കർഷകർക്ക് ഏറ്റവും വിനാശം ഉണ്ടാക്കുന്ന ജീവികളിൽ ഒന്നാണ് എലി. കൃഷിയിടങ്ങളിൽ നിന്ന് എലിയെ തുരത്താൻ ചില നുറുങ്ങു വിദ്യകൾ
- ഉണക്കച്ചെമ്മീൻ വറുത്ത് പൊടിച്ച് സിമന്റ് പൊടിയുമായി കൂട്ടി ചേർത്തു ചെറിയ കടലാസുകളിൽ വരമ്പുകളിൽ വയ്ക്കുക. എലി അവ തിന്ന് ചത്തു കൊള്ളും,
- പൈനാപ്പിൾ തോട്ടത്തിൽ ആഞ്ഞിലിയോ പ്ലാവോ മരങ്ങൾ ഉണ്ടെങ്കിൽ അവയുടെ പഴങ്ങൾ പഴുത്ത് താഴെ വീന്നു കിടക്കാൻ അനുവദിക്കുക. എങ്കിൽ എലി അവ തിന്നു കൊള്ളും. കൈതച്ചക്കയെ ആക്രമിക്കുകയില്ല.
- ശീമക്കൊന്നയുടെ ഇലയും തൊലിയും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ രണ്ടു തവണ പുഴുങ്ങിയ ശേഷം തണലിൽ തോർത്തിയെടുത്ത നെല്ലും ഗോതമ്പും എലിവിഷമായി വളരെ പ്രയോജനപ്രദമാണ്.
- മരച്ചീനി കൃഷി ചെയ്യുന്നിടത്ത് ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാൽ തുരപ്പൻ ശല്യം കുറയും.
- ചത്ത എലികളെ കാക്ക കൊത്തി വലിക്കത്തക്ക വണ്ണം പറമ്പിൽ തന്നെ ഇടുക. ദുർഗന്ധം നിലനിൽക്കുന്നിടത്തോളം മറ്റ് എലികൾ ആ പ്രദേശത്ത് അടുക്കുകയില്ല.
- വിളകളുടെ അരികിൽ പായിക്കുള്ളി നട്ടുവളർത്തിയാൽ എലികളിൽ നിന്നും കൃഷിയെ രക്ഷിക്കാം. പൈനാപ്പിൾ തോട്ടത്തിൽ എലി ശല്യം ഒഴിവാക്കാനായി തോട്ടത്തിന്റെ അരികിലൂടെ കപ്പ നടുക, എലിക്ക് കപ്പയോടായിരിക്കും കൂടുതൽ താല്പര്യം.
- ആമ്പൽക്കായ എലിക്കിഷ്ടപ്പെട്ട തീറ്റയാണ്. അത് പിളർന്ന് അല്പം വിഷം വച്ച് അടച്ച് പാടത്തിന്റെ വരമ്പത്തു വയ്ക്കുക. എലി അത് തിന്ന് ചത്ത് കൊള്ളും.
- ഉരുക്കിയ ശർക്കരയിൽ അല്പം പഞ്ഞിമുക്കി എടുക്കുക. ഗോതമ്പ് മാവ്, പൊടിച്ച ഉണക്ക് മത്സ്യം എന്നിവ ചേർത്ത് പൊടിയായ ഖര മിശ്രിതത്തിൽ, കാപ്പിക്കുരുവിന്റെ വലിപ്പത്തിലുരുട്ടിയ പഞ്ഞി ഉരുളകൾ മുക്കി എടുക്കുക. ഈ ഉരുളകൾ പറമ്പിൽ പല ഭാഗങ്ങളിലായി വയ്ക്കുക. ഇതു തിന്നുന്ന എലി കുടൽ തടസ്സപ്പെട്ട് 10-12 ദിവസങ്ങൾക്കകം ആയി ചത്തു കൊള്ളും
English Summary: 8 STEPS TO GET RID OF RAT IN FIELD
Published on: 22 December 2022, 11:55 IST