പേരുകൊണ്ടുമാത്രം പ്രാധാന്യം ഊഹിക്കാവുന്ന ഔഷധസസ്യമാണ് അകത്തി. അഗസ്ത്യമുനി അരുളിചെയ്ത് ആയിരക്കണക്കിന് പ്രയോഗങ്ങൾ ഇന്നും മനുഷ്യരാശിക്ക് രോഗശമനസിദ്ധാന്തങ്ങളായി നിലകൊള്ളുന്നു. അഗസ്ത്യമഹർഷിയുടെ പ്രിയങ്കരമായ ഔഷധിയെന്ന് എക്കാലവും ഉപഭോക്താക്കൾക്ക് ഉറപ്പിനു വേണ്ടിയാണത്രേ മുനിദ്രുമം എന്ന പേരിലും ഈ ഔഷധവൃക്ഷം അറിയപ്പെടുന്നത്. അകത്തിയുടെ സ്വദേശം മലേഷ്യയാണെന്നാണ് രേഖ, പഞ്ചാബ്, ഡൽഹി, ആസ്സാം, തമിഴ്നാട് എന്നിവിടങ്ങളിലും ധാരാളമായി കണ്ടുവരുന്നു. കേരളത്തിലുടനീളം മണ്ണിന്റെ തരമോ കാലാവസ്ഥാ വ്യത്യാസങ്ങളോ കണക്കിലെടുക്കാതെ അതിവേഗം വളർന്ന് പന്തലിക്കുന്ന ഒരു ശൈലി നിലനിറുത്തുന്നു. ഒരു ഇലക്കറിയോ, ഔഷധസസ്യമോ കാലിത്തീറ്റ ചെടിയോ ഒക്കെയായി ഉപയോഗപ്പെടുത്താവുന്ന ഉത്തമ ഔഷധവൃക്ഷമാണ് അകത്തി.
മലയോര പ്രദേശങ്ങളിൽ കുരുമുളകിന് താങ്ങ് വൃക്ഷമായി ഉപയോഗിക്കുന്നു. മുരിക്ക് മുതലായ താങ്ങ് വൃക്ഷങ്ങൾ വിളസസ്യങ്ങളോടൊപ്പമോ അതിലധികമോ വെള്ളവും വളവും വെളിച്ചമോ പോലും ഉപയോഗപ്പെടുത്തുന്ന കാര്യം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുകൂലസാഹചര്യങ്ങളാണ് അകത്തിചെടി, കുരുമുളക് തോട്ടത്തിൽ താങ്ങായി ഉപയോഗിക്കുമ്പോഴുള്ളത്. തടി ഉറച്ച് ശിഖരം വീശിക്കഴിയുന്നതോടെ ധാരാളം സൂര്യപ്രകാശം കീഴ് നിരയിലുള്ള ചെടികൾക്ക് കൊടുക്കുന്ന ഒരു വളർച്ചാശൈലിയാണ് അകത്തിക്കുള്ളത്. ഒപ്പം വെള്ളത്തിനും വളത്തിനും വേണ്ടിയുള്ള മൽസരം മറ്റു താങ്ങുമരങ്ങളെ അപേക്ഷിച്ച് കുറവാണ്. പയറുവർഗത്തിൽപ്പെട്ട ചെടിയെന്ന നിലയ്ക്ക് അന്തരീക്ഷത്തിൽനിന്നും നൈട്രജൻ ആഗിരണം ചെയ്ത് മണ്ണ് സമ്പുഷ്ടമാക്കാനുള്ള ശേഷിയുണ്ട്
മണ്ണും കാലാവസ്ഥയും
അകത്തി ഒരു ബഹുവർഷ ഔഷധവൃക്ഷമാണ്. ഉഷ്ണമേഖലയിൽ നന്നായി വളരും. ഒരു പരിധിവരെ വേനലിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. 21 - 35 വരെ അന്തരീക്ഷ ഊഷ്മാവുള്ള പ്രദേശങ്ങളിൽ അകത്തി ആരോഗ്യത്തോടെ വളരും. എല്ലാത്തരം മണ്ണിലും വളരുന്നു. വായുസഞ്ചാരവും നീർവാർച്ചയും ഉണ്ടായിരുന്നാൽ വളർച്ച മെച്ചപ്പെടും. വെള്ളക്കെട്ട് ഇഷ്ടപ്പെടാത്ത ഔഷധിയാണ് അകത്തി.
