ഈ ചൂട് കാലത്ത് ഏറ്റവും അധികം വില്പന നടക്കുന്ന ഒരു വിളയാണ് ചെറുനാരകം. അതുകൊണ്ടു തന്നെ വിലയും കൂടുതലാണ്. നാരങ്ങാ വെള്ളം കുടിക്കാനായി അടുക്കള കൃഷി ത്തോട്ടത്തിൽ തന്നെ രണ്ടോ മൂന്നോ നാരകം നട്ടു പിടിപ്പിക്കാവുന്നതേ ഉള്ളൂ. അതിന്റെ കൃഷിയും വളപ്രയോഗവും അറിഞ്ഞിരുന്നാൽ കുറച്ച സ്ഥലമുള്ളവർക്ക് രണ്ടോ മൂന്നോ ചുവട് നാരകം നടാം.
ഇനങ്ങള്‍
'കാഗ്സി നിമ്പു' എന്ന ഇനമാണ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. കുറ്റിച്ചെടിയായി വളരുന്ന ഈ ഇനം വിളവിലും നാരങ്ങയിലെ ചാറിന്‍റെ കാര്യത്തിലും മുന്നിലാണ്. ചെടിയില്‍ മുള്ളില്ലാത്ത ഇനമാണ് 'കൂര്‍ഗ് തോണ്‍ലെസ്'. 'കൂര്‍ഗ് സീഡ്ലെസ്' എന്ന ഇനത്തിന്‍റെ ഫലത്തില്‍ കുരുക്കള്‍ കാണില്ല.
വംശവര്‍ധന
വിത്തിട്ട് മുളപ്പിച്ച തൈകള്‍ നട്ടാണ് ചെറുനാരകം സാധാരണ വളര്‍ത്താറ്. പതി വച്ചുള്ള പ്രവര്‍ധനരീതി ഫലപ്രദമാണെങ്കിലും പ്രചാരം ലഭിച്ചിട്ടില്ല. നല്ല വലുപ്പവും വിളവുമെത്തിയ പഴുത്ത കായ്കളുടെ വിത്ത് വേര്‍തിരിക്കണം. ഇവയെ ചാരം പുരട്ടി തണലില്‍ ഒരു ദിവസം സൂക്ഷിച്ചശേഷം വിത്തുതടങ്ങളില്‍ പാകി മുളപ്പിക്കാം. തൈകള്‍ക്ക് 10 സെന്‍റിമീറ്ററോളം ഉയരം വയ്ക്കുമ്പോള്‍ പോളിത്തീന്‍ സഞ്ചിയിലോ മണ്‍ചട്ടിയിലോ മാറ്റി നടാവുന്നതാണ്.
നടീല്‍
കവറിലോ, ചട്ടിയിലോ നട്ട തൈകള്‍ ഒരു വര്‍ഷം പ്രായമാകുമ്പോള്‍ കൃഷിസ്ഥലത്ത് നടാവുന്നതാണ്. 3:3 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. അരമീറ്റര്‍ സമചതുരവും ആഴവുമുള്ള കുഴികളില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും നിറച്ച് തൈകള്‍ നടാവുന്നതാണ്.
വളപ്രയോഗം
കായ്ക്കുന്ന മരമൊന്നിന് പ്രതിവര്‍ഷം 50 കിലോഗ്രാം ചാണകവും അല്ലാത്തവയ്ക്ക് അതിനനുസരണമായി കുറച്ചു ചാണകവും നല്‍കണം. 500 ഗ്രാം നൈട്രജന്‍, 150 ഗ്രാം ഫോസ്ഫറസ്, 300 ഗ്രാം പൊട്ടാഷ് എന്നിവയാണ് മരമൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്ന രാസവളങ്ങള്‍. ഇവ രണ്ടു തവണയായി നല്‍കാം.
കീടങ്ങള്‍
കീടങ്ങളില്‍ പ്രധാനം ഇല കാര്‍ന്നു തിന്നുന്ന പുഴുക്കളാണ്. സ്പര്‍ശ കീടനാശിനി തളിച്ച് ഇവയെ നശിപ്പിക്കാം.
രോഗങ്ങള്‍
ബാക്ടീരിയയുടെ ആക്രമണം കൊണ്ടുണ്ടാകുന്ന 'കാങ്കര്‍' ആണ് ചെറുനാരകത്തെ ബാധിക്കുന്ന പ്രധാന രോഗം. ഇലകളിലും ശിഖരങ്ങളിലും കായ്കളിലുമൊക്കെ വൃത്താകൃതി യില്‍ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുന്നതാണ് ലക്ഷണം. കായ്കള്‍ ചുക്കിച്ചുളി യുന്നതും ഇലപൊഴിച്ചിലും ശിഖരം മുറിയലും ഉണ്ടാവുന്നു. രോഗസംക്രമണം തടയാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം. കായ് പിടിക്കുന്ന അവസരത്തിലും ഇതു തളിക്കേണ്ടതുണ്ട്. രോഗകീടങ്ങളുള്ള ശിഖരങ്ങളും ഇലകളും കത്തിക്കുന്നതും രോഗവ്യാപനം തടയും
മറ്റു പരിപാലനമുറകള്‍
വേനല്‍ക്കാലത്ത് നനയ്ക്കുന്നതു നല്ലതാണ്. കായ്ഫലം മെച്ചപ്പെടുത്താന്‍ മഴക്കാലത്തിനു മുന്നോടിയായി കൊമ്പുകോതല്‍ അനുവര്‍ത്തിക്കാം. ഒരു വര്‍ഷമായ തൈകളിലെ ശാഖകള്‍ തറ നിരപ്പില്‍നിന്ന് 60 സെ.മീ. ഉയരത്തിലുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി മുറിച്ചുമാറ്റണം.
വിളവ്
ചെറുനാരകം നട്ട് 3-4 വര്‍ഷംകൊണ്ട് കായ്ക്കുന്നു. 7 വര്‍ഷമായാല്‍ ക്രമമായ വിളവ് ലഭിച്ചു തുടങ്ങും. മരമൊന്നില്‍നിന്ന് പ്രതിവര്‍ഷം 500 കായ്കള്‍ വരെ വിളവെടുക്കാം.