കറ്റാർവാഴയ്ക്ക് ഏറ്റവും പറ്റിയ കാലാവസ്‌ഥ നല്ല വരണ്ട പ്രദേശമാണ്. മണ്ണ് ഫലഫൂയിഷ്‌ടമല്ലെങ്കിൽപോലും ഈ ചെടി വളർത്താൻ സാധിക്കും. ആയതിനാൽ കറ്റാർവാഴ കൃഷിയ്ക്ക് മറ്റു വിളകൾക്ക് അനുയോജ്യമല്ലാത്ത സ്‌ഥലം തെരഞ്ഞെടുത്താലും പ്രശ്നമില്ല. കഴിയുന്നതും മണൽ കൂടുതൽ കണ്ടു വരുന്ന തരിശുഭൂമി കറ്റാർവാഴയ്ക്ക് അനുയോജ്യമാണ്.
മരുഭൂമിയിൽ വളരാനുള്ള ഘടനകളാണ് ഈ ചെടിയ്ക്കുള്ളത്. മാംസളമായ ഇലകൾ വരണ്ട കാലാവസ്‌ഥയെ അതിജീവിക്കാൻ ഇതിനെ സഹായിക്കുന്നു.
കറ്റാർവാഴയുടെ ഇലകൾക്ക് ഒരു കി.ഗ്രാമിന് 5 മുതൽ 10 രൂപ വരെ ലഭിക്കും. അകലത്തിൽ നട്ടിരിക്കുന്ന തെങ്ങിൻ തോപ്പുകളിൽ ഒരു ഇടവിളയായി കറ്റാർവാഴ നടാവുന്നതാണ്. മഴക്കാലം പകുതിയാകുമ്പോൾ കൃഷിയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാം. മണ്ണു നന്നായി ഇളക്കി കരിയില വളം മണ്ണിൽ വേണമെങ്കിൽ ചേർക്കാം. ഒരു വളവും ചേർത്തില്ലെങ്കിലും കറ്റാർവാഴ നന്നായി വളരും.
നടുന്നതിന് പ്രത്യേകിച്ച് ഒരു രീതി തന്നെ വേണ്ട സ്‌ഥലത്തിൻറെ കിടപ്പനുസരിച്ചു തവാരണകൾ തയ്യാറാക്കി അതിൽ 60 സെ.മീ. അകലത്തിൽ വരിവരിയായി നടുക. ആറുമാസം കഴിയുമ്പോൾ ആവശ്യത്തിന് വലിപ്പം ചെടികൾക്ക് ഉണ്ടായിരിക്കും. ഈ സമയത്ത് ചെടിയുടെ ചുവടുഭാഗത്തു നിന്നുള്ള ഇലകൾ ശേഖരിയ്ക്കാവുന്നതാണ്.
മാത്രമല്ല ചെടിയുടെ ഇടയിൽ വളരുന്ന തൈകൾ ചെടിയുടെ ഇടയ്ക്ക് തിങ്ങി വളരാത്ത വിധത്തിൽ അവ ഇളക്കി മറ്റു സ്‌ഥലങ്ങളിലേയ്ക്ക് മാറ്റി നടുക. വലിയ പരിചരണങ്ങൾ ഒന്നും തന്നെയില്ലാതെ വൻ തോതിൽ കൃഷി ചെയ്യാവുന്ന ഒരു ഔഷധചെടിയാണ് കറ്റാർവാഴ. കാര്യമായ രോഗങ്ങളും ഇതിനെ ബാധിച്ചു കാണാറില്ല.