കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകള്‍
കൊഴുക്കട്ടകള്‍ മലയാളികളുടെ വളരെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. Passion weekനോട് അനുബന്ധിച്ചും ഇത് തയ്യാറാക്കാറുണ്ട്. ലാസറിന് ജീവന്‍ തിരിച്ച് കിട്ടിയപ്പോള്‍, ആഹ്ളാദഭരിതരായ ബന്ധുക്കള്‍ പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു മധുരപലഹാരം ഉണ്ടാക്കി ആഘോഷിച്ചതിന്റെ സ്മരണക്കായി ഇത് തയ്യാറാക്കുന്നു എന്നാണ് ഐതിഹ്യം. ഈ ശനിയാഴ്ച കൊഴുക്കട്ട ശനിയാഴ്ച എന്നും അറിയപ്പെടുന്നു.
ചേരുവകള്‍:
വറുത്ത അരിപ്പൊടി - 2 കപ്പ്
വെള്ളം - 3 കപ്പ് + 1/2 കപ്പ്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍ + കൈയില്‍ പുരട്ടാന്‍
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരവിയത്- 3 കപ്പ്
ശര്‍ക്കര - 125 ഗ്രാം
പഞ്ചസാര - 1/2 കപ്പ്
ഏലക്കാപ്പൊടി - 1/2 ടീസ്പൂണ്‍
വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ 2 ടീസ്പൂണ്‍ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് മിക്സ് ചെയ്തു വെക്കുക.
ശർക്കര പൊടിച്ചു 1/4 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കാം. ഇതിലേക്ക് 1 1/2 കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടിയും ചേർക്കാം.
ഇനി പഞ്ചസാര 1/4 കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി 1 1/2 കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കാം. ഇതിലേക്കും 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി ചേര്‍ക്കണം.
ഇപ്പോള്‍ അരിപ്പൊടി ചൂടാറി തുടങ്ങിക്കാണും അത് കുഴച്ചു മയപ്പെടുത്തി, ഓരോരൊ ചെറിയ ഉരുളകള്‍ എടുത്തു കൊഴുക്കട്ടയുടെ ആകൃതി ഉണ്ടാക്കി ഫില്ലിംഗ് വെച്ചു ഉരുട്ടിയെടുക്കാം .
ഇനി 20 മിനിറ്റ് ആവിയില്‍ വേവിക്കുക. ഒന്ന് ചൂടാറിയിട്ട് പ്ലേറ്റിലേക്ക് മാറ്റാം.
സ്വാദിഷ്ടമായ കൊഴുക്കട്ടകള്‍ തയ്യാര്‍!