കാഴ്ച്ചയിൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം (Japanese persimmon) ജമ്മു-കശ്മീർ, തമിഴ്നാട്ടിലെ കൂനൂർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കൃഷി ചെയ്തുവരുന്നു.കൂടിയ വില കാരണം സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്നില്ല. പുരാതന ഗ്രീക്കുകാർക്കിടയിൽ ഇത് ദൈവങ്ങളുടെ പഴം, പ്രകൃതിയുടെ കൽക്കണ്ടം എന്നൊക്കെ അറിയപ്പെട്ടു.
വിത്തുമുളപ്പിച്ചാണ് വളർത്തുന്നതെങ്കിൽ ഏഴാം വർഷം കായ്ഫലം തന്നു തുടങ്ങുന്ന മരം മുപ്പതുമുതൽ അമ്പതുവർഷം വരെ കായ്ക്കും. പൂക്കളിൽ സ്വയം പരാഗണം നടന്നാണെങ്കിലും കായ്കൾ ഉണ്ടാവുമെങ്കിലും അത്തരം കായ്കളിൽ വിത്തുണ്ടാവില്ല. ഇളം പച്ച നിറത്തിലുള്ള ഇലകൾ, ക്രമേണ മഞ്ഞയും ഓറഞ്ചും ചുവപ്പുമായി മാറി, കായ്കൾ വിളയുന്നതിനു മുമ്പു കൊഴിയും. പൊതുവെ കീടബാധ ഏൽക്കാത്ത ഫലവൃക്ഷങ്ങളിലൊന്നാണ് കാക്കിപ്പഴമരം.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം ചെടികൾക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കൂ, രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല കായ്ഫലം ലഭ്യമാക്കുകയും രോഗ കീടബാധ കുറയുകയും ചെയ്യും
മാർച്ചുമുതൽ ജൂൺ വരെയുള്ള കാലങ്ങളിലാണ് പൂക്കൾ ഉണ്ടാവുന്നത്. ഉയർന്ന താപനിലയിൽ പൂക്കൾ നിലനിൽക്കില്ല എന്നതിനാൽ കേരളത്തിലെ പൊതുവെ മുപ്പതു ഡിഗ്രിയിൽ താഴെ തണുപ്പുള്ള മലനിരകളിലാണ് കാക്കിപ്പഴം കൃഷി ചെയ്യാൻ നല്ലത്. തമിഴ് നാട്ടിലെ കൂനൂരിൽ ധാരാളം മരങ്ങൾ കൃഷിചെയ്യുന്നുണ്ട്. അധികം നനവ് ആവശ്യമില്ലാത്ത ഈ മരങ്ങൾക്ക് പരിചരണവും കാര്യമായി ആവശ്യമില്ല. രോഗ കീടബാധകൾ പൊതുവെ കുറവാണ്. വിളഞ്ഞ പഴം കൊഴിഞ്ഞു വീഴുന്ന കാലത്ത് ഈ മരത്തിനടുത്ത് നിരവധി ജീവജാലങ്ങൾ സഞ്ചാരികളായും ഭക്ഷണപ്രിയരായും എത്താറുണ്ട്. തേനീച്ച മുതൽ ശലഭങ്ങൾ വരെയും അണ്ണാൻ മുതൽ കുരങ്ങൻ വരെയും.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറികൃഷിയിൽ മഴക്കാലത്തു വീട്ടിൽ ചെയ്യേണ്ട കീട നിയന്ത്രണങ്ങൾ
ആപ്പിളിനേക്കാൾ പോഷകപ്രദവും രുചികരവുമാണ് കാക്കിപ്പഴം. ഈ ചെടിയുടെ ഇലകളും പഴവും ആന്റി ഓക്സിഡന്റുകളുടെ കൂടിയ സാന്നിദ്ധ്യം കാരണം ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു. തണുപ്പുള്ള സ്ഥലങ്ങളിലെ തോട്ടങ്ങളിൽ നടപ്പാതയുടെ ഇരു വശവുമായി നട്ടുവളർത്താവുന്ന മരമാണ് കാക്കിപ്പഴം.