്ചാൽ കിലോമീറ്ററുകൾ അകലെ വെളിയത്തുള്ള തപോവൻ ജാക്സ് എന്ന പ്ലാവുതോട്ടത്തിലെത്തും ഈ വക്കീൽ, കേസും കോടതിയും താമസവും കൊല്ലത്താണെങ്കിലും രാജീവിന്റെ മനസ്സ് നിറയെ ഈ 4 ഏക്കർ പ്ലാവിൻ ത്തോട്ടമാണ്. കുടുംബസ്വത്തായി കിട്ടിയ 4 ഏക്കർ ഭൂമിയിൽ ഉള്ള റബ്ബർ വെട്ടി മാറ്റി, 5 വർഷം മുൻപ് 60 പ്ലാവുകൾ നട്ടാണ് ജാക്സ് എന്ന പ്ലാത്തോട്ടത്തിനു തുടക്കം കുറിച്ചത്. രാജീവ് തനി നാടൻ പാരമ്പര്യ ഇനങ്ങളെ തിരിച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്. നാടെങ്ങും ചുറ്റിനടന്ന് കണ്ടുപിടിച്ച മികച്ച ഇനങ്ങൾ കുരു പാകി മുളപ്പിച്ച തൈകളിൽ ബഡ് ചെയ്താണ് രാജീവ് പുതിയ തൈകളുണ്ടാക്കിയത്.
പഴത്തിലും, പച്ച ചക്കയിലും മികച്ച രുചിയും പാചകഗുണവുമുള്ള ഒട്ടേറെ ഇനങ്ങൾ ഈ രീതിയിൽ രാജീവ് വളർത്തിയെടുത്തു. പല പ്ലാവും കായ്ച്ചു തുടങ്ങി. മികച്ച ചക്കപ്പഴത്തിനുള്ള അന്വേഷണങ്ങളും സ്വീകാര്യതയുമാണ് രുചിവൈവിധ്യങ്ങൾകൊണ്ടു സമ്പന്നമായ പാരമ്പര്യ ഇനങ്ങളിലേക്കു മടങ്ങിപ്പോകാൻ പ്രേരണയെന്നു രാജീവ് പറഞ്ഞു. കായ്ച്ചു തുടങ്ങിയ ഒട്ടേറെ വിയറ്റ്നാം ഏർളി ഇനം പ്ലാവുകളും രാജീവിന്റെ തോട്ടത്തിലുണ്ട്. പ്ലാവുകൃഷിക്കൊപ്പം രാജീവ് ആടിനെയും വളർത്തുന്നുണ്ട്, അറുപതോളം ആടുകളെയും ഒപ്പം 5 പോത്തും കൂടെയുണ്ട്. വലിയ പ്ലാവിൻതോട്ടമായതിനാൽ ആടുകൾക്ക് മേയാനും പ്ലാവില കഴിക്കാനും എളുപ്പമാണ്.
തോട്ടത്തിനോടു ചേർന്ന് തന്നെ വയലും ജല ലഭ്യതമുള്ളതിനാൽ പോത്തുകളും സന്തുഷ്ടർ. ആടും പോത്തും മാത്രമല്ല, കോഴിയും താറാവും മത്സ്യക്കുളവുമെല്ലാം പ്ലാവുതോട്ടത്തിൽ പരിപാലിക്കാമെന്നു രാജീവ് പറയുന്നു. ആട്ടിൻ കാഷ്ടവും പ്ലാവിന് ഒരു ജൈവ വളമായി ഉപയോഗിക്കുന്നു, ഒപ്പം തന്നെ പോത്തിൻ ചാണകവും പ്ലാത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നു. കാലാവസ്ഥാവ്യതിയാനവും നിലയ്ക്കാത്ത മഴയും പ്ലാവിനും ചക്കയ്ക്കും രോഗഭീഷണി ഉയര്‍ത്തുന്നുണ്ടെന്നു രാജീവ് പറയുന്നു. ചീക്കിനെതിരെ പതിവായി ബോർഡോ മിശ്രിതം തളിക്കേണ്ടിവരുന്നു. തുടർച്ചയായ മഴമൂലം ചക്കയുടെ പുറത്ത് അടിഭാഗത്ത് വെള്ളം ഊറി നിന്ന് ആദ്യം കറുത്ത പാടും ക്രമേണ ചീയലും ചീയലും വരുന്നതാണ് മറ്റൊരു പ്രശ്നം. പ്ലാവുകൃഷിയും ചക്കസംരംഭങ്ങളും വളരുന്നതിന് അനുസൃതമായി പുതിയ വെല്ലുവിളികളും ഉടലെടുക്കും. അവ പരിഹരിച്ചു മുന്നേറാൻ കഴിയണമെന്ന് രാജീവ് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ ഇല ചെടിയുടെ ആരോഗ്യ ഗുണങ്ങൾ!!!
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.