ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് തള്ളാന്‍ പോന്ന പമ്പുസെറ്റുകളാണ് പ്രൊപ്പല്ലര്‍ പമ്പുകള്‍. കുട്ടനാട് പോലുള്ള സ്ഥലങ്ങളില്‍ നെല്‍കൃഷിക്കു വേണ്ടിയുള്ള ജലസേചനത്തിനും, ജലനിര്‍ഗ്ഗമനത്തിനും ഇത്തരം പമ്പുസെറ്റുകള്‍ ഉപയോഗിക്കാം. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പ്രൊപ്പല്ലര്‍ പമ്പ്‌സെറ്റുകളാണ്.
പ്രവര്‍ത്തനം
ലോകത്ത് ആകമാനമുള്ള പമ്പുകളില്‍ ഭൂരിഭാഗവും അപകേന്ദ്രശക്തിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരു ഇരുമ്പ് അറയ്ക്കുള്ളില്‍ ശക്തിയായി തിരിയുന്ന ഇമ്പല്ലര്‍ സൃഷ്ടിക്കപ്പെടുന്ന അപകേന്ദ്ര ശക്തി (ഇലിൃേശളൗഴമഹ എീൃരല) മൂലം സംജാതമാക്കുന്ന മര്‍ദ്ദ വ്യത്യാസം - ആഴത്തിലുള്ള വെള്ളത്തെ മുകളിലേക്ക് ഉയര്‍ത്തി മാറ്റുന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്വം. എന്നാല്‍ പ്രൊപ്പല്ലര്‍ പമ്പുകളില്‍ ഒരു കുഴലിനുള്ളില്‍ ശക്തമായി തിരിയുന്ന ബ്ലൈഡുകളാണ് വെള്ളം പുറത്തേക്ക് തള്ളുന്നത്. ഏകദേശം ബോട്ട് എന്‍ജിനുകളില്‍ കാണുന്ന പ്രൊപ്പല്ലര്‍ പോലെയോ, വീടുകളിലെ പരിഷ്‌കരിച്ച എക്‌സോസ്റ്റ് ഫാനുകളോട് താരതമ്യം ചെയ്യാവുന്നവയാണ് പ്രൊപ്പല്ലര്‍ പമ്പുകളുടെ ഇമ്പല്ലര്‍. കുഴല്‍ പോലുള്ള ഇരുമ്പ് ചട്ടക്കൂടിന്റെ ഒരറ്റത്ത് ബെയറിങ്ങുകളുടെ സഹായത്താല്‍ ഉറപ്പിച്ചിരിക്കുന്ന പ്രൊപ്പല്ലര്‍ ബ്ലെയിഡുകള്‍ ശക്തമായി തിരിയുമ്പോള്‍ വലിച്ചെടുക്കുന്ന വെള്ളം കുഴലിനുള്ളിലൂടെ ശക്തിയായി പുറത്തേക്ക് തള്ളുന്നു.
സാധാരണ മൂന്നു മുതല്‍ അഞ്ചു വരെ ബ്ലെയിഡുകളാണ് - പ്രൊപ്പല്ലറില്‍ കാണപ്പെടുന്നത്. ബ്ലെയിഡുകളുടെ നിര്‍മ്മിതി, ചരിവ്, പ്രൊപ്പല്ലറിന്റെ കറക്കം എന്നീ ഘടകങ്ങളെ ആശ്രയിച്ച് പമ്പിന്റെ ജലം പുറത്തേക്ക് തള്ളാനുള്ള ശേഷിയും, ഉയര്‍ത്തി മാറ്റാനുള്ള കഴിവും വ്യത്യാസപ്പെടുത്തുന്നു. സാധാരണ പ്രൊപ്പല്ലര്‍ ബ്ലൈഡ് ഒരു സെറ്റായി വാര്‍ത്തെടുക്കുകയാണ് പതിവ്. കാസ്റ്റ് അയണ്‍, വെങ്കലം (Bronze), സ്റ്റെയിന്‍ലെസ് സ്റ്റീല്‍ - എന്നിവ കൊണ്ടാണ് പ്രൊപ്പല്ലര്‍ ബ്ലൈഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പമ്പിന്റെ ബെയറിങ്ങ്, പ്രൊപ്പല്ലര്‍ എന്നിവ മണലും ചെളിയും