പരവൂര്‍ കോട്ടമൂലയില്‍ വലിയനെട്ടാവിളയിലെ ബാലചന്ദ്രന്‍ പിള്ളയ്ക്ക് ഇത് പുനര്‍ജന്മമാണ്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിറി കോടിയ നിലയിലായിരുന്നു അദ്ദേഹത്തെ മൂന്നു വര്‍ഷം മുന്‍പ് കാണുന്നത്. അനേകം ഗുളികകളുടെ ബലത്തില്‍ രക്ഷപെട്ടെങ്കിലും ക്ഷീണിതനായി കിടക്കുന്ന പിള്ള ഊര്‍ജ്ജസ്വലമായ പഴയകാല ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. സൈക്കോ തെറാപ്പിയും ഫിസിയോ തെറാപ്പിയുമൊന്നുമല്ല അതിന് കാരണമായത് , ഡയറി തെറാപ്പിയാണ് എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
കയറിന് പേരുകേട്ട നാടാണ് പരവൂര്‍.പരവൂര്‍ കായല്‍ പൂര്‍ണ്ണമായും തൊണ്ടുമൂടികിടന്ന കാലമൊക്കെ പോയി. ആ പുഷ്‌ക്കലകാലത്ത് നൂറിലേറെ ജോലിക്കാരുണ്ടായിരുന്ന കരിമ്പിലാങ്ങില്‍ കേശവക്കുറുപ്പിന്റെ മകനാണ് ബാലചന്ദ്രന്‍ പിള്ള. സ്‌കൂളില്‍ അധ്യാപകനായി നിയമനം കിട്ടിയിട്ടും അത് വേണ്ടെന്നുവച്ച് കയര്‍ വ്യവസായത്തില്‍ ഉറച്ചു നിന്നു. എന്നാല്‍ ക്രമേണ തൊഴിലാളികളുടെ ക്ഷാമവും കൂലിക്കൂടുതലും കയറിന്റെ പ്രിയം കുറഞ്ഞതുമൊക്കെ ആ വ്യവസായത്തെ ബാധിച്ചു. അങ്ങിനെ മെല്ലെ മെല്ലെ കയര്‍ വ്യവസായം നിര്‍ത്തി, ബാലചന്ദ്രന്‍ പിളള പശുക്കളെ വളര്‍ത്താന്‍ തുടങ്ങി. എല്ലായ്‌പ്പോഴും 3-4 പശുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹവും ഭാര്യയും കൂടിത്തന്നെയാണ് അതിനെ നോക്കിവന്നതും . സഹായത്തിന് ഒരാളെയും വച്ചു. ഇങ്ങിനെ ഇരിക്കെയാണ് ബാലചന്ദ്രന്‍ പിള്ളയെ രോഗം ബാധിച്ചത്. അതൊരു ഷോക്കായിരുന്നു. പുറത്തുപോകാനും പശുക്കളെ പരിചരിക്കാനുമൊന്നും വയ്യാത്ത അവസ്ഥ. ഉണ്ടും ഉറങ്ങിയും ടിവി കണ്ടും പത്രം വായിച്ചുമുളള ജീവിതം. പ്രദേശത്തെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തിനും പറ്റാത്ത അവസ്ഥ.
നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. മുട്ടിന്റെ തേയ്മാനമായിരുന്നു അതിന് കാരണം. 10 ദിവസം ഫിസിയോതെറാപ്പി ചെയ്തു. അതോടെ കുറച്ചു സുഖം തോന്നി. പിന്നീട് ഒരു വെളിപാടുണ്ടായതുപോലെയായിരുന്നു. ' നീ ഇങ്ങിനെ കിടന്നാല്‍ ഇനി എണീക്കില്ല, ഉണരൂ, പ്രവര്‍ത്തിക്കൂ എന്നോരോ പറയുന്നപോലെ', ബാലചന്ദ്രന്‍ പിളള പറഞ്ഞു. പിന്നീട് എപ്പോഴും അതുതന്നെയായിരുന്നു മനസില്‍. പശുക്കളെ വില്‍ക്കാം എന്നൊക്കെ കരുതിയിരുന്നതാണ്. അതൊഴിവാക്കി പതുക്കെ അവയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പലരും പറഞ്ഞു, വെറുതെ കുഴപ്പമുണ്ടാക്കണ്ട എന്ന്. പക്ഷെ മനസ് പറയുന്നുണ്ടായിരുന്നു ശരിയാകും, ശരിയാകുമെന്ന്.
ഒരു കൊച്ചുകുട്ടി പിച്ചവെക്കുന്നപോലെയായിരുന്നു തുടക്കം. എന്നാല്‍ മാറ്റം വന്നത് അതിവേഗമാണ്. ഇപ്പോള്‍ രാവിലെ 6 മണിക്ക് എരുത്തില്‍ വൃത്തിയാക്കുന്നതോടെ ദിവസം ആരംഭിക്കും.ആറരയാകുമ്പോള്‍ കറവക്കാരന്‍ വരും. അയാളെ സഹായിക്കാനായി കൂടും. പിന്നീട് പശുക്കള്‍ക്ക് വെളളം കൊടുക്കുക, കുളിപ്പിക്കുക, പറമ്പില്‍ അഴിച്ചു കെട്ടുക, ഭക്ഷണം നല്‍കുക, പുല്ലറുത്തെടുക്കുക തുടങ്ങി ഒരിടത്തും വെറുതെ ഇരുന്നു സമയം കളയാതെയുള്ള ജോലികളാണ്. മൂന്ന് പശുക്കളും അവയുടെ കുട്ടികളുമടങ്ങുന്ന കുടുംബത്തിനൊപ്പം സന്തോഷത്തോടെയുള്ള ജീവനം.
ദിവസം കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും നടത്തമുണ്ടാകും ഇവരുടെ പിന്നാലെ. വൈകിട്ട് 7 മണിയോടെ അന്നത്തെ ഷെഡ്യൂള്‍ അവസാനിക്കും. പിന്നെ ടെലിവിഷനു മുന്നിലിരുന്നും ഭക്ഷണം കഴിച്ചും കുശലം പറഞ്ഞും രാത്രി പതിനൊന്നു മണിവരെ ഇരിക്കും. അധ്വാനത്തിന്റെ തുടര്‍ച്ച എന്നവിധം സുഖമായ ഉറക്കം . വീണ്ടും ആറുമണിക്കാരംഭിക്കുന്നു മറ്റൊരധ്യായം. ഇത് ഡയറി തെറാപ്പിയല്ലാതെ മറ്റെന്ത് എന്നാണ് ബാലചന്ദ്രന്‍ പിളള ചോദിക്കുന്നത്. വിദഗ്ധര്‍ മറുപടി പറയട്ടെ.