ഇന്ത്യൻ കാർഷിക രംഗത്ത് വലിയ കുതിപ്പും ആധുനികവത്കരണവും നടപ്പിലാക്കപ്പെട്ടത് 'ഹരിതവിപ്ലവത്തിലൂടെ' ആയിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളും റോബോട്ടുകളും എല്ലാം സമസ്‌ത മേഖലകളിലും സാധാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ കാർഷികരംഗത്തിന്റെ ആധുനിക വത്കരണത്തെ കുറിച്ച് വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥാ നിരീക്ഷണം മുതൽ വിത്തിടാനും വെള്ളവും വളവും നൽകാനും വിളവെടുക്കാനും വിപണി കണ്ടെത്താനും വരെ ആധുനിക സങ്കേതങ്ങൾ ലഭ്യമായ ഈ കാലത്ത് ഇന്ത്യൻ കർഷകരുടെ 'ഏക ആധുനിക സാങ്കേതിക വിദ്യ' ട്രാക്ടറുകൾ മാത്രമായി ചുരുങ്ങുന്നുവെന്നത് ആശങ്കയുയർത്തുന്നതാണ്.
നിലമൊരുക്കാനും സാധനങ്ങൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്ന കാളകളേയും കാളവണ്ടിയേയും മാറ്റി പതിറ്റാണ്ടുകൾക്ക് മുൻപേ ഇന്ത്യൻ കർഷകർക്കൊപ്പം കൂടിയതാണ് ട്രാക്ടറുകൾ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക രംഗം തകർച്ചയുടെ കടന്നുപോകുമ്പോൾ, 2019 നെ അപേക്ഷിച്ച് ഇന്ത്യയിലെ ട്രാക്ടർ വിൽപന 2020 ൽ 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. കാർഷിക രംഗത്തിന്റെ ഉണർവ് കൂടി പ്രകടമാകുന്ന ഒരു കണക്ക് കൂടിയാണ് ഇതെങ്കിലും കാർഷികരംഗത്തെ ആധുനികവത്കരണം ട്രാക്ടറുകളിൽ മാത്രമായി ഒതുങ്ങുന്നുവെന്ന കൃത്യമായ സൂചന കൂടിയാണ് ഇത് നൽകുന്നത്.
ട്രാക്ടറുകൾ കാർഷിക യന്ത്രവൽക്കരണത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, കാർഷിക പ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിയുന്ന ഒരേയൊരു യന്ത്രമല്ല അവ. കാർഷിക ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ലേസർ ലെവലറുകൾ, വിവിധ ഫീൽഡ് ഉപകരണങ്ങൾ, മൂവർസ്, കോമ്പിനേഷൻ ഹാർവെസ്റ്ററുകൾ, സ്പ്രേയറുകൾ, ബാക്ക്ഹോകൾ മുതലായ കാർഷിക യന്ത്രങ്ങളും കർഷകർക്ക് ലഭ്യമാക്കണം. ഇന്ത്യയിലെ കർഷകർക്ക് ആധുനിക യന്ത്രസാമഗ്രികളെക്കുറിച്ചുള്ള അറിവ് തന്നെ പരിമിതമാണ്. പല കർഷകരും ഇപ്പോഴും പരമ്പരാഗത കൃഷിരീതികളെയും ഉപകരണങ്ങളെയും സങ്കേതങ്ങളെയുമാണ് ആശ്രയിക്കുന്നത്. കൃഷിയിലെ സാങ്കേതിക വിദ്യാ ഇടപെടലുകൾ വലിയ മാറ്റങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ മാത്രമേ സാധിക്കൂ.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നത് കാലാവസ്ഥാ വ്യതിയാനം കാർഷിക വിളവ് 9% വരെ കുറയ്ക്കും എന്നാണ്. അതുപ്രകാരം, കാലാവസ്ഥാ വ്യതിയാനം കഠിനമായി തന്നെ നമ്മുടെ കർഷകരെ ബാധിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, കർഷകർക്ക് അവരുടെ കൃഷിരീതികളിൽ മാറ്റം വരുത്താനും അതുവഴി കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ ഒഴിവാക്കാനും കഴിയും. ഇന്ത്യയിൽ ഏകദേശം 13 കോടി കർഷകരുണ്ട്. ഈ വലിയ വിഭാഗത്തിൽ വളരെ കുറച്ച് ശതമാനം പേർക്ക് മാത്രമേ ഡിജിറ്റലൈസേഷൻ കൃഷിയിൽ പ്രയോഗിക്കുക വഴി ഉണ്ടാവുന്ന വിശാലമായ സാധ്യതകളെക്കുറിച്ച് അറിയൂ. കാർഷിക രംഗത്തെ ഡിജിറ്റൽ പരിവർത്തനം വഴി വിവരങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങൾ, മണ്ണിന്റെ ഫലഭൂയിഷ്ഠത, മെച്ചപ്പെട്ട വിളവെടുപ്പ് രീതികൾ തുടങ്ങിയവ കർഷകർക്ക് കൃത്യമായും എളുപ്പത്തിലും ലഭ്യമാവുകയും സാധ്യമാവുകയും ചെയ്യും.
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക ഉപകരണങ്ങൾ നൽകുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. മിക്ക കർഷകർക്കും സ്വന്തമായി വിലയേറിയ യന്ത്രങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ സാധാരണയായി വിലയേറിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി വായ്പ എടുക്കുകയും അത് കൂടുതൽ സാമ്പത്തിക ബാധ്യത അവർക്ക് ഉണ്ടാക്കുകയും ചെയ്യും. കർഷകർക്ക് ഒരു തരത്തിലും നഷ്ടം ഉണ്ടാകാത്ത ഒരു മാർഗമുണ്ടായിരിക്കണം. കൂടുതൽ ഉപയോഗപ്രദമായ നവീന ഉപകരണങ്ങൾ കർഷകർക്ക് താങ്ങാനാവുന്നതും ഉപയോഗയോഗ്യമായതുമായ മാതൃകയിൽ ലഭ്യമാക്കണം. കോവിഡ് പ്രതിസന്ധിയിലും തളരാതെ നിന്ന നമ്മുടെ കാർഷികരംഗത്ത് നവീന സാങ്കേതിക വിദ്യാ വിപ്ലവം കൂടി ഉണ്ടായാൽ, നമ്മുടെ സാമ്പത്തിക രംഗത്തെ കർഷകർ തന്നെ രക്ഷിക്കുമെന്നതിൽ സംശയം വേണ്ട.