ട്രാക്ടർ, ടില്ലർ, നടീൽ യന്ത്രം, കൊയ്ത്ത് യന്ത്രം, ബ്രഷ് കട്ടർ, ഗാർഡൻ ടില്ലർ തുടങ്ങിയ കാർഷിക യന്ത്രങ്ങളിൽ മികവുറ്റ പ്രാവീണ്യം കൂടാതെ ടൂ, ത്രീ, ഫോർ വീലർ ലൈസൻസുകൾ. കാർഷിക മേഖലയിലെ ഏതു പണിയും അനായാസം ചെയ്യുന്ന വനിതാ പാമ്പാക്കുട ഉറുമ്പേത്ത്പടി ചൊക്ലികുന്നേൽ ആഷ ഷാജന്റെ കഴിവുകൾ ഇവിടെ തീരുന്നില്ല.
കഴിഞ്ഞ പത്ത് വർഷമായി പാമ്പാക്കുട ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിലെ മികച്ച തൊഴിലാളിയായ ആഷയ്ക്ക് സംസ്ഥാനത്തെ മികച്ച കർഷകത്തൊഴിലാളി വനിതയ്ക്കുള്ള ശ്രമശക്തി പുരസ്‌കാരവും ലഭിച്ചു . മണ്ണുത്തി അഗ്രോ റിസർച്ച് സ്റ്റേഷനിൽനിന്ന് വിദഗ്ധ പരിശീലനം നേടിയാണ് ആഷ കളത്തിലിറങ്ങിയത്.
കൃഷിക്ക് നിലമൊരുക്കാനും വരമ്പ് കിളയ്ക്കാനും വരമ്പ് വയ്ക്കാനുമൊക്കെ പണ്ടേ അവർക്കറിയാം. പാരമ്പര്യമായിത്തന്നെ കാർഷിക മേഖലയിലായിരുന്നു പണി. യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറുന്ന സ്ത്രീകളിലൊരാളാണ് ആഷ.
ഭർത്താവ് ഷാജൻ പാമ്പാക്കുട മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയാണ്. മൂത്ത മകൾ ആഷ്‌ലി ഷാജൻ ദുബായിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ അഞ്ജലി ഫാർമസി കഴിഞ്ഞ് പിറവത്തെ മെഡിക്കൽ ഷോപ്പിൽ ജോലിചെയ്യുന്നു. മൂന്നാമത്തെയാൾ അലീന പൂത്തൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിന് പഠിക്കുന്നു.