“ലിലിയേസി സസ്യകുലത്തിൽപ്പെട്ട അലങ്കാര ഇലച്ചെടിയാണ് അസ്പരാഗസ്, ചട്ടികളിൽ പ്രത്യേകിച്ച് തൂക്കുചട്ടികളിൽ - വളർത്താനും നിലത്ത് പടർത്താനും ഗൃഹാന്തർ സസ്യമായി വയ്ക്കാനും പാർക്കുകളിലും ട്രാഫിക്ക് ഐലന്റുകളിലും ഒതുക്കി വളർത്താനുമൊക്കെ അസ്പരാഗസ് അനുയോജ്യമാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് അസ്പരാഗസ് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് പടർന്നത്.
സാധാരണയായി രണ്ടു സ്പീഷിസിൽപ്പെട്ട അസ്പരാഗസ് ആണ് വളർത്തുന്നത്; “അസ്പരാഗസ് സങ്കേരി' അഥവാ അസ്പരാഗസ് ഡെൻസിഫ്ളോറസ്. ഇതിന് അസ്പരാഗസ് ഫേൺ, എമറാൾഡ് ഫോൺ, ബാസ്കറ്റ് അസ്പരാഗസ് എന്നൊക്കെ ഓമനപ്പേരുകളുണ്ട്. മറ്റൊന്നാണ് "അസ്പരാഗസ് മോസസ് അഥവാ അസ്പരാഗസ് സെറ്റേഷ്യസ് (എ മറാൾഡ് ഫെതർ).
അസ്പരാഗസ് ഡെൻസിഫ്ളോറസ് പൂർണ സൂര്യപ്രകാശത്തിലും ഭാഗികമായ തണലിലും വളരും. ഇതിന്റെ ഇലകൾ സൂചി പോലെ നീണ്ടതും മുള്ളുള്ള നീണ്ട തണ്ടുകളിൽ വളരുന്നതുമാണ്. തൂക്കു ചട്ടികളിൽ വളർത്താൻ ഇത് വളരെ യോജിച്ചതാണ്. അത് ശ്രദ്ധിക്കപ്പെടുകയില്ലെങ്കിലും ഇതിന്റെ ചെറിയ വെളുത്ത പൂക്കൾ സുഗന്ധവാഹിയാണ്.
അസ്പരാഗസ് ചെടികൾക്ക് പൊതുവെ വളക്കൂറുള്ള മണ്ണും ഏറെ നനവും പ്രിയമാണ്. വളം തന്നെ - രാസവളമായാലും ജൈവ വളമായാലും ലായനി രൂപത്തിലാക്കി നേർപ്പിച്ച് ചെടിത്തടത്തിൽ ഒഴിച്ചു കൊടുക്കുകയാണ് നന്ന്. ഭാഗികമായ തണലിലും ഇവ നന്നായി വളരും. ഉണങ്ങി നിറം മങ്ങുന്ന ശിഖരങ്ങൾ യഥാസമയം നീക്കം ചെയ്യാൻ മറക്കരുത്.