വീട്ടുവളപ്പിലെ അകത്തി കൃഷിയിൽ ആദ്യം മുളച്ച് വേഗം വളരുന്ന അഞ്ചിലയും ആരോഗ്യമുള്ള തൈകളാണ് പറിച്ച് നടേണ്ടത്. തൈകളുടെ വേരിനൊപ്പമുള്ള മണ്ണ് വേർപെടുത്താതെ ഒപ്പം കോരി പ്രധാന കുഴിയിൽ നടുന്നരീതി അവലംബിക്കുകയാണ് മുഴുവൻ തൈകളും പിടിച്ചുകിട്ടാൻ പറ്റിയ മാർഗം. 50 സെ.മീ. നീളം, വീതി, താഴ്ച എന്ന അളവിൽ കുഴികളെടുത്ത് മേൽ മണ്ണും കുഴിയൊന്നിന് 3 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ അല്ലെങ്കിൽ 2 കിലോ മണ്ണിരകമ്പോസ്റ്റോ ചേർത്തിളക്കി കുഴി മൊത്തം മൂടുക.
കുഴിയുടെ സ്ഥാനത്ത് മണ്ണുകൂട്ടി 20 സെ.മീ. ഉയരത്തിൽ ഒരു ചെറുകൂന രൂപപ്പെടുത്തി അതിന്റെ നടുവിൽ അകത്തിതൈ നടണം. താങ്ങുകൊടുക്കൽ, നന്, തണൽ ക്രമീകരണം എന്നിവ സാഹചര്യമനുസരിച്ച് ചെയ്യുക. വെള്ളക്കെട്ട് ഒഴിവാക്കും വിധം മണ്ണ് കൂട്ടുക. ഇട ഇളക്കുക, കളയെടുപ്പ് എന്നിവ പ്രധാനശുപാർശകളാണ്. വീട്ടുവളപ്പിലെ സ്ഥലസൗകര്യം കണക്കിലെടുത്ത് രണ്ടു ചെടികൾ തമ്മിൽ ചുരുങ്ങിയത് 4 മീറ്റർ അകലം നൽകുന്നത് അകത്തിയുടെ ചിട്ടയായ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
നടീൽ മേയ് ജൂൺ മാസത്തിലെ വലിയ മഴയ്ക്ക് ശേഷം നട്ടാൽ പറിച്ചുനടുന്ന മുഴുവൻ തൈകളും പിടിച്ചുകിട്ടും. അകത്തിതൈ നടാൻ സ്ഥലം തിരഞ്ഞെടുക്കുന്നതിലും ചിലത് ശ്രദ്ധിക്കുവാനുണ്ട്. പകൽ ചുരുങ്ങിയത് 6-7 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. സുമാർ ആറുമാസത്തിന് ശേഷം തടിച്ചുവട്ടിൽ നിന്ന് ഒന്നരമീറ്റർ ചുറ്റളവിലുള്ള സ്ഥലം ഒഴികെ സമീപത്ത് മറ്റു കൃഷികൾ രണ്ടാം നിരയെന്ന രീതിയിൽ നടത്തുന്നതിന് ആവശ്യമായ സൂര്യപ്രകാശം ലഭ്യമാക്കുന്ന വിളയാണ് അകത്തി.
പ്രധാന പരിചരണങ്ങൾ
ചെടി പിടിച്ചുകിട്ടിയാൽ കാര്യമായ പരിചരണങ്ങളൊന്നുമില്ലെങ്കിലും വളരുന്ന സ്വഭാവമുണ്ട്. വീട്ടുവളപ്പിലെ വാഴ, പച്ചക്കറി എന്നിവയ്ക്ക് നൽകുന്ന പരിചരണങ്ങളിൽ പങ്ക് ചേർന്ന് വളർന്ന് പൊന്തുന്ന വേഗതയുള്ള വളർച്ചാ ശൈലി കൈമുതലായ ഔഷധവൃക്ഷമാണ് അകത്തി എങ്കിലും ഇത്രകണ്ട് പ്രാധാന്യവും അമൂല്യവുമായ ഔഷധവീര്യമുള്ള ഈ ചെടിക്ക് മണ്ണിന് നനവും സൂര്യപ്രകാശവും അത്യന്താപേക്ഷിതമാണ്.