ആകാശനീലിമ നിറത്തിലുള്ള വാഴപ്പഴ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇന്ന് തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻറെ രുചി വൈഭവവും ആകാശനീലിമ നിറവുമാണ് ബ്ലൂ ജാവ എന്ന വിദേശയിനം വാഴപ്പഴത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്. ബ്ലൂ ജാവ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആളൊരു വിദേശി ആണെന്ന് നമ്മൾക്ക് മനസ്സിലാവും. അതെ തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ബൽബിസിയാന,അക്യുമിനാറ്റ എന്നിവകളുടെ സങ്കരയിനം ആണിത്.
തെക്കുകിഴക്കൻ ഏഷ്യയിലും മധ്യ അമേരിക്കയിലും ഹവായിലും ബ്ലൂ ജാവ വാഴപ്പഴം കൃഷി ചെയ്യുന്നു. രുചിയിലെ വ്യത്യസ്ത കാരണം ഹവായിലും മറ്റും നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുവാൻ ഇവ ഉപയോഗിക്കുന്നു. വാനില ഐസ്ക്രീമിന്റെ അതെ രുചി പകർന്നുനൽകുന്ന ഇതിനെ ഐസ്ക്രീം ബനാന എന്നും, ഹവായിയിൽ ധാരാളമായി കണ്ടു വരുന്നതിനാൽ ഹവായിൻ ബനാന എന്നും ഇത് അറിയപ്പെടുന്നു.
ഉഷ്ണമേഖല പ്രദേശമാണ് ഇതിൻറെ വളർച്ചയ്ക്ക് ഏറെ അനുകൂലം. എന്നാൽ തണുത്ത താപനിലയെയും അതിജീവിക്കാൻ ഇവയ്ക്ക് സവിശേഷ കഴിവുണ്ട്. ബ്ലൂ ജാവ നട്ടു ഒമ്പതു മാസത്തിനുള്ളിൽ ഇതിൻറെ കായ്ഫലം ലഭ്യമാകുന്നു. ഈ കാലയളവിനുള്ളിൽ ഏകദേശം 14 അടി വരെ ഉയരം ഇവ കൈവരിക്കുന്നു. അമേരിക്കയിലെ അരിസോണയിൽ തോട്ട കൃഷിയായും, പൂന്തോട്ടം മരമായും ഇവ വളർത്തുന്നു. ഇവിടങ്ങളിൽ കർഷകർ ഫെബ്രുവരി മാസം ആണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കുന്നത്.
താരതമ്യേന സൂര്യപ്രകാശം ഏൽക്കുന്ന നീർവാർച്ചയുള്ള മണ്ണ് കൃഷിയ്ക്ക് അനുയോജ്യമായി കണ്ടു വരുന്നു. ബ്ലൂ ജാവ വാഴപ്പഴത്തിന് സാധാരണ പഴത്തിനേക്കാൾ കനമുണ്ട്. പഴത്തൊലിയിൽ കണ്ടുവരുന്ന പ്രത്യേക മെഴുകു പാളിയാണ് ഇവയുടെ നിലനിറത്തിനു കാരണമായി പറയപ്പെടുന്നത്. ഇതിൻറെ ഉള്ളിലുള്ള ദശയ്ക്ക് ആണ് നീല വാഴപ്പഴത്തിന് രുചിയുള്ളത്. സാധാരണ നല്ല വലിപ്പമുള്ള കായ്കൾ ആണ് ഇതിൽ നിന്ന് ലഭ്യമാകുന്നത്.
ചുവപ്പു നിറത്തിലുള്ള വാഴക്കൂമ്പും, പടലയെ പൊതിഞ്ഞു സൂക്ഷിക്കുന്ന കഞ്ചുകവും കാണാൻ ഏറെ മനോഹരമാണ്. ഏഴ് മുതൽ ഒമ്പത് വരെ തണ്ടുകളാണ് ഇവയ്ക്ക് ഉണ്ടാകുന്നത്. പഴം മുപ്പ് എത്തുമ്പോൾ ഇവയുടെ നീലനിറം മഞ്ഞനിറമായി രൂപാന്തരം പ്രാപിക്കുന്നു. ഇതിൻറെ മനോഹാരിത കാരണം കൊണ്ട് തന്നെ അലങ്കാരസസ്യമായും ബ്ലൂ ജാവ വാഴപ്പഴം പൂന്തോട്ടത്തിലും വെച്ച് പിടിപ്പിക്കുന്നു. താരതമ്യേന രോഗപ്രതിരോധശേഷി കൂടിയ ഇനമായാണ് ഹവായിയൻ ബനാന കണക്കാക്കുന്നത്.
പോഷകാംശങ്ങളുടെ കാര്യത്തിലും കേമനാണ് ഈ വാഴപ്പഴം. ഫോസ്ഫറസ്, ഇരുമ്പ്, മാംഗനീസ്, ഫൈബർ തുടങ്ങിയ മൂലകങ്ങളാൽ ഇവ സമ്പുഷ്ടമാണ്. ഔഷധ മൂല്യങ്ങളുടെ കാര്യത്തിലും രുചിയുടെ കാര്യത്തിലും മുൻപന്തിയിലുള്ള ഈ വാഴപ്പഴത്തിന് ആഗോളവിപണിയിലെ മൂല്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ വൈവിധ്യങ്ങളുടെ വാഴ ലോകത്ത് ബ്ലൂ ജാവ വാഴപ്പഴം വ്യത്യസ്തമാകുന്നു.