കുമരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കറ്റാർവാഴ ഔഷധഗുണങ്ങളുടെ കലവറയാണ്. വാതം, പിത്തം, കഫം എന്നിവയ്ക്കെതിരേ വളരെ ഫലപ്രദമാണ് കറ്റാർവാഴ. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കെതിരായി കറ്റാർവാഴ പോളയുടെ നീര് അഞ്ചു മില്ലി മുതൽ 10 മില്ലി വരെ ദിവസേന രാവിലെയും വൈകുന്നേരവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
പൊള്ളൽ, വ്രണം, ചൊറിച്ചിൽ, കുഴിനഖം എന്നിവയ്ക്കെതിരേയും 'പോളനീര് ഉപയോഗിച്ചു വരുന്നു. പോളനീരും പച്ച മഞ്ഞളും ചേർത്ത് അരച്ചു കെട്ടുന്നത് വ്രണം, കുഴിനഖം എന്നിവയ്ക്ക് നല്ലതായി കണ്ടു വരുന്നു.
സമൃദ്ധമായ മുടിവളർച്ചയ്ക്കും അത്യുത്തമമാണ് കറ്റാർ വാഴയുടെ പോളനീര്. ചർമ്മ രോഗത്തിനെതിരായും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
കാൻസർ മുഴകളുടെ വളർച്ചയെ തടയുക, കൊളസ്ട്രോൾ കുറയ്ക്കുക, ഹൃദയത്തിൻ്റെ ആരോഗ്യം ഉറപ്പുവരുത്തുക, വൃക്കയിലെ കല്ലുകളെ തടയുക എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗണ്യമായി കുറയ്ക്കുവാൻ കഴിയുന്നു എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്നു. തുടർച്ചയായി മൂന്നു മാസം കറ്റാർവാഴയുടെ നീര് സേവിച്ചാൽ പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. ആഹാരത്തിലെ അധിക അമ്ലത്വം കുറയ്ക്കാനും ദഹനക്രമക്കേടുകൾ ഇല്ലാതാക്കാനും ഇതിനു പ്രത്യേക കഴിവുണ്ട്.