ഈ അടുത്തകാലത്തായി കാർഷിക കേരളം ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന ഒരു ഫലമാണ് പാഷൻഫ്രൂട്ട്. വൈവിധ്യങ്ങളായ നിരവധി വിദേശ ഫലങ്ങൾ ഇവിടെ എത്തിയെങ്കിലും പാഷൻ ഫ്രൂട്ടിനു ലഭിച്ച സ്വീകാര്യത ഒന്നിനും ലഭിച്ചില്ല. സ്ഥലപരിമിതി ഉണ്ടെങ്കിൽ പോലും ഏതുവീട്ടിലും ഒരു പാഷൻഫ്രൂട്ട് തൈ എങ്കിലും നട്ടുപിടിപ്പിച്ചിട്ടുണ്ടാകും മാത്രമല്ല ഏതൊരു കാർഷികമേളയിലും പാഷൻഫ്രൂട്ട് ഉത്പന്നങ്ങൾ വിൽക്കുന്ന ഒരു സ്റ്റാൾ എങ്കിലും കാണാതിരിക്കില്ല. പണ്ടുമുതലേ നമ്മുടെ നാട്ടിൽ മുഖം കാണിച്ചു തുടങ്ങിയതും പലരും വീടുകളിൽ വളർത്തി വന്നിരുന്നതുമാണെങ്കിലും എന്താണ് ഇപ്പോളുള്ള ഈ പാഷൻഫ്രൂട്ട് തരംഗത്തിന് കാരണം.
അധിക പരിചരണം ഒന്നും കൂടാതെ തന്നെ നല്ല വിളവ് തരുന്ന ഒന്നാണ് എന്നതാണ് ഇതിന്റെ ആദ്യ ഗുണം , ഒരിക്കൽ നട്ടു കൊടുത്താൽ 7 വർഷത്തോളം കായ്കൾ തരുന്നു എന്നത് മറ്റൊരു ഗുണകരമായ വസ്തുതയാണ് ഭക്ഷ്യ സംസ്കരണം നാട്ടിൻപുറങ്ങളിലെ ചെറിയ ചെറിയ യൂണിറ്റുകൾ പോലും ഏറ്റെടുത്തു തുടങ്ങിയപ്പോൾ വിശ്വാസ്യതയുടെ പേരിൽ പലരും ഉത്പന്നങ്ങൾ വാങ്ങിച്ചു തുടങ്ങി .ഇത്തരം ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുമെന്നായപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പലരും മുന്പോട്ടു വന്നു .
ജൈവം എന്ന ലേബലിൽ വിൽക്കപ്പെടുന്ന വസ്തുക്കൾക്ക് ആവശ്യക്കാർ ഏറുകയും ഇവയ്ക്കു നല്ല വിലയും ലഭിക്കുമെന്നായപ്പോൾ കൂടുതൽ പേർ പാഷൻ ഫ്രൂട് കൃഷി ചെയ്യാൻ ആരംഭിച്ചു എന്നതാണ് വസ്തുത. പാഷൻ ഫ്രൂട് കർഷകർക്ക് ഒരിക്കലും വിപണി ഒരു പ്രശനമേയല്ല ത്രിതല പഞ്ചായത്തുകൾ സംഘടിപ്പിക്കുന്ന ഉത്പന്ന വിപണമേളകൾ, സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയുമുള്ള കൂട്ടായ്മകൾ എന്നിവർ ഇത്തരം ഉല്പന്നങ്ങൾക്ക് നല്ല പ്രോത്സാഹനം നൽകുന്നുണ്ട്. വിദേശ രാജ്യങ്ങൾ പാഷൻ ഫ്രൂട്ടിന്റ വൻ ഉപഭോക്താക്കളാകയാൽ കയറ്റുമതി സാധ്യതയും കുറവല്ല .
തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്. കേരളത്തിൽ പലപേരുകളിൽ ഇത് അറിയപ്പെടുന്നു ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, സർബത്തുംകായ എന്നിവയാണ് പാഷൻഫ്രൂട്ടിന്റെ പേരുകൾ. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ് പാഷൻ ഫ്രൂട്ട്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. .ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ് കായ്ക്കുന്നത്.വാണിജ്യാടിസ്ഥാനത്തിലുള്ള പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടിയുള്ള സാങ്കേതിക സഹായം വഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.