നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന മൂന്ന് തോരനുകളാണ് ചേമ്പില തോരനും പ്ലാവില തോരനും വാഴപ്പിണ്ടി തോരനും. ഇവയുടെ പാചകരീതിയാണ് താഴെ നൽകുന്നത്.
ചേമ്പില തോരൻ
ചേരുവകൾ
-
ചേമ്പില-വിടരാത്ത കൂമ്പില 20 എണ്ണം വീതം
-
ചെറിയ ഉള്ളി - അഞ്ച് എണ്ണം
-
കാന്താരി മുളക് - എട്ടെണ്ണം
-
കറിവേപ്പില - ഒരു തണ്ട്
-
മഞ്ഞൾപ്പൊടി - ഒരു നുള്ള്
-
വെള്ളം - ഒരു ഗ്ലാസ്
-
കുടംപുളി - ഒരു ചെറിയ തുണ്ട്
-
ഉപ്പ് -ആവശ്യത്തിന്
-
തേങ്ങ ചിരവിയത് - 100 ഗ്രാം
ബന്ധപ്പെട്ട വാർത്തകൾ: രോഗങ്ങൾ അകറ്റുന്ന വാഴപ്പിണ്ടി വിഭവങ്ങൾ
തയ്യാറാക്കുന്ന വിധം
താളു ചേമ്പിന്റ കൂമ്പില മുറിച്ചെടുത്തു തുറന്ന് വൃത്തിയാക്കിയശേഷം അത് ചുരുട്ടി വട്ടത്തിൽ കെട്ടി വയ്ക്കുക. അതിനുശേഷം തേങ്ങ ചിരവിയതും ചെറിയ ഉള്ളിയും കാന്താരിമുളകും കറിവേപ്പിലയും മഞ്ഞൾപ്പൊടിയും ഒതുക്കി എടുക്കുക. കെട്ടിവച്ചിരിക്കുന്ന ചേമ്പിലയ്‌ക്ക് ഒപ്പം പുളി, ഉപ്പ്, വെള്ളം എന്നിവയും ഒപ്പം അരപ്പും കൂട്ടി അരമണിക്കൂർ ചട്ടിയിൽ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യപ്രദം ഈ മൂന്ന് പായസക്കൂട്ടുകൾ
വാഴപ്പിണ്ടി തോരൻ
ചേരുവകൾ
-
വാഴപ്പിണ്ടി - കാൽ കിലോ
-
തേങ്ങ ചിരവിയത്- 150 ഗ്രാം
-
ഉള്ളി- എട്ടെണ്ണം
-
കാന്താരി മുളക് - 10 എണ്ണം
-
കറിവേപ്പില - ഒരു തണ്ട്
-
മഞ്ഞൾപ്പൊടി - ഒരു നുള്ള്
-
എണ്ണ -രണ്ട് ടീസ്പൂൺ
-
കടുക് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി കനം കുറച്ചു വട്ടത്തിലരിഞ്ഞു അതിൻറെ കറ നീക്കുക. അതിനുശേഷം അത് വെള്ളത്തിലേക്ക് കൊത്തി അരിയുക. പിന്നീട് തേങ്ങ ചിരവിയത്, ഉള്ളി, കാന്താരി, മുളക്, കറിവേപ്പില മഞ്ഞൾപൊടി തുടങ്ങിയ ചേരുവകൾ ഒതുക്കി എടുക്കുക. ചട്ടിയിൽ കടുക് മൂപ്പിച്ചതിനുശേഷം വാഴപ്പിണ്ടിയുടെ വെള്ളം ഊറ്റിയെടുത്തതും അരപ്പും കൂട്ടിയോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
പ്ലാവില തോരൻ
ചേരുവകൾ
-
അധികം മൂപ്പ് വരാത്ത പ്ലാവിലയുടെ ഞെട്ട് കളഞ്ഞ് ചെറുതായി അരിഞ്ഞത് - രണ്ട് കപ്പ്
-
തേങ്ങ - അരക്കപ്പ്
-
ചുവന്നുള്ളി- മൂന്നെണ്ണം
-
പച്ചമുളക് - രണ്ടെണ്ണം
-
കടുക് -അര ടീസ്പൂൺ
-
വെളിച്ചെണ്ണ -രണ്ട് വലിയ സ്പൂൺ
-
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
പ്ലാവില പുട്ടുകുറ്റിയിൽ ഇട്ട് ഏകദേശം 10 മിനിറ്റ് നേരം വേവിക്കുക. അതിനു ശേഷം തേങ്ങയും ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേർത്ത് മിക്സിയിൽ ഒതുക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ആവി കയറ്റിയ പ്ലാവിലയും അരപ്പും നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. ഇല നന്നായി വെന്ത ശേഷം വാങ്ങി വയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യഗുണങ്ങളേറെയുള്ള വാഴോൽപ്പന്നങ്ങൾ കൊണ്ടുണ്ടാക്കാവുന്ന ചില രുചികരമായ വിഭവങ്ങൾ