വിത്തിന് വലിപ്പം വളരെ കുറവായതിനാൽ പാകി പറിച്ചു നട്ടുവേണം കൃഷി ചെയ്യാൻ.തൈകളുടെ ആവശ്യമനുസരിച്ച് വീഞ്ഞപ്പെട്ടികളിലോ, ചെടിച്ചട്ടികളിലോ തവാരണകൾ നിർമിച്ച് അവയിലോ വിത്തു പാകി കിളിർപ്പിക്കാം. മണ്ണ് നല്ല പോലെ പാകപ്പെടുത്തി അതിൽ വേണം വിത്ത് പാകാൻ. ഒരു മീറ്റർ വീതിയിലും 20-30 സെ.മീറ്റർ പൊക്കത്തിലും വേണം തവാരണകൾ നിർമിക്കാൻ. തവാരണകളുടെ നീളം സൗകര്യം പോലെ നൽകാവുന്നതാണ്. ഒരു ഹെക്‌ടർ പ്രദേശത്ത് നടാൻ ആവശ്യമായ തൈ ലഭിക്കുവാൻ 1.5 മുതൽ 2 കി.ഗ്രാം വരെ വിത്ത് ആവശ്യമായി വരും.
തൈകൾ നടുന്ന രീതിയും വള പ്രയോഗവും
3-4 ആഴ്ച്ച പ്രായമായ തൈകൾ വേണം പറിച്ചു നടാൻ. വരികൾ തമ്മിൽ 30 സെ.മീറ്റർ അകലവും ചെടികൾ തമ്മിൽ 20 സെ.മീറ്റർ അകലവും നൽകണം. 30-40 സെ.മീറ്റർ വീതിയിലും 10-15 സെ. മീറ്റർ താഴ്‌ചയിലും ചാലുകീറി തൈകൾ നടുകയാണ് വേനൽക്കാലത്ത് പതിവ്. വർഷകാലത്ത് 1-1.5 മീറ്റർ വീതിയിലും 20-30 സെ.മീറ്റർ പൊക്കത്തിലും വാരങ്ങൾ നിർമിച്ച് അതിൽ തൈകൾ നടുന്നതാണ് ഉത്തമം. ഹെക്‌ടറിന് 50 ടൺ ചാണകവും 50 : 50 : 50 കി.ഗ്രാം വീതം നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ അടിവളമായും നൽകണം. മേൽവളമായി 50 കി.ഗ്രാം നൈട്രജൻ തവണകളായി നൽകണം. ഓരോ വിളവെടുപ്പിന് ശേഷവും 1% യൂറിയാ ലായനി (10 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളം) തളിക്കുന്നത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു.
കളകൾ കൂടെക്കൂടെ നീക്കം ചെയ്യണം. രണ്ടു ദിവസത്തിലൊരിക്കൽ ജലസേചനം നൽകണം. നട്ട് 3-4 ആഴ്‌ച കഴിയുമ്പോൾ ആദ്യത്തെ വിളവെടുപ്പ് നടത്താം. ചുവട്ടിൽ നിന്ന് രണ്ട് മുട്ടുകൾ നീർത്തിയ ശേഷമാണ് ചീര മുറിച്ചെടുക്കേണ്ടത്. 5-8 പ്രാവശ്യം ഇലകൾ അരിയാവുന്നതാണ്.
ഇലചുരുട്ടിപ്പുഴുവിൻ്റെ ഉപദ്രവം ചീരയിൽ സാധാരണയായി കണ്ടു വരാറുണ്ട്. അവയെ നിയന്ത്രിക്കാൻ പുകയില കഷായമോ വേപ്പെണ്ണ ലായനിയോ തയാറാക്കി തളിക്കണം. മാലത്തിയോൺ ഒരു ലിറ്റർ വെള്ളത്തിൽ 2 മി. ലിറ്റർ എന്ന തോതിൽ കലക്കി തളിച്ചും ഇവയെ നിയന്ത്രിക്കാവുന്നതാണ്.