തൈ തെങ്ങുകളെ വേനൽക്കാല പരിചരണം
വേനൽക്കാലത്തിന്റെ തീവ്രതയിൽ നിന്നു തെങ്ങിൻ തൈകളെ നന്നായി സംരക്ഷിക്കേണ്ടതുണ്ട്.
തൈകൾക്ക് തണൽ നൽകണം. കടയ്ക്കൽ ഈർപ്പം നിലനിർത്താനായി പുതയിടുകയും ചെയ്യാം. 30 തേങ്ങയുടെ തൊണ്ട് കമഴ്ത്തിയടുക്കി പുതയിടാം. ഇളം തെങ്ങിൻ തൈകളെ ഓലകൾ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്നത് പാരമ്പര്യമായി ചെയ്തു വരുന്ന വേനൽക്കാല സംരക്ഷണ മുറ തന്നെ. തൈകളെ കൃത്യമായി നിരീക്ഷിക്കുകയും രോഗ കീട ബാധകൾക്കെതിരെ പരിചരണ നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യണം.
പുതയിടീൽ
കായ്ക്കുന്ന തെങ്ങുകളുടെ വേനൽക്കാല പരിചരണത്തിന്റെ ഭാഗമായി പുതയിടുന്നത് മികച്ച ജലസംരക്ഷണ മാർഗ്ഗമാണ്.
മഴക്കാലം തീരുന്നതിന് തൊട്ടു മുമ്പ്, അതായത്, മണ്ണ് ഉണങ്ങുന്നതിനു മുമ്പ് പുതയിടണം. കൃത്യ സമയത്ത് പുതയിടാൻ കഴിഞ്ഞില്ലെങ്കിൽ 300 മുതൽ 400 ലിറ്റർ വെള്ളമടിച്ച് തടം നന്നായി നനച്ചതിനു ശേഷം പുതയിടുക.
ചകിരിച്ചോറ് 10 മുതൽ 15 സെന്റീമീറ്റർ കനത്തിൽ പുതയിടുന്നത് ജലാവശ്യം 45-50 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
തെങ്ങോലകളും പുതയിടാനായി ഉപയോഗിക്കാം.
മടൽ വെട്ടി മാറ്റിയ 15 മുതൽ 20 തെങ്ങോലകൾ മുറിച്ച് 3 അട്ടികളായി പുതയിടാവുന്നതാണ്. ഒപ്പം, ജലസേചനവും അനു വർത്തിക്കേണ്ടതാണ്. ഇതുപോലെ തടങ്ങളിൽ തൊണ്ട് കമഴ്ത്തിയടുക്കുന്നതും 50 ശതമാനം വരെ ജലനഷ്ടം കുറക്കാനും മണ്ണിന്റെ ഊഷ്മാവ് 1.6 - 1.7 ഡിഗ്രി സെൽഷ്യസ് കുറക്കാനും വേരുകളുടെ എണ്ണം കൂട്ടാനും സഹായിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പുരയിടത്തിൽ തെങ്ങിന്റെ ഇടസ്ഥലങ്ങളിൽ ചാലുകൾ ഉണ്ടാക്കി (4 അടി വീതി 2 അടി താഴ്ച, നീളം സൗകര്യത്തിന്) അതിൽ കൊണ്ടും മറ്റു ജൈവ വസ്തുക്കളും നിറച്ച് മുകളിൽ തെങ്ങോലയിട്ട് മണ്ണിട്ട് മൂടുക.
ജലസേചനം
വേനൽക്കാലത്ത് തെങ്ങിന്റെ പുരയിടങ്ങളിൽ ജലസേചനം നൽകുന്നത് നാളികേര ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ്. ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ആവശ്യമായ തോതിൽ ജലസേചനം അനുവർത്തിക്കേണ്ടതാണ്. പരമ്പരാഗത രീതിയിൽ ഹോസുപയോഗിച്ചുള്ള ജലസേചനം, കണിക ജലസേചനം / തുള്ളി നനയായി നൽകുന്ന ഫെർട്ടിഗേഷൻ രീതിയും പ്രചാരത്തിൽ ആകുന്നുണ്ട്.
തൈതെങ്ങുകൾ ജലസേചനം
ഹോസുപയോഗിച്ചുള്ള ജലസേചനം - 75 - 80 ലിറ്റർ വെള്ളം - 4 ദിവസത്തിലൊരിക്കൽ
തുള്ളി നന 32-40 ലിറ്റർ വെള്ളം/ ദിവസം
തെങ്ങിൻ തൈകൾക്ക്, മൺകുടം ഉപയോഗിച്ചുള്ള തിരി നനയും സ്വീകരിക്കാവുന്നതാണ്.