പൂന്തോട്ടങ്ങളിൽ ഈ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട ഒരു കുഞ്ഞൻ പഴചെടിയാണ് മലർക്കായ് മരം. നല്ല തൂവെള്ള നിറത്തിലുള്ള വെളുത്ത മുത്തുകൾ ഒട്ടിച്ചുവച്ച പോലെ കമ്പുകൾ നിറയെ കായ്കളും.നല്ല മലരിന്റെ മണവുമാണ് ഈ ചെടിയുടെ ആകർഷണം.ചാമ്പക്കയുടെ കുടുംബക്കാരനായ ഈ മരം മലര്‍ക്കായ് മരം, പൂച്ചപ്പഴം, പുലക്കായ്മരം എന്നെല്ലാമാണ് അറിയപ്പെടുന്നത്. നല്ലമധുരമുള്ള സ്വാദുള്ള ഈ പഴത്തിൽ ചെറിയ വിത്തും ഉണ്ടാകും.തെക്കേ ഏഷ്യൻ സ്വദേശിയായ ഈ ചെടി പണ്ട് നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു പിന്നീട് വംശനാശം സംഭവിച്ചെങ്കിലും വീണ്ടും ഒരു തിരനോട്ടം നടത്തിയിരിയ്ക്കയാണ്.
പത്തു മീറ്റര്‍വരെ ഉയരംവെക്കുന്ന ഈ ചെറുമരത്തിന്‍റെ ഇലയ്ക്ക് എട്ടു സെന്‍റീമീറ്റര്‍ നീളവും മൂന്നു സെന്‍റീമീറ്റര്‍ വീതിയുമുണ്ടാകും. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് സാധാരണയായി പുക്കാറ്. മെയ് മാസത്തോടെ കായ്ച്ചു തുടങ്ങും. പൂക്കള്‍ക്ക് ഇളം മഞ്ഞകലര്‍ന്ന വെളുപ്പു നിറമാണ്. ചെടിനിറച്ചും ശാഖാഗ്രങ്ങളില്‍ പൂച്ചരോമം പോലുള്ള പൂക്കള്‍ ഉണ്ടാകുന്നതിനാലാണിതിന് പൂച്ചപ്പഴം എന്ന് പേരുവന്നത്.പുക്കള്‍ക്ക് നേരിയ സുഗന്ധമുണ്ടാകും.
വെളുത്ത നിറത്തിലുള്ള ഓരോ കായയ്ക്കുള്ളിലും ഓരോ വിത്തുകള്‍ ഉണ്ടാകും. വിത്തുകള്‍ നട്ടാണ് പുതിയ തൈകള്‍ മുളപ്പിച്ചെടുക്കാറ്. പഴത്തില്‍നിന്നു കിട്ടുന്ന വിത്തുകള്‍ കഴുകി വൃത്തിയാക്കി രണ്ടുദിവസത്തോളം തണലില്‍ ഉണക്കുക. പിന്നീട് ചാണകവും മണ്ണും നേര്‍ത്ത പൊടിയാക്കിയതിനുശേഷം അതില്‍ വിത്ത് വിതച്ച് നനച്ചിടുക 10-15 ദിവസങ്ങള്‍ക്കകം വിത്ത് മുളപൊട്ടും. മുളച്ച് നാല് ഇലകളാകുമ്പോള്‍ തൈകള്‍ പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറുകളിലേക്ക് മാറ്റാം. പോളിത്തീന്‍ കവറുകളില്‍ ആറുമുതല്‍ എട്ടുമാസം വരെ കഴിഞ്ഞാല്‍ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ അല്പം മണലും ചാണകപ്പൊടിയും ചേര്‍ത്ത മിശ്രിതം നിറച്ച് നട്ടുപിടിപ്പിക്കാം.