എപിയേസിയെ കുടുംബത്തിലെ ആംഗ്ലിക്ക ഗ്ലൗക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സുഗന്ധമുള്ളതും രോമാവൃതമല്ലാത്തതുമായ, വാർഷികമായോ രണ്ടുവർഷത്തിൽ ഒരിക്കലോ വളർന്നു വരുന്ന സസ്യമാണിത്. കാഷ്മീർ മുതൽ ഉത്തരാഖണ്ഡ് വരെയുള്ള പടിഞ്ഞാറൻ ഹിമാലയത്തിൽ 2700 മുതൽ 3700 വരെ മീറ്റർ ഉയരത്തിലാണ് ഇവ കണ്ടുവരുന്നത്. ഒന്നോ രണ്ടോ മീറ്റർ നീളമുള്ളവയാണ് ഇവ.
തണ്ട് പൊള്ളയായും വേരുകൾ കട്ടിയായ കിഴങ്ങ് പോലെയുളളതും ഇലകൾ അണ്ഡാകൃതിയിലോ അഗ്രഭാഗം കൂർത്തതോ ആയിരിക്കും. പൂക്കൾക്ക് വെള്ളയോ മഞ്ഞയോ പർപ്പിൾ നിറമോ ആണ്. വിത്തുകൾ വളരെ ചെറുതാണ്. തണുപ്പുള്ള കാലാവസ്ഥയാണ് ഇവയ്ക്ക് വേണ്ടത്. സമുദ്രനിരപ്പിൽ നിന്ന് 2000 മുതൽ 3000 വരെ മീറ്റർ ഉയരത്തിൽ ഇവ കൃഷിചെയ്യുവാൻ സാധിക്കും. ആഴത്തിലുള്ളതും വായുകടക്കുന്നതും നനവുള്ളതുമായ മണ്ണിൽ തണലുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്.
വിത്തുകൾ വഴിയോ വേരുകൾ മുറിച്ച് നട്ടോ ആണ് വളർത്തുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുത്തതിനുശേഷം ഉടൻതന്നെ വിത്തുകൾ നടും. 25 മുതൽ 40 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും. രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് വിളവെടുക്കുന്നത്. വിളവെടുത്തതിനു ശേഷം ഭൂകാണ്ഡത്തിന്റെ അഗ്രഭാഗം അടുത്ത വർഷത്തേക്കായി മുറിച്ച് നടും.
ബാക്കി ഭാഗം വെള്ളമുപയോഗിച്ച് കഴുകി, മണ്ണും വേരുകളും നീക്കം ചെയ്ത് ചെറിയ കഷണങ്ങളായി മുറിച്ച് തണലിൽ ഉണക്കിയെടുക്കുന്നു. നന്നായി ഉണങ്ങിയതിനു ശേഷം അവ തുണിസഞ്ചികളിൽ പായ്ക്ക് ചെയ്ത് സൂക്ഷിക്കുന്നു. വേരുകളിൽ 1-1.5 ശതമാനം വരെ ബാഷ്പീകൃത തൈലം, വലേറിക് ആസിഡ്, ആംഗ്ലിക് ആസിഡ്, ലാക്ടോൺസ്, ആംഗെലിസിൻ റെസിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ദീർഘകാലമായി ഈ സസ്യങ്ങൾ കാടുകളിൽ നിന്ന് ശേഖരിക്കുന്നത് പ്രാദേശിക ആദിവാസികളാണ്. ഇപ്പോൾ വളരെ ചെറിയ തോതിൽ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ വിവിധ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നു. മുറിവുകൾക്കും വയറുവേദനയ്ക്കും ഔഷധമായാണ് വേരുകൾ ഉപയോഗിക്കുന്നത്. വിശപ്പ് വർദ്ധിപ്പിക്കുന്നതിനും വായുക്ഷോഭം തടയുന്നതിനും ഉത്തേജകമായും വിയർപ്പിക്കുന്നതിനുമുള്ള ഗുണങ്ങളുണ്ട്. കൂടാതെ വിശപ്പില്ലായ്മ, പേശീസങ്കോചം, വായുക്ഷോഭം, വയറുവേദന, ശ്വാസനാളരോഗം എന്നിവയ്ക്കെതിരെയും ഉപയോഗിക്കുന്നു. മധുരപലഹാരങ്ങൾക്കും പാനീയങ്ങൾക്കും രുചി പകരുന്നതിന് ചേർക്കാറുണ്ട്. നിലവിൽ ഒട്ടേറെ സർക്കാരിതര സംഘടനകൾ, സ്വയം സഹായക സംഘങ്ങൾ എന്നിവ വിവിധ വ്യാപാരനാമങ്ങളിൽ ഗാൻഡയൻ വിപണനം ചെയ്യുന്നു.