ആടുവളർത്തൽ, കോഴിവളർത്തൽ, മുയൽവളർത്തൽ, ബന്ദിപ്പൂ, കാന്താരി, പയർ, ചീര, ക്യാബേജ് തുടങ്ങി വ്യത്യസ്തവും വൈവിധ്യവുമാർന്ന കൃഷി. ഏതെങ്കിലും ഫാം ഹൗസിലെ കാര്യമല്ല പറയുന്നത്. പത്താം ക്ലാസുകാരൻ മുട്ടാർ മിത്രക്കരി കിഴക്കേതൈപ്പറമ്പിൽ അർജുൻ അശോകിന്റെ വീട്ടുമുറ്റത്തെയും പറമ്പിലെയും കൃഷിയാണിതൊക്കെ. സംസ്ഥാനത്തെ ഏറ്റവും മികച്ച കാർഷികപ്രവർത്തനം നടത്തുന്ന വിദ്യാർഥിക്കുള്ള പുരസ്കാരം അർജ്ജുനാണ് ലഭിച്ചത്. 25,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അർജുനു ലഭിക്കും.
മിത്രക്കരി സെയ്ന്റ് സേവ്യേഴ്‌സ് സ്കൂളിൽ പഠിക്കുന്ന അർജുന് കൃഷി നേരമ്പോക്കല്ല. ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ചെറുപ്പംമുതലേ കൃഷിയോട് വലിയ താത്‌പര്യമാണ്. അച്ഛൻ അശോക്‌കുമാർ മേസ്തിരിപ്പണി ചെയ്യുന്നു. അമ്മ ശോഭ തൊഴിലുറപ്പ് തൊഴിലാളിയാണ്. വീട്ടുമുറ്റത്തെ കൃഷിയിൽ ചെറുപ്പത്തിലേ ഒപ്പംകൂട്ടിയ ഇരുവരുമാണ് മനസിൽ കൃഷിയുടെ വിത്തുപാകിയതെന്ന് അർജുൻ പറഞ്ഞു. വിളവെടുത്ത ഉത്പന്നങ്ങൾ സ്വന്തമായി വിൽപ്പന നടത്തുകയും ചെയ്യും.
വീടിനു മുന്നിൽ ഒരു മേശയിട്ടിരുന്ന് ഉത്പന്നങ്ങൾ വിൽക്കുകയാണ് പതിവ്. ചന്തയിൽ പോകുകയോ മറ്റു കച്ചവടക്കാരെ തേടുകയോ ചെയ്യേണ്ട ആവശ്യം വരാറില്ല. കൃഷി ചെയ്യുക മാത്രമല്ല, കൃഷിയിൽ നിരവധി പരീക്ഷണങ്ങളും അർജുന്റെ വകയായിട്ട് നടക്കുന്നുണ്ടെന്ന് മുട്ടാർ കൃഷി ഓഫീസർ ലക്ഷ്മി ആർ. കൃഷ്ണൻ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പിയിൽ ക്യാരറ്റു കൃഷി, വെള്ളപ്പൊക്കത്തെ ചെറുക്കാൻ തട്ടടിച്ചുള്ള ബന്ദിപ്പൂക്കൃഷി തുടങ്ങിയത് ചിലതു മാത്രം. 65 സെന്റിലാണ് കൃഷി.
വിവിധ കാർഷികവൃത്തികൾക്കു കിട്ടുന്ന സബ്‌സിഡി, ലോൺ, തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും അർജുന് നല്ല ധാരണയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. കൃഷിവകുപ്പിന്റെ ആഴ്ചച്ചന്തയിലേക്കും ഉത്പന്നങ്ങൾ അർജുൻ നൽകാറുണ്ട്. കാർഷിക ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന പണം നിക്ഷേപിക്കാനായി ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കൃഷിയെപ്പറ്റി അറിവുകൾ പങ്കുവെക്കാൻ അർജുൻ വ്ളോഗർ എന്നപേരിൽ ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.