മീൻ കറികളിൽ ഏറ്റവും ടേസ്റ്റി ആണ് ഫിഷ് മോളി. അത് പാലാ സ്റ്റൈലിൽ വച്ചാലോ? അതിലേറെ ടേസ്റ്റി ആയിരിക്കും. പാലായിലെ പ്രശസ്തയായ ചക്ക സ്പെഷ്യലിസ്റ്റും പാചക വിദഗ്ധയും യൂ -ട്യൂബറുമായ ആൻസി തയ്യാറാക്കിയ ഫിഷ് മോളി റെസിപ്പി ആണ് ഇത്.
ഫിഷ് മോളി തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
1.അരക്കിലോ കാളാഞ്ചി
2.കുറച്ചു വലിയ കഷണങ്ങൾ സാവാള മീഡിയ൦ സൈസ് രണ്ടെണ്ണം നുറുക്കിയത്
3.ഒരു തേങ്ങയുടെ പാൽ ഒന്നാം പാലും രണ്ടാം പാലും
4.രണ്ടു തക്കാളി
കഷ്ങ്ങളാക്കിയ കാളാഞ്ചിയിൽ ഉപ്പും കുരുമുളക് പൊടിയും അല്പം മഞ്ഞൾ പൊടിയും അല്പം നാരങ്ങാ നീരും ( വിനാഗിരിയും ചേർക്കാം) പുരട്ടി അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുന്നു. ഒരല്പം വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് രൂപത്തിൽ അരച്ചതും ചേർത്തു കഷണങ്ങൾ നല്ലതുപോലെ പുരട്ടി വേണം വയ്ക്കാൻ.
കാളാഞ്ചിക്കു പകരം ആവോലി, നെയ്മീൻ അങ്ങനെ ഏതു വേണമെങ്കിലും ഇതുപോലെ മോളി ഉണ്ടാക്കാൻ ഉപയോഗിക്കാം. അരമണിക്കൂർ ഫ്രിഡ്ജിൽ വച്ച മീൻ കഷണങ്ങൾ ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു നല്ലതുപോലെ തിളയ്ക്കുമ്പോൾ ഒന്ന് വറുത്തെടുക്കുക.ഒരുപാട് മൂത്ത് പോകാതെ നോക്കണം. ഒരു വശം മൊരിഞ്ഞു കഴിയുമ്പോൾ അത് മറിച്ചിടുക.പകുതി മൊരിഞ്ഞ മീൻ കഷ്ണങ്ങൾ മാറ്റി വച്ചിട്ട് ചീനച്ചട്ടിൽ സവാള വഴറ്റാം.
ചൂടായ എണ്ണയിലേക്ക് തക്കോലം, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർക്കുക.ഇതിലേക്ക് കറിവേപ്പില ചേർക്കാം. ഇതിലേക്ക് പച്ചമുളക്, വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർക്കാം. ഒരു വിധം മൂത്തു കഴിയുമ്പോൾ സവാള അരിഞ്ഞത് ചേർക്കാം.
സവാള മൂത്തു കഴിയുമ്പോൾ തക്കാളിയും ചേർത്ത് വഴറ്റുക. അതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞു ഇതിലേക്ക് തേങ്ങാപ്പാൽ ചേർക്കാം. ആദ്യം രണ്ടാം പാൽ ചേർക്കാം. ഒന്ന് ചെറുതായി തിളച്ചു കഴിഞ്ഞു അതിലേക്ക് വറുത്തു വച്ച മീൻ കഷണങ്ങൾ ചേർക്കുക. എരിവും പുളിയും പാകമാണോ എന്ന് നോക്കുക. ശേഷം അഞ്ചു മിനിറ്റ് വേവിക്കുക. നന്നായി തേങ്ങാപ്പാലിൽ വെന്ത മീൻകറിയിലേക്കു ഒന്നാം പാൽ ചേർത്ത് ഒന്ന് പാത്രം ചുറ്റിച്ചു വച്ചിട്ട് തീ ഓഫ് ചെയ്യുക. അതിലേക്ക് ഒരല്പം ഗരം മസാല പൊടി ചേർക്കുക. വളരെടേസ്റ്റി ആയ കറിയാണ് ഇത്.
തയ്യാറാക്കിയത് ആൻസി പാലാ