അനവധി രോഗങ്ങൾക്കുള്ള ആയുർവ്വേദ ഔഷധങ്ങളിലെ കൺകണ്ട ഔഷധമാണ് അടപതിയൻ കിഴങ്ങ്. സംസ്കൃതത്തിൽ ജീവന്തി എന്ന വിലപിടിച്ച ഇത് ഒരു വള്ളി ചെടിയാണ്. വനപ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. ആന്ധ്രാപ്രദേശിലാണ് വാണിജ്യപരമായ കൃഷി. ഹൃദയാകൃതിയിലുള്ള ഇലകളോടു കൂടിയ അടപതിയന്റെ എല്ലാ ഭാഗങ്ങളിലും മധുര സ്വാദുള്ള വെളുത്ത കറയുണ്ടാവും. അതിനാൽ ആട് പശു, കോഴി, പന്നി തുടങ്ങിയ മൃഗങ്ങൾ കണ്ടാൽ തിന്നു നശിപ്പിക്കും.
കാണ്ഡത്തിന് വയലറ്റ് കലർന്ന പച്ച നിറമാണ്. ഒന്നര വർഷമാകുന്നതോടു കൂടി മാംസളമായ ചുവപ്പു കലർന്ന ധാരാളം പൂക്കളുണ്ടാകും. പെൺപൂക്കൾ ഫലങ്ങളായി മാറുന്നു. 4 ഇഞ്ച് നീളം വരുന്ന കായ്കളിൽ അപ്പൂപ്പൻ താടി പോലെയുള്ള ധാരാളം വിത്തുകൾ കാറ്റത്ത് വിതരണം ചെയ്യാൻ പരുവത്തിൽ ഫലങ്ങൾ പാകമാകുമ്പോൾ പൊട്ടി ചിതറും. കനം കുറഞ്ഞു തവിട്ടു നിറത്തിലുള്ള വിത്തുകൾ മുളപ്പിക്കാം.
കാലവർഷാരംഭത്തോടു കൂടി നടാനുദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി എല്ലുപൊടി ചാണകപ്പൊടി ഇവ നന്നായി ചേർത്ത് മൂന്നടിയകലത്തിൽ തടങ്ങളെടുക്കണം. ഇതിൽ മുളച്ച് തൈകൾ ചെറിയ മഴയുള്ള സമയത്ത് നട്ടു കൊടുക്കണം.
കൃത്യമായി കളയെടുക്കുകയും വേനൽക്കാലത്ത് നനച്ചു കൊടുക്കുകയും ചെയ്യണം. കയറി പോകുമ്പോൾ കമ്പു കുത്തി പന്തലിട്ടു കൊടുക്കണം.
ഒന്നര വർഷം കഴിയുന്നതോടു കൂടി കൈവിരൽ വലിപ്പമുള്ള ഉരുണ്ട് കിഴങ്ങുകൾ കേടു വരാതെ കിളച്ചെടുത്ത് വൃത്തിയാക്കി 3 ഇഞ്ച് നീളത്തിൽ വെട്ടിയരിഞ്ഞ് 4 ദിവസമെങ്കിലും വെയിൽ കൊള്ളിച്ച് നന്നായി പായ്ക്ക് ചെയ്ത് വിപണനം നടത്താം. ഒരേക്കർ സ്ഥലത്തു നിന്നും ഏകദേശം 200 കിലോഗ്രാം ഉണങ്ങിയ കിഴങ്ങ് ലഭിക്കും. കിലോഗ്രാമിന് 1000 രൂപയിലേറെ വില വരാറുണ്ട്.