വൈറ്റ് മാജിക് ഷൂട്ടിങ് ഫ്ലോര്‍ എന്ന സ്റ്റുഡിയോയിൽ ഫോട്ടോയെടുക്കാന്‍ ചെന്നാൽ കൈ നിറയെ പച്ചക്കറികളുമായി മടങ്ങാം.ആരും വെറും കൈയോടെ മടങ്ങാന്‍ ഫോട്ടോഗ്രഫര്‍ സമ്മതിക്കില്ല. കോഴിക്കോട് വൈദ്യരങ്ങാടിക്കാരന്‍ ഷിബി എം വൈദ്യര്‍ എന്ന ഫോട്ടോഗ്രഫറാണ് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം പച്ചക്കറിയും ചെടിയും വിത്തുമൊക്കെ സൗജന്യമായി സമ്മാനിക്കുന്നത്. രാമനാട്ടുകര- എയര്‍പോര്‍ട്ട് റോഡില്‍ സഫ ബില്‍ഡിങ്ങില്‍ കാരശ്ശേരി ബാങ്കിന്‍റെ മുകളിലാണ് വൈറ്റ് മാജിക് ഷൂട്ട് ഫ്ലോര്‍. വലിയൊരു സ്റ്റുഡിയോ ഫ്ലോര്‍ ആണിത്. ഡിസൈന്‍ഡ് ഫോട്ടോഗ്രഫിയാണിവിടെ ചെയ്യുന്നത്. നല്ല നീളവും വലുപ്പവുമൊക്കെയുള്ള സ്വന്തം ഓഫീസിൻ്റെ മട്ടുപ്പാവിൽ രാസവളമിടാതെ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറിയൊക്കെ നാട്ടുകാരും കൂടി കഴിക്കട്ടെയെന്നാണ് ഇദ്ദേഹം പറയുന്നത്. 80 കിലോ തക്കാളി, 40 കിലോ വെണ്ടയ്ക്ക, 35 കിലോ പയര്‍ എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞു. ഇനിയും കുറേ തക്കാളി വിളവെടുക്കാന്‍ പാകത്തില്‍ നില്‍പ്പുണ്ട്.
പത്തു കിലോയോളം പച്ചമുളകും വഴുതനങ്ങയും വിളവെടുത്തിട്ടുണ്ട്.പച്ചമുളക് മാത്രം മൂന്നു തരമുണ്ട് .കൃഷി ചെയ്യാന്‍ ഏക്കറുക്കണക്കിന് ഭൂമിയൊന്നും വേണ്ടെന്നു മാത്രമല്ല ഷിബി കാണിച്ചു തരുന്നത്. ഗ്രോബാഗ് നിറയ്ക്കാന്‍ ഓടയില്‍ നിന്നു മണ്ണെടുത്തും, വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളം സംഭരിച്ചുവെച്ചും, ഓഫീസ് കഴുകി വൃത്തിയാക്കുന്ന വെള്ളം പോലും പാഴാക്കാതെയും ഒക്കെയാണ് ഷിബി ടെറസിലെ കൃഷിത്തോട്ടം നനച്ചു പരിപാലിക്കുന്നത്.ടെറസ് കൃഷി വിജയിച്ചതോടെ ജൈവകൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. കുറച്ചു ഭൂമിയില്‍ എല്ലാത്തരം കൃഷിയും ചെയ്യാനാണ് പദ്ധതി.