വാഴയുടെ എല്ലാ ഭാഗവും പൂവും, കായും, തണ്ടും, പഴവുമെല്ലാം ഭക്ഷ്യയോഗ്യമാണ്. ഇവ കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. ആരോഗ്യഗുണത്തിൽ ആണെങ്കിലും ഈ ഓരോ ഉൽപ്പന്നങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. നിത്യജീവിതത്തില്‍ തയ്യാറാക്കാവുന്ന വാഴ വിഭവങ്ങളും അവയുടെ ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
വാഴക്കുടപ്പന്‍ കട്ട്‌ലറ്റ്
വാഴപ്പൂവ് അല്ലെങ്കില്‍ വാഴക്കുടപ്പന്‍ പലതരത്തില്‍ കറിയാക്കി ഉപയോഗിക്കാം. നിരവധി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനത്തിനും അതുപോലെ വയറ്റിലെ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനുമെല്ലാം ഇത് വളരെയധികം സഹായകമാണ്. വാഴക്കുടപ്പന്‍ കുറച്ചെടുത്ത് ചെറുതാക്കി അരിഞ്ഞു കറപിടിക്കാതെ വെളിച്ചെണ്ണ ഒഴിച്ച് തിരുമ്മുക. ഇത് സവാള, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേയ്ക്ക് കുരുമുളക്, വേവിച്ച ഉരുളന്‍ കിഴങ്ങ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഉപ്പും ഗരംമസാലയും ചേര്‍ക്കുക. ഇവ ചെറുതായി പരത്തി മുട്ടയിൽ മുക്കി പൊരിച്ചെടുക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നേന്ത്രപ്പഴം കഴിച്ചാൽ അത് ഒരു ടോണിക്കിന്റെ ഫലം നൽകും
പച്ചക്കായ മെഴുക്കുപുരട്ടി
ഇതിനായി കായയുടെ തൊണ്ട് കുറച്ച് ചീകി കളഞ്ഞ്, ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേയ്ക്ക് ഇത് ചെറുതാക്കി അരിഞ്ഞിടുക. ഇത്, കറപിടിക്കാതിരിക്കുവാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇത് കഴുകി ഉപ്പിട്ട് വേവിച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അതിലേയ്ക്ക് ഉള്ളി, വെളുത്തുള്ളി, പച്ചമുളക് കുറച്ച് ഇഞ്ചി എന്നിവ ചേര്‍ത്ത് വഴറ്റി അതിലേയ്ക്ക് വറ്റല്‍മുളക് പൊടിച്ചത് ചിലര്‍ കുത്തുമുളക് എന്നും പറയും ഇവ ചേര്‍ക്കുക. നന്നായി മൂപ്പിക്കുക. നന്നായി മൂത്ത് വരുമ്പോള്‍ നല്ല മണം വരും ഇതിലേയ്ക്ക് വേപ്പില ഇട്ട് ഈ വേവിച്ച് വെച്ചിരിക്കുന്ന കായ ഇടുക. നന്നായി ഇളക്കി ചേര്‍ത്തതിനുശേഷം തീ അണക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: എളുപ്പത്തിൽ വണ്ണം കൂട്ടുവാൻ ഏത്തപ്പഴ ലേഹ്യം
കായ മീന്‍കറി
മീന്‍ കറി പോലെതന്നെ കായയും വെയ്ക്കാവുന്നതാണ്. കായ വലുപ്പത്തില്‍ നുറുക്കിയെടുക്കുക. അതായത് ശര്‍ക്കരവരട്ടി ഉണ്ടാക്കുവാന്‍ നുറുക്കുന്ന അതേപരുവത്തില്‍ നുറുക്കുക. അതിനുശേഷം ഉപ്പ് മുളക് ഇഞ്ചി, സവാള, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്തതിലേയ്ക്ക് പുളിവെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. വെന്തുവരുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ഉള്ളിയും വേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ഒഴിക്കുക.
കായപ്പൊടി കുറുക്ക്
കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ കൊടുക്കുന്ന കുറുക്കാണ് കായപ്പൊടിക്കുറുക്ക്. നേന്ത്രക്കായ ഉണക്കിപ്പൊടിച്ച് ഇതില്‍ തേങ്ങാപ്പാലും പനം കല്‍ക്കണ്ടവും ചേര്‍ത്ത് കുറുക്കിയെടുത്താണ് ഈ കുറുക്ക് സാധാരണ ഉണ്ടാക്കിയെടുക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യം ഉണ്ടാകുന്നതിനും അതുപോലെതന്നെ നല്ലരീതിയില്‍ തടിവെയ്ക്കുന്നതിനുമെല്ലാം ഈ കുറുക്ക് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പറഞ്ഞാൽ തീരില്ല നേന്ത്രക്കായയുടെ ഗുണങ്ങൾ
കായത്തൊണ്ട് തോരന്‍
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള കായത്തൊണ്ട് കറിവയ്ക്കുവാനായി ഉപയോഗിക്കാറുണ്ട്. ഇതിനായി നമ്മള്‍ ഉപയോഗിക്കുന്നത് നേന്ത്രക്കായയുടെ തൊണ്ടാണ്. ഉപ്പേരി വറുക്കാനും അതുപോലെ കാളനിലും നേന്ത്രക്കായ ഉപയോഗിക്കുമ്പോള്‍ അതിന്റെ തൊണ്ട് പൊളിച്ചുമാറ്റി വയ്ക്കും.
