തയ്യാറാക്കിയത് -തങ്കം, തൂത്തുക്കുടി
കാര്‍ത്തികയ്ക്ക് കേരളത്തില്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ പുഴുങ്ങി കഴിക്കുന്നതാണ് പ്രാധാനമെങ്കില്‍ തമിഴ്‌നാട്ടിലത് പനയോല കൊഴുക്കട്ടയാണ്. കേരളത്തില്‍ തെരളിയും അടയുമൊക്കെ ഉണ്ടാക്കുന്ന രീതിയിലാണ് ഇവിടെ കൊഴുക്കട്ടയുണ്ടാക്കുന്നത്.
ആവശ്യമായ സാധനങ്ങള്‍
കടയില്‍ നിന്നും വാങ്ങുന്ന പച്ചരിപൊടി അല്ലെങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്ത് മിക്‌സിയില്‍ തരിയില്ലാതെ പൊടിച്ചെടുത്ത അരിപൊടി - അര കിലോ
ചുക്ക് - ഒരു ചെറു കഷണം
ഏലയ്ക്ക - 4 എണ്ണം
ചെറുപയര്‍ പരിപ്പ് - 100 ഗ്രാം
കരുപ്പട്ടി - 250 ഗ്രാം
നെയ്യ് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
പനയോല - ഒരടി വീതം നീളമുള്ളതും നല്ലവീതിയുള്ളതുമായ ഓല
ഉണ്ടാക്കുന്ന വിധം
കരുപ്പട്ടി പാണികാച്ചി വയ്ക്കുക. ചെറുപയര്‍ പരിപ്പ് വറുത്ത് ഇളം തവിട്ടു നിറമാകുമ്പോള്‍ വാങ്ങി വയ്ക്കുക. ആറിയശേഷം പയറും ചതച്ച ചുക്കും ഏലയ്ക്കയും ഉപ്പും കരുപ്പട്ടി പാണിയും നെയ്യും കുറച്ചുവെള്ളവും അരിപ്പൊടിയില്‍ ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഈ കൂട്ട് പനയോലയില്‍ അമര്‍ത്തി പരത്തണം. എന്നിട്ട് പനയോല നാരുകൊണ്ട് കെട്ടണം. ഇഡലി കുട്ടുകത്തില്‍ വെള്ളംവച്ച് തിളപ്പിച്ച ശേഷം തട്ടുകള്‍ വച്ച്, അതില്‍ കൊഴുക്കട്ടകള്‍ വച്ചുകൊടുക്കാം. അടച്ചശേഷം 15-20 മിനിട്ട് ചൂടാക്കണം. ആദ്യ പത്തുമിനിട്ട് നല്ല ചൂടിലും തുടര്‍ന്ന് തീ കുറച്ചും വയ്ക്കുന്നതാണ് നല്ലത്. ഇതോടെ കൊഴുക്കട്ട തയ്യാര്‍. ആറിയ ശേഷം രുചികരമായ പനയോല കൊഴുക്കട്ട കഴിക്കാം.