അങ്ങ് കാശ്മീരിൽ മാത്രം അല്ല ഇവിടെ നമ്മുടെ കേരളത്തിലും വിളവെടുത്ത് കുങ്കുമപ്പൂ! ഇടുക്കി കാന്തല്ലൂരിലാണ് കൃഷിയിറക്കിയത്. വി.എസ്.പി.സി.കെ ലേല വിപണിയുടെ ഫീൽഡ് അസിസ്റ്റൻ്റ് ആയ ബി. രാമമൂർത്തിയാണ് കാന്തല്ലൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. ഐ.സി.എ. ആർ ബെംഗളൂരു ഡയറക്ടർ ഡോ. വി. വെങ്കിടസുബ്രമണ്യനാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. ശാസ്ത്രജ്ഞ മാത്യു, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി മോഹൻദാസ്, കൃഷി ഓഫീസർ സതീഷ് എന്നിവരും വിളവെടുപ്പിന് സാന്നിധ്യമറിയിച്ചു.
ശീതകാല പച്ചക്കറികൾക്കും പഴങ്ങൾക്കും പേര് കേട്ട സ്ഥലമാണ് കാന്തല്ലൂർ. ഇവിടെയാണ് കുങ്കുമപ്പൂവ് കൃഷി ചെയ്ത് വിജയിപ്പിച്ചത്. 25 സെൻ്റ് സ്ഥലത്താണ് കൃഷി ഇറക്കിയത്. 2022ലാണ് ഇടുക്കി കെ.വി.കെ, ഐ.സി.എ.ആർ ൻ്റെ സഹായത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ കുങ്കുമപ്പൂ കൃഷി ചെയ്യാൻ കർഷകരോട് ആവശ്യപ്പെട്ടത്. രാമമൂർത്തിയുൾപ്പെടെ 4 പേരാണ് താത്പര്യം പ്രകടിപ്പിച്ചത്.സുധാകർ സൗന്ദരരാജന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ജമ്മുവിൽ നിന്ന് സംഭരിച്ച വിത്തുകൾ കർഷകർക്ക് കൊടുത്തു. കഴിഞ്ഞ വർഷം കാന്തല്ലൂരിലെ വട്ടവട, ഉടുമ്പൻചോല, പെരുമല, മാഗമൺ എന്നിവിടങ്ങളിൽ ഇവർ കൃഷി ഇറക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ പൂക്കൾ കൊഴിഞ്ഞ് പോയി.
എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഈ വർഷം സെപ്തംബറിൽ രാമമൂർത്തി വീണ്ടും കൃഷി ഇറക്കി.12 സെൻ്റ് തുറന്ന സ്ഥലത്തും ബാക്കി പോളിഹൗസിലുമായി മൊത്തത്തിൽ 25 സെൻ്റ് സ്ഥലത്താണ് കൃഷി ചെയ്തത്. 200 കിലോ കിഴങ്ങ് നട്ട് പിടിപ്പിക്കുകയും കൃത്യമായ പരിപാലനം കൊടുക്കുകയും ചെയ്തു. തുറസ്സായ സ്ഥലത്ത് നട്ട് പിടിപ്പിച്ച കുങ്കുമം 50 ദിവസത്തിന് ശേഷം പൂത്തു. പോളിഹൗസിലെ കൂടി പൂവിട്ടതിന് ശേഷം മാത്രമേ മൊത്തത്തിലുള്ള വിളവെടുപ്പ് കണക്കാക്കാൻ പറ്റുകയുള്ളു എന്നും, കൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആയതിനാൽ ഉത്പന്നങ്ങൾ വിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ ലാഭം നിർണയിക്കാൻ കഴിയുകയുള്ളു എന്നാണ് രാമമൂർത്തി പറയുന്നത്.
കിഴങ്ങിൻ്റെ വലുപ്പമനുസരിച്ച് 3 മുതൽ 5 വരെ പൂ ലഭിക്കും. ഒരേക്കറിൽ കൃഷി ചെയ്താൽ ഒരു കിലോഗ്രാം വരെ വിളവ് എടുക്കാനാകും എന്നാണ് കെവികെ അധികൃതർ പറയുന്നത്. 1 കിലോ കുങ്കുമപ്പൂവിന് 3 ലക്ഷം രൂപ വരെയാണ് ഇന്നത്തെ വിപണി വില. കൃഷി വിജയകരമായതിനാൽ ഇനിയും കൃഷി ചെയ്യുന്നത് തുടരാനാണ് രാമമൂർത്തിയുടെ തീരുമാനം. വിള ലാഭകരമാണെന്ന് തെളിഞ്ഞാൽ കൂടുതൽ കർഷകർ അത് ഏറ്റെടുക്കുമെന്നും പ്രതീക്ഷയുണ്ട്.