ഇതിനായി കായത്തൊണ്ട് നന്നായി കഴുകി, ചെറുതാക്കി നുറുക്കിയെടുക്കണം. ഇത്തരത്തില്‍ നുറുക്കിയെടുത്തതിനുശേഷം ഉപ്പിട്ട് കുറച്ച് വെള്ളത്തില്‍ വേവിച്ചെടുക്കുക. ഈ വേവിച്ചെടുത്ത കായത്തൊണ്ടും അതുപോലെ ഇതിലേയ്ക്ക് പയറും വേവിച്ചത് ചേര്‍ക്കണം.
കറി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു ചട്ടി വെച്ച്, അതിലേയ്ക്ക് ഉള്ളി ചതച്ചതും അചതുപോലെ ഇഞ്ചി വെളുത്തുള്ളി കുത്തുമുളക് എന്നിവയും ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് വേവിച്ചുവെച്ചിരിക്കുന്ന കായത്തൊണ്ട് പയര്‍ മിശ്രിതം ചേര്‍ക്കാവുന്നതാണ്. ഇത് കഞ്ഞിക്കൊപ്പവും അതുപോലെ പൊതിച്ചോറിലും ചേര്‍ക്കാവുന്ന നല്ലൊരു വിഭവമാണ്.
വാഴപ്പിണ്ടി ഉപ്പിലിട്ടത്
വാഴപ്പിണ്ടി ഉപ്പിലിടുവാനായി ആദ്യം ഇവ നന്നായി കഴുകിയതിനുശേഷം മാത്രം നുറുക്കിയെടുക്കുക. അതിനുശേഷം ഉപ്പും തിരുമ്മി വെച്ച് ഇതിലെ വെള്ളം വാര്‍ന്നുപോരുന്നവരെ വെയ്ക്കുക. പിന്നീട്, ഇതിലേയ്ക്ക് ചൊറുക്കയും പച്ചമുളകും ചേര്‍ത്ത് ഒരു ഉണങ്ങിയ കുപ്പിയിലേയ്ക്ക് മാറ്റി വയ്ക്കാവുന്നതാണ്.
വാഴപ്പിണ്ടി അച്ചാര്‍
ഉപ്പിലിട്ടുവെച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപയോഗിച്ച് അച്ചാര്‍ തയ്യാറാക്കുവാന്‍ എളുപ്പമാണ്. ഇതിനായി, നല്ലെണ്ണ ഒഴിച്ച് അതിലേയ്ക്ക് കടുക്, ഉലുവ, വേപ്പില, വെളുത്തുള്ളി, എന്നിവ ചേര്‍ക്കുക. ഒപ്പം ഇഞ്ചിയും ചേര്‍ക്കാം. ഇതിലേയ്ക്ക് മുളകുപൊടി, കായപ്പൊടി എന്നിവ ചേര്‍ക്കുക. പിന്നീട്, ഉപ്പിലിട്ട വാഴപ്പിണ്ടി ചേര്‍ത്ത് നന്നായി തിളപ്പിക്കുക. എണ്ണ നന്നായി ഒഴിക്കാവുന്നതാണ്. ഇത് ഉണങ്ങിയ കുപ്പിയിലാക്കി സൂക്ഷിച്ചുവയ്ക്കാം.
നേന്ത്രപ്പഴം
നല്ല രീതിയില്‍ പ്രോട്ടീനും അതുപോലെ ആന്റി ഓക്‌സിഡന്റും അടങ്ങിയിട്ടുള്ള ഒന്നാണ് നേന്തപ്പഴം, ഈ നേന്തപ്പഴം ഉപയോഗിച്ച് പുളിശ്ശേരി, അതുപോലെ പഴം വറുത്തത്, ഉന്നക്കായ, പഴം നിറച്ചത്, പഴം പൊരി, പഴം പുഴുങ്ങിയത്, കായ വറുത്തത് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ തയ്യാറാക്കുവാന്‍ സാധിക്കും. നേന്ത്രപ്പഴം ദിവസേന ഏതുവിധത്തിലായാലും ശരീരത്തില്‍ എത്തുന്നത് നല്ലതാണ്. ഇത് മസില്‍സിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. അതുപോലെതന്നെ സ്മൂത്തി, പാന്‍കേക്ക് എന്നിവയെല്ലാം നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.