ഒലീവ് കായ്കളുടെ നിറവും വലിപ്പവുമുള്ള കാരയ്ക്ക മധുരവും പുളിപ്പും ഇടകലർന്ന രുചി പകരുന്ന അത്ഭുത ഫലമാണ്. കാരയ്ക്ക പഴുത്താലും പച്ച നിറം തന്നെയാണ് ഇവയ്ക്ക്. ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു ഈ മരം ഇന്ന് വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് സ്കൂളുകളുടെ അടുത്തുള്ള പെട്ടിക്കടകളിൽ എല്ലാം ഉപ്പിലിട്ട കാരയ്ക്ക വൻതോതിൽ വിൽപ്പന നടത്തിയിരുന്നു.
പുതിയ തലമുറ പുതിയ രുചിഭേദങ്ങളോട് ഇഷ്ടം കൂടിയതുകൊണ്ട് ഉപ്പിലിട്ട കാരയ്ക്ക വാങ്ങാൻ ആരും ഇല്ലാതായി.
കാരയ്ക്കയിൽ കാണുന്ന തവിട്ടുനിറത്തിലുള്ള വലിയ വിത്തിൽ നിന്നാണ് ഇതിൻറെ തൈകൾ ഉത്പാദിപ്പിക്കുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ഇതിൻറെ കൃഷിരീതി. കേരളത്തിൽ ചില നഴ്സറികളിൽ ഇതിൻറെ തൈകൾ ഇപ്പോൾ ലഭ്യമാണ്. ഇതിന്റെ ഹൈബ്രിഡ് തൈകൾ ഉദ്യാനങ്ങൾ ഭംഗി നൽകുവാൻ വച്ചുപിടിപ്പിക്കുന്ന മികച്ച ഫലവൃക്ഷം കൂടിയാണ്.
ഇതിൻറെ വിത്തുകൾ പാകി തൈകൾ ഉല്പാദിപ്പിച്ചു ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത്, കാലിവളവും കമ്പോസ്റ്റും അടിവളമായി നൽകി നടാവുന്നതാണ്. താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും, നീർവാർച്ചയുള്ള മണ്ണും തെരഞ്ഞെടുത്ത് കൃഷി ആരംഭിക്കാം. സാധാരണ ഫലവൃക്ഷങ്ങളെ ആക്രമിക്കുന്ന കീടങ്ങൾ ഒന്നും ഈ മരത്തെ ആക്രമിക്കാറില്ല. കാരയ്ക്ക തൈ നട്ടു ഏകദേശം നാല് വർഷം കഴിയുമ്പോൾ തന്നെ കായ്കൾ ഉണ്ടാകാൻ തുടങ്ങും.
കാരയ്ക്കയുടെ ഗുണങ്ങൾ
ഒരു കപ്പ് കാരയ്ക്കയിൽ 400 കലോറി ഊർജ്ജവും, 90 ഗ്രാം ഷുഗറും, 110 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ കഴിവുള്ള ഈ പഴം പ്രമേഹ രോഗികൾക്കും കഴിക്കാവുന്നതാണ്. ഇരുമ്പിന്റെ അംശം ഇതിൽ ധാരാളമായി ഉള്ളതിനാൽ ഗർഭിണികൾ കാരയ്ക്ക പഴം കഴിക്കുന്നത് ഉത്തമമാണ്. ആൻറി ആക്സിഡന്റിന്റെ കലവറയായ കാരയ്ക്ക പഴം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 5 ചർമ്മ കോശങ്ങൾക്ക് ആരോഗ്യം നൽകാൻ സഹായകമാകുന്നു.
ഇതിൽ കാൽസ്യം, കോപ്പർ, മാംഗനീസ് സെലീനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്. ഈ പഴം കഴിക്കുന്നതുവഴി ശരീരത്തിലെ അമിത കൊളസ്ട്രോൾ ഇല്ലാതാവുകയും, അമിതവണ്ണം ഇല്ലാതാവുകയും ചെയ്യുന്നു.