എഞ്ചിനീയറിങ് പഠിച്ചാല്‍ എഞ്ചിനീയറാകാം. മെഡിസിന്‍ പഠിച്ചാല്‍ ഡോക്ടറാകാം. എന്നാല്‍ നല്ലൊരു കൃഷിക്കാരനാകാന്‍ കൃഷി പഠിയ്‌ക്കേണ്ടതുണ്ടോയെന്ന മറുചോദ്യത്തിന് ഇവിടെ പ്രസക്തിയൊന്നുമില്ല.
കാര്‍ഷികമേഖലയില്‍ സമഗ്രമായ മാറ്റങ്ങളുടെ കാലം തന്നെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മണ്ണിനെ പൂര്‍ണമായും മറന്നിട്ടൊന്നുമില്ല നമ്മുടെ പുതുതലമുറയെന്ന് പലരും തെളിയിച്ചുകഴിഞ്ഞു. കൊറോണയും ലോക്ഡൗണുമെല്ലാം യുവതയെ മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചതും നമ്മളെല്ലാം കണ്ടതാണ്. വൈറ്റ് കോളര്‍ ജോലികള്‍ വലിച്ചെറിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞവരും ഇന്ന് നിരവധിയാണ്.
കൃഷിയ്ക്ക് നാം നല്‍കിക്കൊണ്ടിരിക്കുന്ന പ്രാധാന്യം കാര്‍ഷിക കോഴ്‌സുകള്‍ക്ക് ഇതുവരെ നല്‍കിയിട്ടുണ്ടോയെന്നത് പുന:പരിശോധിക്കേണ്ട കാര്യമാണ്. പ്രകൃതിയോടും മണ്ണിനോടുമെല്ലാം അല്പം സ്‌നേഹവും താത്പര്യവുമെല്ലാം ഉളളവര്‍ക്ക് തീര്‍ച്ചയായും കാര്‍ഷിക കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം.
ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്, നൈപുണ്യവികസനം തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പഠനത്തിന് അവസരങ്ങളും അനവധിയാണ്. ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, സോയില്‍ സയന്‍സ്, ബാച്ചിലര്‍ ഓഫ് വെറ്റിനറി സയന്‍സ് ആന്റ് അനിമല്‍ ഹസ്‌ബെന്ററി, ബിഎസ്‌സി ഫുഡ് ടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്, ഡയറി ടെക്‌നോളജി, ഫിഷറീസ് ടെക്‌നോളജി തുടങ്ങി വിവിധ കോഴ്‌സുകളുണ്ട്.
ബിഎസ്‌സിഅഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍ കേരളത്തില്‍ വെളളായണി (തിരുവനന്തപുരം), വെളളാനിക്കര (തൃശ്ശൂര്‍), പടന്നക്കാട് (കാസര്‍കോട്) എന്നിവിടങ്ങളില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക കോളെജുകളുണ്ട്. നീറ്റ് പരീക്ഷയിലൂടെയാണ് പ്രവേശനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ കൃഷി ഓഫീസര്‍മാരാകാം. അതുപോലെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ബാങ്ക് ഓഫീസര്‍, ഇന്‍ഷുറന്‍സ് ഓഫീസര്‍, അഗ്രിബിസിനസ് മാനേജര്‍ തുടങ്ങിയ മേഖലകളിലെല്ലാം പ്രവര്‍ത്തിക്കാം. ഗവേഷകരാകാന്‍ താത്പര്യമുളളവര്‍ക്ക് അതിനുളള മാര്‍ഗങ്ങള്‍ തേടാം. കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളും അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് നടത്തിവരുന്നുണ്ട്.
ഫോറസ്ട്രി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വനംവകുപ്പ്, സുവോളജിക്കല്‍ പാര്‍ക്കുകള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പ്ലാന്റേഷനുകള്‍ എന്നീ മേഖകള്‍ തെരഞ്ഞെടുക്കാനാകും. ഗവേഷണത്തിനും വിദേശപഠനത്തിനും സാധ്യതകളേറെയാണ്. ഫിഷറീസ് കോഴ്‌സ് തെരഞ്ഞെടുത്താല്‍ മത്സ്യഫെഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കാം.
വെറ്റിനറി സയന്‍സില്‍ താത്പര്യമുളളവര്‍ക്ക് തൃശ്ശൂരിലെ മണ്ണുത്തി, വയനാട്ടിലെ പൂക്കോട് എന്നിവിടങ്ങളില്‍ കേരള വെറ്റിനറി സര്‍വകലാശാലയുടെ കോളെജുകളില്‍ ബിവിഎസ്‌സി കോഴ്‌സ് തെരഞ്ഞെടുക്കാം. കോഴ്‌സ് പൂര്‍ത്തീകരിച്ചാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വെറ്റിനറി സര്‍ജനായി പ്രവര്‍ത്തിക്കാനാകും. അതുപോലെ വെറ്റിനറി കണ്‍സള്‍ട്ടന്റ്, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്.
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി-വിപണനരംഗങ്ങളിലും ഇതുമായി ബന്ധപ്പെട്ട ഫുഡ് പ്രൊസസിങ് മേഖകലളിലുമെല്ലാം ജോലി സാധ്യതകള്‍ നിരവധിയാണ്. അതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫുഡ് ടെക്‌നോളജി പോലുളള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം.