തുലാവര്‍ഷമഴ എത്ര കനത്താലും, വെള്ളം പൊങ്ങിയാലും കൃഷിനശിക്കാതിരിക്കാനുള്ള നൂതന പരീക്ഷണങ്ങളുമായി ചെറുതാഴം ഗ്രാമവാസികള്‍ മാതൃക കാട്ടുന്നു.നെല്‍കൃഷിയില്‍ വിത്തിടല്‍ മുതല്‍ ഞാറുനടല്‍വരെയുള്ള ഘട്ടമാണ് പുതിയരീതിയില്‍ നടത്തിയിരിക്കുന്നത്.സാധാരണ നിലമൊരുക്കി വെള്ളം നിറച്ച് വിത്തിടുന്ന രീതിക്ക് പകരം എല്ലാ പ്രാരംഭപ്രവര്‍ത്തനങ്ങളും കരയിലാണ് നടത്തിയത്. കര്‍ഷകരെല്ലാം ചേര്‍ന്ന് സ്വന്തം വീട്ടുമുറ്റത്ത് തന്നെ പ്രത്യേകം വയല്‍മെത്ത തയ്യാറാക്കി അതിലാണ് വിത്ത് വിതച്ചത്.
പ്ലാസ്റ്റിക് ഷീറ്റില്‍ പൊടിമണ്ണും കമ്പോസ്റ്റു വളവും ചേര്‍ത്ത് തയ്യാറാക്കുന്ന മെത്തയില്‍ വിത്തുവിതയ്ക്കലായിരുന്നു ആദ്യഘട്ടം.വിത്ത് നശിക്കാതിരിക്കാനും അമിതമായി വെള്ളം വീണ് ചീയാതിരിക്കാനും കടലാസ്സുകളിട്ടു മൂടുകയും ചെയ്തു.മൂന്നു ദിവസംകൊണ്ട് തന്നെ മുളപൊട്ടിയതായി കര്‍ഷക സംഘാംഗങ്ങള്‍ പറഞ്ഞു.തുടര്‍ന്ന് കടലാസ്സുകള്‍ നീക്കി പലതവണ വെളളം നനച്ചതോടെ മുളകള്‍ നല്ല ആരോഗ്യത്തോടെ തലയുയര്‍ത്തി.ഒരേ തരത്തില്‍ ഞാറുകള്‍ വളരുകയും ചെയ്തു.
വീട്ടുമുറ്റത്ത് ഓരോരുത്തരുടേയും പ്രത്യേക ശ്രദ്ധയില്‍ നടന്ന വിത്തൊരുക്കല്‍ മൂലം കിളികളുടെ ശല്യമോ കീടബാധയോ ഉണ്ടായില്ലെന്ന മെച്ചവുമുണ്ടായെന്നും ഗ്രാമീണര്‍ ആശ്വാസത്തോടെ പറഞ്ഞു. ഷീറ്റുകളടക്കം ഞാറുമെത്തകള്‍ മുറിച്ച് ആവശ്യമായ രീതിയില്‍ പാടത്ത് നടാനെടുക്കാമെന്ന സൗകര്യവും ഏവരും ചൂണ്ടിക്കാട്ടി.