Updated on: 23 April, 2020 2:35 PM IST
 ഒരു കുന്നോളം കൂട്ടിയിട്ട വെള്ളരികൾ മറ്റൊരു കുന്നായി കുമ്പളങ്ങ സമീപത്തായി ചെറു കുന്നുകളായി ചേനയും മത്തനും പച്ച മുളകും കൂട്ടിയിട്ടിരിക്കുന്നു. കാറമേൽ മുച്ചിലോട്ട് കാവിലെ പെരുങ്കളിയാട്ടത്തിനു മുന്നോടിയായി നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്രകൾ ക്ഷേത്ര തിരുമുറ്റത്തെത്തിയതിനു ശേഷമുള്ള കാഴ്ചകളായിരുന്നു ഇവ. അവിടെ കൂടിയിരുന്ന മുഴുവൻ പേരുടെയും സംസാരം ഇതിനെ കുറിച്ചായിരുന്നു. ഇത്രയും വിഭവങ്ങൾ കൃഷി ചെയ്‌തെടുത്തെന്നോ ഇതെങ്ങിനെ സാധിച്ചു എന്നതായിരുന്നു ഏവരുടെയും ചോദ്യം. 

വിഭവ സമാഹരണ കമ്മറ്റിയുടെ രൂപീകരണം

ഇതിനുത്തരം നൽകുന്നത്  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വിഭവ സമാഹരണ കമ്മറ്റി തന്നെയാണ്. പെരുങ്കളിയാട്ടത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് അന്ന ദാനത്തിനായി വിഷ രഹിത പച്ചക്കറികൾ വിളയിച്ചെടുക്കണമെന്ന് സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
ഇതിനായി കൃഷി വകുപ്പിൽ നിന്നും വിരമിച്ച ടി. കുഞ്ഞികൃഷ്ണൻ ചെയർമാനും മികച്ച മട്ടുപ്പാവ് കർഷകനുള്ള സംസ്ഥാന അവാർഡ് ജേതാവായ എ വി ധനഞ്ജയനും പി കൃഷ്ണനും കൺവീനർമാറുമായി വിഭവ സമാഹരണ കമ്മറ്റി രൂപീകരിച്ചു. 
 

കൃഷിയിലെ ആദ്യ കാൽവെയ്പ്പ്

അതത് പ്രദേശങ്ങളിലെ സ്ത്രീകളെ കൂടി ഉൾപ്പെടുത്തി ഏക്കറുകണക്കിന് സ്ഥലത്ത് വിത്തിറക്കുവാൻ കമ്മറ്റി തീരുമാനിച്ചു. എന്നാൽ പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കമ്മറ്റി നിലവിൽ വരുമ്പോൾ തന്നെ ഏറെ വൈകിയിരുന്നു. കുംഭ മാസത്തിൽ  നേടേണ്ട ചേനവിത്തുകൾ നടുമ്പോൾ തന്നെ ഇടവപ്പാതി കഴിഞ്ഞിരുന്നു. അനന്തമായി നീണ്ടു നിന്ന തുലാവർഷം പച്ചക്കറി വിത്തിറക്കുന്നതിനു തടസ്സമായി. മഴ ഒരുവിധം ശമിച്ചപ്പോൾ കൃഷിഭവന്റെ സഹായത്തോടെ വിത്തിറക്കി. എന്നാൽ ന്യൂന മർദ്ദമെന്നും ചുഴലി കാറ്റെന്നും മറ്റും പറഞ്ഞ് മഴ വീണ്ടും തിരിച്ചെത്തി. മുളച്ചു പൊങ്ങിവന്ന പച്ചക്കറി തൈകൾ ഏതാണ്ട് മുഴുവനായും മഴയിൽ ചീഞ്ഞുപോയി. 
 
കൃഷിയിറക്കിയവർ ഭഗ്നാശരായി എന്നാൽ കൺവീനർ ധനഞ്ജയന്റെ നേതൃത്വത്തിൽ അവരെ ആശ്വസിപ്പിക്കുകയും നമുക്ക് വീണ്ടും വിത്തിറക്കാമെന്ന് സമാധാനിപ്പിക്കുകയും ചെയ്തു. 
 
ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് കർഷക കൂട്ടായ്മയായ KTG യുടെ മുൻനിര പ്രവർത്തകനും അതിന്റ വിത്ത് ബാങ്കിന്റെ ചുമതലയുള്ളയാളുമായ ധനഞ്ജയനു വീണ്ടും പച്ചക്കറി വിത്തുകൾ സംഘടിപ്പിക്കുന്നതിന് വിഷമമുണ്ടായിരുന്നില്ല. 
 

ബംബർ വിളവിലേക്കുള്ള യാത്ര

 

വീണ്ടും വിത്തുപാകി മുളപ്പിച്ചുവെങ്കിലും ഈർപ്പം കൂടുതലുള്ള മണ്ണിൽ മുളച്ചു വന്നത് കരുത്തു കുറഞ്ഞ തൈകളായിരുന്നുവെന്ന് മാത്രമല്ല ഈ മണ്ണ് പച്ചക്കറി കൃഷിക്ക് അനുയോജ്യവുമല്ലായിരുന്നു ഇതിനു പുറമെ രൂക്ഷമായ കീടാക്രമണവുമുണ്ടായിരുന്നു എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോയി. 
 
വളത്തിനും കീട നിയന്ത്രണത്തിനുമായി നൽകിയ പരിമിതമായ ഫണ്ട്‌ തികയാതെ വന്നപ്പോൾ പ്രദേശ വാസികൾ തന്നെ സ്വന്തം നിലയിൽ ചാണകവും പിണ്ണാക്കുമൊക്കെയടങ്ങുന്ന ജൈവ വളങ്ങൾ വാങ്ങി ഉപയോഗിച്ചു. 
 
മഴ മാറി. ജൈവ വളങ്ങളുടെ ഉപയോഗവും ജൈവ കീടനാശിനികളുടെ പ്രയോഗവും സർവ്വോപരി ദൈവാധീനവും കൂടിയായപ്പോൾ തൈകൾ തഴച്ചു വളർന്നു. കൂട്ടത്തിൽ പെരുമഴയെ അതിജീവിച്ച തൈകളും അതിജീവനത്തിന്റെ കരുത്തിൽ തഴച്ചു വളർന്നു. 'അരുണിമ ' എന്ന മികച്ചയിനം വെള്ളരിവിത്തായിരുന്നു ഉപയോഗിച്ചിരുന്നത്. നല്ല വലുപ്പവും മുഴുപ്പുമുള്ള വെള്ളരിക്കകളാൽ പാടം നിറഞ്ഞു. കളിയാട്ടത്തിനു മുൻപുതന്നെ കുമ്പളങ്ങകൾ വെള്ളചായമടിച്ചതുപോലെ വയലിൽ വിളഞ്ഞു നിന്നു. പച്ചമുളകിന്റെ വിളവെടുപ്പ് നേരത്തേ തുടങ്ങിയിരുന്നു. പ്രതീക്ഷിച്ചത്ര വിളവ് കിട്ടിയില്ലെങ്കിലും ചേന കൃഷിയും വൻ വിജയം തന്നെയായിരുന്നു. 

 മനം നിറയെ ദർശനം നൽകി വർണ്ണമയമായ വിളവെടുപ്പ് 

കലവറ നിറയ്ക്കൽ ഘോഷയാത്രയിൽ തങ്ങൾ വിളയിച്ചെടുത്ത പച്ചക്കറികളുമായി സ്ത്രീകൾ മുച്ചിലോട്ടിന്റെ തിരുനടയിലെത്തിയപ്പോൾ നിറഞ്ഞത് ഭക്തജനങ്ങളുടെ മനസും അതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച വിഭവ സമാഹരണ കമ്മറ്റിക്കാരുടെ  കണ്ണുകളുമായിരുന്നു. 
 
ഈ കൂട്ടായ്മ തുടരണമെന്നു തന്നെയാണ് കൃഷി ചെയ്തവരും അതിനു പിന്നിൽ പ്രവർത്തിച്ചവരും പറയുന്നത്. ഇത്ര എളുപ്പമായിരുന്നെങ്കിൽ നമ്മളെന്തിനാണ് തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽ നിന്നും മറ്റും വരുന്ന പച്ചക്കറി വണ്ടികളെ ആശ്രയിക്കുന്നു എന്ന് ചോദിക്കുന്നവരോട് നിങ്ങൾ ആശ്രയിക്കേണ്ടതില്ല നിങ്ങളുടെ സഹകരണവും സന്മനസ്സും ഉണ്ടെങ്കിൽ നമുക്കിതൊക്കെ ഇവിടെ തന്നെ വിളയിച്ചെടുക്കാവുന്നതേയുള്ളൂവെന്ന് വിഭവ സമാഹരണ കമ്മറ്റിക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 
എഴുതിയത്
 
സുരേഷ് പി.വി.
കാങ്കോൽ
 
 
English Summary: A successful story of making poison  free vegetables
Published on: 23 April 2020, 02:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now