കണിയൊരുക്കാനുപയോഗിക്കുന്ന കണിക്കൊന്ന, ഒരു കൈകണ്ട ഔഷധം കൂടിയാണ്. ത്വക്ക് രോഗശമനത്തിന് വിശേഷ ശക്തിയുള്ള ഈ ഔഷധി വിരേചനത്തിനും ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങളെയും ശമിപ്പിക്കുന്ന ഒരു ഔഷധി കൂടിയാണിത്. കാണാൻ അഴക് മാത്രമല്ല ആരോഗ്യദായകമായ രാസഘടകങ്ങളുടെ ഒരു അമൂല്യശേഖരം തന്നെ സസ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൾക്കൊള്ളുന്നു. തണൽ വൃക്ഷമായും അലങ്കാരത്തിന് വേണ്ടിയും ഇത് വച്ച് പിടിപ്പിക്കുന്നു.
വീട്ടുവളപ്പിൽ അലങ്കാരസസ്യമായി വളർത്തി വരുന്ന ഒരു വൃക്ഷമാണിത്. പ്രായപൂർത്തിയായ മരങ്ങൾക്ക് പരിചരണമായി ഒന്നും തന്നെ ചെയ്യാറില്ല. പൂവണിയുമ്പോൾ മാത്രമാണ് ഈ വൃക്ഷത്തെ ശ്രദ്ധിക്കുന്നത്. വിശദമായ കൃഷിരീതികൾ ഒന്നും ഈ വൃക്ഷത്തിന് ആവശ്യമില്ല. എങ്കിലും ചില കാര്യങ്ങൾ മാത്രം പരാമർശിക്കാം.
വംശവർധനവ്
വിത്തിലൂടെയാണ് പ്രധാനമായും വംശവർധനവ് നടക്കുന്നത്. കണിക്കൊന്നയുടെ പ്രധാന പൂക്കാലം മേയ് മാസമാണ്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഫലങ്ങൾ മൂത്തു പൊളിഞ്ഞ് സ്വയം വിതരണം നടത്തുന്ന പാകത്തിലെത്തും. കായ്കൾ ഉണങ്ങുന്ന മുറയ്ക്ക് പറിച്ച് മരത്തണലിൽ ഉണക്കി വിത്ത് ശേഖരിക്കാം.
വീട്ടുവളപ്പിൽ നടുന്നതിനു വേണ്ടി കണിക്കൊന്നയുടെ താരച്ചുവട്ടിൽ ആഗസ്റ്റ് സെപ്റ്റംബർ മാസം ധാരാളം വിത്തു വീണ് മുളയ്ക്കാറുണ്ട്. വേരിന് കേടു വരുത്താതെ അഞ്ചില പ്രായത്തിൽ തൈകളുടെ വേരു മേഖലയിലെ മണ്ണും വേരുകളും ഇളക്കി മറിക്കാതെ കോരിയെടുത്ത് വേണ്ട സ്ഥലത്തേക്ക് മാറ്റി നടാം. ഇത് ഒരു നല്ല മാർഗമാണ്.
താടിയിൽ നിന്ന് ഉണങ്ങിയ വിത്ത് ശേഖരിച്ച് പോളിത്തീൻ കവറിൽ മൺമിശ്രിതം നിറച്ച് വിത്തു പാകി മുളപ്പിച്ച് മൂന്നില പ്രായം മുതൽ നാലില പ്രായം വരെ പ്രധാന കുഴിയിലേക്ക് ഇളക്കി നടാം.
നടീൽ
കണിക്കൊന്നതൈ നടാൻ 75 സെ.മീ. നീളം, വീതി, താഴ്ച എന്നിവയുള്ള കുഴിയെടുത്ത് അതിൽ 60 സെ.മീ. ഭാഗം മേൽമണ്ണും ഉണങ്ങിയ കാലിവളവും സമം കൂട്ടി കുഴി നിറച്ച്, നടുവിൽ പോളിത്തീൻ കവറിൽ മുളപ്പിച്ച തൈ ഒരു ചെറു കുഴിയെടുത്ത് നടുക. നനയും താങ്ങും തണൽ കൊടുക്കലും ഒക്കെ സാഹചര്യങ്ങളനുസരിച്ച് അനുവർത്തിക്കുക. മഴയെ ആശ്രയിച്ച് വളരുന്ന ഒരു സസ്യമായതിനാൽ മറ്റു പരിചരണങ്ങളൊന്നും വീട്ടുവളപ്പിലെ സാഹചര്യത്തിൽ ആവശ്യമില്ല.