വിത്തും നടീലും
ഒരു ഇലക്കറിയായും കൂടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വെളുത്ത പുഷ്പങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വൃക്ഷങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം. മുരിങ്ങയുടെ ഇളംകായ പോലെയാണ് അകത്തിക്കായ്. ഏതാണ്ട് 50-70 സെ.മീ. വരെ കായകൾക്ക് നീളമുണ്ട്. ഒക്ടോബർ- നവംബർ മാസങ്ങളിലാണ് അകത്തി പുഷ്പിക്കുക. കാലാവസ്ഥയിലെ വ്യത്യാസം കാരണം ഭാരതത്തിലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ പൂവിടുന്ന കാലത്തിന് മുപ്പത് ദിവസത്തോളം വ്യത്യാസം കാണാം. ഉണങ്ങിയാൽ കാൽ നിലത്ത് കൊഴിഞ്ഞുവീഴും. വിത്തിന് നല്ല മുഴുപ്പും ചാരനിറവുമാണ്. ഉണങ്ങിയ കായ ഒടിച്ചാൽ ഉണങ്ങിയ ഈർക്കിൽ ഒടിയുന്ന ശബ്ദത്തോടെ ഒടിയും. നല്ല മുഴുപ്പുള്ള വിത്തുകൾ തിരഞ്ഞെടുത്ത് പാകുന്നതിന് തലേ രാത്രി ഒരു തുണിയിൽ കിഴികെട്ടി വെള്ളത്തിൽ കുതിർക്കണം. മുളച്ച് കാലുനീട്ടാൻ കാത്തിരിക്കേണ്ടതില്ല മുള പൊട്ടി തുടങ്ങുന്ന മുറയ്ക്ക് വിത്ത് പാകാം
തടം തയാറാക്കൽ
ഒരു മീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ നിലത്തുനിന്ന് 20 സെ. മീ. ഉയരത്തിൽ കിളച്ച് കട്ടകളുടച്ച് തടം നേർമയായി തയാറാക്കുക. അടിവളമായി ഒരു ചതുരശ്ര മീറ്ററിന് 2 കിലോ ഉണങ്ങിയ ചാണകപ്പൊടി തടത്തിൽ ചേർത്തിളക്കുക. തടത്തിൽ വരി ഒപ്പിച്ച് വിത്ത് കുത്താം. വരികൾ തമ്മിലും നുരികൾ തമ്മിലും 30 സെ. മീ. അകലം ക്രമീകരിക്കുക. വിത്ത് 2 സെ.മീ. താഴ്ത്തിയാണ് കുത്തേണ്ടത്. കൂടുതൽ താഴ്ന്നാൽ മുള താമസിക്കും. ആറാം ദിവസം മുതൽ മുള പ്രത്യക്ഷപ്പെട്ടു തുടങ്ങും. അഞ്ചില പ്രായമാണ് പറിച്ചുനടാൻ ഏറ്റവും നന്ന്
ആദ്യം മുളച്ച് വേഗം വളരുന്ന അഞ്ചിലയും ആരോഗ്യമുള്ള തൈകളുമാണ് നടേണ്ടത്. തൈകളുടെ വേരിനൊപ്പമുള്ള മണ്ണ് വേർപെടുത്താതെ ഒപ്പം കോരി പ്രധാന കുഴിയിൽ നടുന്ന രീതി അവലംബിക്കുകയാണ് മുഴുവൻ തൈകളും പിടിച്ചു കിട്ടാൻ പറ്റിയ മാർഗം. 50 സെ.മീ. നീളം, വീതി, താഴ്ച എന്ന അളവിൽ കുഴികളെടുത്ത് മേൽ മണ്ണും കുഴിയൊന്നിന് 3 കിലോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ അല്ലെങ്കിൽ 2 കിലോ മണ്ണിര കമ്പോസ്റ്റോ ചേർത്തിളക്കി കുഴി മൊത്തം മൂടുക. കുഴിയുടെ സ്ഥാനത്ത് മണ്ണുകൂട്ടി 20 സെ.