പായസം ഇഷ്ടമില്ലാത്തവരായി ആരുണ്ട്?. മലയാളികൾ പൊതുവെ മധുര പ്രിയരാണ്. അതുകൊണ്ടുതന്നെ ഏത് ആഘോഷത്തിലും അല്പം പായസം വിളമ്പാൻ എല്ലാവരും ഇഷ്ടപ്പെടുന്നു എന്നാൽ എല്ലാവരും മനപ്പായസം ആയി ഇഷ്ടപ്പെടുന്നത് പാൽപ്പായസം തന്നെയാണ്. എന്നാൽ പാൽപ്പായസത്തിനേക്കാൾ രുചികരവും, ആരോഗ്യം പ്രദാനം ചെയ്യുന്നതുമായ വ്യത്യസ്ത തരം പായസക്കൂട്ടുകൾ ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് കൊതിയൂറും വിഭവങ്ങൾ
ബീറ്റ്റൂട്ട് കാരറ്റ് പായസം
ചേരുവകൾ
1. ബീറ്റ്റൂട്ട് കാരറ്റ്-150 ഗ്രാം വീതം ഗ്രേറ്റ് ചെയ്തത്
2. പഞ്ചസാര - അരക്കിലോ
പാൽ - ഒന്നര ലിറ്റർ
3. നെയ്യ് - രണ്ടു വലിയ സ്പൂൺ
4. ഏലയ്ക്കാപൊടി -ഒരു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തത്
തയ്യാറാക്കുന്ന വിധം
ഉരുളിയിൽ നെയ്യ് ചൂടാക്കി കാരറ്റും ബീറ്റ്‌റൂട്ടും ചേർത്ത് നന്നായി വഴറ്റുക. അതിനുശേഷം പാലും പഞ്ചസാരയും ചേർത്ത് നന്നായി കുറുകി വാങ്ങണം. ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.
ബന്ധപ്പെട്ട വാർത്തകൾ: ഗൃഹാതുരത്വമേറുന്ന നാലുമണി പലഹാരങ്ങളുടെ പാചകക്കുറിപ്പുകൾ
2. മത്തങ്ങ പരിപ്പ് പായസം
ചേരുവകൾ
1.മത്തങ്ങ - 250 ഗ്രാം തൊലികളഞ്ഞ് കഷണങ്ങൾ ആക്കിയത്
2.ഒന്നാം പാൽ - ഒരു കപ്പ്
3.രണ്ടാം പാൽ - ഒന്നര കപ്പ്
4.കടലപ്പരിപ്പ് - 200 ഗ്രാം
5.നെയ്യ് - 100 മില്ലി
6. ശർക്കര ഉരുക്കിയത് - 250 മില്ലി 7.ഏലയ്ക്കാപൊടി, ജീരകപ്പൊടി, ചുക്കുപൊടി -അര ചെറിയ സ്പൂൺ വീതം
8.കശുവണ്ടിപ്പരിപ്പ്, കിസ്മിസ് -പത്തുവീതം
തയ്യാറാക്കുന്നവിധം
കടലപ്പരിപ്പ് അല്പം നെയ്യിൽ വറുത്തു പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിനു ശേഷം മിക്സിയിൽ അടിച്ച് മയപ്പെടുത്തുക. മത്തങ്ങ കഷ്ണങ്ങൾ രണ്ടാംപാൽ ചേർത്ത് വേവിക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് നന്നായി കുറുക്കിയെടുക്കുക. അരച്ചു വച്ച കടലപരിപ്പ് ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. അതിനുശേഷം ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി വാങ്ങാം. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പായസത്തിൽ ചേർത്ത് ചൂടോടെ വിളമ്പാം.
ഓട്സ് എള്ള് പായസം
ചേരുവകൾ
1.ഓട്സ് - അര കപ്പ്
2.തേങ്ങാപ്പാൽ - മൂന്ന് കപ്പ്
3.കൽക്കണ്ടം -ആവശ്യത്തിന്
4.ബദാം -ചെറുതായി മിക്സിയിൽ പൊടിച്ചത് പത്തെണ്ണം
5. എള്ള് -15 ഗ്രാം
6. വെർജിൻ കോക്കനട്ട് ഓയിൽ- 15 മി. ലി
തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാൽ ചേർത്ത് ഓട്സ് വേവിച്ചശേഷം കൽക്കണ്ടം ചേർക്കുക. അധികം കുറുകി വരികയാണെങ്കിൽ വെള്ളം ചേർക്കണം. ബദാമും എള്ളും വെർജിൻ കോക്കനട്ട് ഓയിലും ചേർത്ത് മൂപ്പിച്ച് പായസത്തിൽ ചേർക്കുക.