ഓരോ ജീവന്റെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വൈവിധ്യമാർന്ന ഭക്ഷണങ്ങളാൽ സമ്പന്നമായ ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള പോരാട്ടത്തിന്റെ തുറന്നുകാട്ടലാണ് ഓരോ ഭക്ഷ്യദിനവും. ഇന്ന് ജൂൺ ഏഴ്...ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day). ദാരിദ്രത്തിന്റെയും വിശപ്പിന്റെയും യഥാർഥ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുക, രാജ്യാന്തര സഹകരണത്തോടെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക, കാർഷിക ഉൽപന്നങ്ങളുടെ വളർച്ചക്ക് പ്രാധാന്യം നൽകുക എന്നിവയാണ് ഓരോ ഭക്ഷ്യ സുരക്ഷാ ദിനാചരണവും ലക്ഷ്യം വയ്ക്കുന്നത്.
ലോകാരോഗ്യ സംഘടനയും (World Health Organization) ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയും (Food and Agriculture Organization) ചേർന്നാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം വർഷം തോറും ആചരിക്കുന്നത്. ആരോഗ്യകരമായ നാളെയ്ക്കായി ഇന്ന് സുരക്ഷിതമായ ഭക്ഷണം കഴിക്കൂ എന്ന ആശയമാണ് കഴിഞ്ഞ വർഷത്തെ ഭക്ഷ്യ സുരക്ഷാ ദിനം മുന്നോട്ടു വെച്ചതെങ്കിൽ ‘സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ നാരങ്ങ കഴിയ്ക്കാമോ? അറിയുക
ഭക്ഷ്യജന്യ രോഗങ്ങൾ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെയും ബാധിക്കാൻ തുടങ്ങിയതോടെ, 2018-ലാണ് യുഎൻ ജനറൽ അസംബ്ലി ആദ്യമായി ജൂണ് ഏഴിന് ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കണം എന്ന ആശയം മുന്നോട്ട് വച്ചത്. ഭക്ഷ്യസുരക്ഷയ്ക്കായി ആഗോളതലത്തിലുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രമേയം 2020ൽ ലോകാരോഗ്യ അസംബ്ലി പാസാക്കിയിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്
ലോകത്തിൽ ഓരോ വർഷവും പത്തിൽ ഒരാൾക്ക് ഭക്ഷ്യജന്യ രോഗങ്ങൾ ബാധിക്കുന്നു എന്നും 200 ലധികം വരുന്ന ഭക്ഷ്യജന്യ രോഗങ്ങളിൽ ചിലത് മാരകമാണെന്നും ലോകാരോഗ്യ സംഘടന നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു. അപകടകാരികളായ സൂക്ഷ്മാണുക്കൾ ഭക്ഷണത്തിലൂടെ വേഗത്തിൽ പകരുന്നു. പാരസിറ്റിക് രോഗങ്ങൾ (Parasitic diseases) മൂലം പ്രതിവർഷം ഏകദേശം ഏഴ് ലക്ഷം ആളുകളാണ് മരിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഭക്ഷ്യ പദാർഥങ്ങൾ തിരിച്ചറിയുന്നത് പ്രയാസമാണ്. അതിനാൽ ഭക്ഷ്യസുരക്ഷയ്ക്ക് പൊതു പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. എന്നാൽ പ്രാദേശിക തലത്തിലും ദേശീയ തലത്തിലുമുള്ള സഹകരണം ഇതിന് അനിവാര്യമാണ്. ആഗോളതലത്തിൽ നിന്നു മാത്രം ചിന്തിക്കേണ്ട ഒന്നല്ല ഭക്ഷ്യ സുരക്ഷ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നമ്മുടെ കേരളമാണ്. മത്സ്യവും മാംസവും അതിർത്തി കടന്നെത്തുമ്പോൾ മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ വെറും മൂന്ന് റീജിയണൽ ലാബുകൾ മാത്രമാണ് സജീവം.
2012 ൽ തിരുവനന്തപുരത്തും ഈ വർഷം കാസർകോടും നടന്ന മരണങ്ങൾക്ക് ആരാണ് സമാധാനം പറയുക. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ മാത്രം ചർച്ചകൾക്കും പരിശോധനകൾക്കും ആക്കം കൂട്ടിയാൽ മതിയോ. ഭക്ഷ്യ ഉൽപാദനവും സംരക്ഷണവുമെല്ലാം നമ്മുടെ കൈകളിലാണ്, സ്വയം ബോധവാന്മാരാകേണ്ടതും നമ്മൾ തന്നെയാണ്.