മീ. ഉയരത്തിൽ ഒരു ചെറുകൂന രൂപപ്പെടുത്തി അതിന്റെ നടുവിൽ അകത്തിതൈ നടണം. താങ്ങുകൊടുക്കൽ, നന്, തണൽ ക്രമീകരണം എന്നിവ സാഹചര്യമനുസരിച്ച് ചെയ്യുക. വെള്ളക്കെട്ട് ഒഴിവാക്കും വിധം മണ്ണ് കൂട്ടുക. ഇട ഇളക്കുക, കളയെടുപ്പ് എന്നിവ പ്രധാനശുപാർശകളാണ്. വീട്ടുവളപ്പിലെ സ്ഥലസൗകര്യം കണക്കിലെടുത്ത് രണ്ടു ചെടികൾ തമ്മിൽ ചുരുങ്ങിയത് 4 മീറ്റർ അകലം നൽകുന്നത് അകത്തിയുടെ ചിട്ടയായ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
നടീൽ മേയ് ജൂൺ മാസത്തിലെ വലിയ മഴയ്ക്ക് ശേഷം നട്ടാൽ പറിച്ചുനടുന്ന മുഴുവൻ തൈകളും പിടിച്ചുകിട്ടും. അകത്തിതൈ നടാൻ സ്ഥലം തിരഞ്ഞെടുക്കുന്നതിലും ചിലത് ശ്രദ്ധിക്കുവാനുണ്ട്. പകൽ ചുരുങ്ങിയത് 6-7 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. സുമാർ ആറുമാസത്തിന് ശേഷം തടിച്ചു വട്ടിൽ നിന്ന് ഒന്നരമീറ്റർ ചുറ്റളവിലുള്ള സ്ഥലം ഒഴികെ സമീപത്ത് മറ്റു കൃഷികൾ രണ്ടാം നിരയെന്ന രീതിയിൽ നടത്തുന്നതിന് ആവശ്യമായ സൂര്യപ്രകാശം ലഭ്യമാക്കുന്ന വിളയാണ് അകത്തി.
പ്രധാന പരിചരണങ്ങൾ
ചെടി പിടിച്ചുകിട്ടിയാൽ കാര്യമായ പരിചരണങ്ങളൊന്നുമില്ലെങ്കിലും വളരുന്ന സ്വഭാവമുണ്ട്. വീട്ടുവളപ്പിലെ വാഴ, പച്ചക്കറി എന്നിവയ്ക്ക് നൽകുന്ന പരിചരണങ്ങളിൽ പങ്ക് ചേർന്ന് വളർന്ന് പൊന്തുന്ന വേഗതയുള്ള വളർച്ചാശൈലി കൈമുതലായ ഔഷധവൃക്ഷമാണ് അകത്തി. എങ്കിലും ഇത്രകണ്ട് പ്രാധാന്യവും അമൂല്യവുമായ ഔഷധവീര്യമുള്ള ഈ ചെടിക്ക് മണ്ണിന് നനവും സൂര്യപ്രകാശവും അത്യന്താപേക്ഷിതമാണ്.
വളപ്രയോഗം, വിളവെടുപ്പ്
നടീൽ കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം വളർച്ചാശൈലിയും ഇലപൊഴിച്ചിലിന്റെ തോതും കണക്കിലെടുത്ത് തടിയുടെ വളർച്ചയ്ക്ക് കേടു വരാത്തവിധം നേരിയതോതിൽ ഇളംതലപ്പുകൾ മുറിച്ചെടുക്കാം. വിളവെടുപ്പ് തുടർച്ചയായി നടത്തുന്ന ചെടികൾക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു കിലോ എല്ലുപൊടി, ഒരു കിലോ ചാരം, രണ്ടുകിലോ ഉണങ്ങിയ കാലിവളം അഥവാ മണ്ണിരകമ്പോസ്റ്റ് എന്നിവ തടിച്ചുവട്ടിൽ നിന്ന് 30 സെ. മീ. മാറ്റി, മേൽമണ്ണിൽ വേരിന് കേടു കൂടാതെ ഇളക്കി ചേർക്കണം. മൂന്നു വർഷം വരെ ഈ പരിചരണം തുടരാം. അതിനുശേഷം ഇത് വർഷത്തിൽ ഒരു പ്രാവശ്യമായി ചുരുക്കാം. അത് ആഗസ്റ്റ് മാസത്തിലായാൽ ഏറെ ഉത്തമം