കയറി കേടാകാതിരിക്കാനുള്ള സംവിധാനങ്ങളും ചില പമ്പുസെറ്റുകളില്‍ കാണാം. പ്രൊപ്പല്ലര്‍ പമ്പിന്റെ കുതിരശകതി പ്രൊപ്പല്ലര്‍ ബ്ലെയിഡിന്റെ വലിപ്പത്തിനും ജലബഹിര്‍ഗമന ശേഷിക്കും ആനുപാതികമായി വ്യത്യാസപ്പെടുന്നു. പമ്പിങ്ങ് ചെയ്യേണ്ട ഉയരം കൂടുന്നതിനനുസരിച്ച് പുറത്തേക്ക് തള്ളുന്ന വെള്ളത്തിന്റെ അളവ് വളരെ കുറവായിരിക്കും എന്നത് പ്രൊപ്പല്ലര്‍ പമ്പിന്റെ ന്യൂനതയാണ്. സെക്കന്റില്‍ ഏകദേശം 1000 ലിറ്ററില്‍ കൂടുതല്‍ ജലം പുറത്തേക്ക് തള്ളാന്‍ ശേഷിയുള്ള പ്രൊപ്പല്ലര്‍ പമ്പുകളും ഇന്ന് ലഭ്യമാണ്.
കായലുകളിലും, കുളങ്ങളിലും വെള്ളം വറ്റിക്കേണ്ട അവസരത്തില്‍ ജലത്തില്‍ പൊങ്ങി കിടക്കുന്ന തരത്തിലുള്ള ഫ്‌ളോട്ടിംഗ് പമ്പ്‌സെറ്റ് ഉപയോഗിച്ചാല്‍ ജല വിതാനത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ മൂലം പമ്പ് കേടാകുന്നത് ഒഴിവാക്കാം.
കുട്ടനാടന്‍ മേഖലകളില്‍ പമ്പിങ്ങ് സമയത്ത്, കുളവാഴയും മറ്റ് പാഴ്‌വസ്തുക്കളും വെള്ളത്തോടൊപ്പം പ്രൊപ്പല്ലറിനുളളില്‍ കടക്കാന്‍ ഇടയാകുന്നത് പമ്പിന്റെ കാര്യക്ഷമത കുറയാന്‍ കാരണമാകും. അന്യ വസ്തുക്കള്‍ പമ്പിനുള്ളില്‍ കയറാതിരിക്കാന്‍ പമ്പിനു ചുറ്റും ഒരു അരിപ്പ ഘടിപ്പിക്കണം.
ഇത്തരം പമ്പ്‌സെറ്റ് സ്ഥാപിക്കുമ്പോള്‍ ജലം വലിച്ചെടുക്കുന്ന കുഴല്‍ വെള്ളത്തിനടിയില്‍ 60 മുതല്‍ 90 സെ. മീ വരെ ആഴത്തില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം. കൂടാതെ പ്രൊപ്പല്ലര്‍ വെള്ളത്തിനടിയില്‍ തറ നിരപ്പില്‍ നിന്നും 20 മുതല്‍ 30 സെ. മീ. ഉയരം നിലനിര്‍ത്തുന്നത് പമ്പിന്റെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കും. ജലസേചനത്തിനും, ജലനിര്‍ഗമനത്തിനും കുട്ടനാടന്‍ മേഖലകളില്‍ പരമ്പരാഗതമായി പെട്ടിയും പറയും ഉപയോഗിച്ചു പോരുന്നുണ്ട്. ഇതിനു പകരം കാര്യക്ഷമമായി ഉപയോഗിക്കാവുന്ന ഇത്തരം പമ്പുസെറ്റുകള്‍ ഉപയോഗിച്ച് 'ജലസേചന ജലനിര്‍ഗ്ഗമന' സംവിധാനങ്ങള്‍ നടപ്പാക്കാം. ഇത് കുട്ടനാടന്‍ നെല്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസകരമാകും.
ഉദയകുമാര്‍. കെ.എസ്, കെ.എല്‍.ഡി ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയര്‍, പട്ടം,
ഫോണ്‍ : 9447452227